ന്യൂഡല്‍ഹി: യു.എസുമായുള്ള വ്യാപാരബന്ധം കൂടുതല്‍ സൗഹാര്‍ദപരവും ദൃഢവുമാക്കാന്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതിത്തീരുവയില്‍ ഇളവുനല്‍കുന്നത് പരിഗണിച്ച് ഇന്ത്യ. യു.എസില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഹാര്‍ലി-ഡേവിസണ്‍ ബൈക്കുകള്‍, ബര്‍ബന്‍ വിസ്‌കി, കാലിഫോര്‍ണിയന്‍ വൈന്‍ എന്നിവയ്ക്കുള്ള ഇറക്കുമതിത്തീരുവയില്‍ കൂടുതല്‍ ഇളവ് അനുവദിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്. യു.എസുമായി നടത്തിവരുന്ന വ്യാപാരചര്‍ച്ചകളുടെ ഭാഗമായാണ് നടപടി. ഉഭയകക്ഷിബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനായി ചില ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ ഇറക്കുമതിത്തീരുവ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളിലാണ് ഇരുരാജ്യങ്ങളുമെന്നാണ് റിപ്പോര്‍ട്ട്. 

To advertise here,

ഹാര്‍ലി-ഡേവിസണ്‍ ബൈക്കുകളുടെ ഇറക്കുമതിത്തീരുവ അന്‍പത് ശതമാനത്തില്‍നിന്ന് നാല്‍പത് ശതമാനമായി കേന്ദ്രസര്‍ക്കാര്‍ നേരത്തേ കുറച്ചിരുന്നു. വിപണിയില്‍ ആവശ്യക്കാര്‍ക്ക് കൂടുതല്‍ പ്രാപ്യമാക്കുന്നതിനായി ഹാര്‍ലി ഡേവിസണ്‍ ബൈക്കുകളുടെ ഇറക്കുമതിത്തീരുവയില്‍ കൂടുതല്‍ ഇളവ് നല്‍കുന്നതുമായുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. ബര്‍ബന്‍ വിസ്‌കിയുടെ വിഷയത്തിലും സമാനമായ വിധത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവനുവദിച്ചിരുന്നു. 150 ശതമാനത്തില്‍ നിന്ന് 100 ശതമാനമായാണ് ബര്‍ബന്‍ വിസ്‌കിയുടെ ഇറക്കുമതിത്തീരുവയില്‍ ഇന്ത്യ നേരത്തെ ഇളവ് നല്‍കിയത്. ഇളവ് ഇനിയും വര്‍ധിപ്പിക്കുന്ന കാര്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്. കാലിഫോര്‍ണിയന്‍ വൈനിന്റെ കാര്യവും പരിഗണനയിലുണ്ടെന്നാണ് സൂചന. 

ഇരുചക്രവാഹനങ്ങള്‍ക്കും മദ്യത്തിനും മാത്രമല്ല യു.എസില്‍ നിന്നുള്ള ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍ക്കും രാസവസ്തുക്കള്‍ക്കും ഇറക്കുമതിത്തീരുവയില്‍ ഇളവനുവദിക്കുന്ന കാര്യവും ഉഭയകക്ഷിചര്‍ച്ചയില്‍ ഉള്‍പ്പെടുന്നുണ്ട്. ഇന്ത്യയുടെ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ യു.എസിന്റെ താല്‍പര്യം വ്യക്തമാണ്. അതേസമയം യു.എസ്. വിപണിയില്‍ കൂടുതല്‍ നേട്ടങ്ങളുണ്ടാക്കാനുള്ള ലക്ഷ്യത്തിലാണ് ഇന്ത്യ. അതിനാല്‍ത്തന്നെ ഇരുരാജ്യങ്ങളും കൂടുതല്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായേക്കുമെന്നാണ് വിലയിരുത്തല്‍.

യു.എസില്‍ നിന്നുള്ള ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങളുടെ ഇറക്കുമതിയില്‍ പ്രകടമായ മാറ്റമാണ് അടുത്തകാലത്ത് ഉണ്ടായിട്ടുള്ളത്. 2020-21 ല്‍ 2,26,728.33 ലക്ഷം രൂപയുടെ ഇറക്കുമതിയായിരുന്നു ഉണ്ടായത്. 2021-22 ല്‍ ഇത് 78.8% വര്‍ധിച്ച് 4,05,317.35 ലക്ഷം രൂപയുടെ ഇറക്കുമതി ഉണ്ടായി. 2022-23 ല്‍ 27.5% കുറഞ്ഞ് 2,93,642.57 ലക്ഷം രൂപയുടെ ഇറക്കുമതിയാണ് നടന്നത്. 2023 ല്‍ ഈ പ്രവണത വീണ്ടും മാറി,  10.8% വര്‍ധിച്ച് 3,25,500.17 ലക്ഷം രൂപയുടെ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്തു. 

പരിഗണനയിലുള്ള തരത്തിലുള്ള തീരുവയിളവ് നടപ്പിലാക്കുന്നപക്ഷം ഇന്ത്യന്‍വിപണിയില്‍ ഹാര്‍ലി-ഡോവിസണ്‍ ബൈക്കുകളുടെ വില്‍പന വര്‍ധിക്കും. ബര്‍ബന്‍ വിസ്‌കിയുടേയും കാലിഫോര്‍ണിയന്‍ വൈനിന്റേയും ഇറക്കുമതിത്തീരുവ കുറയ്ക്കുന്നത് ആഭ്യന്തരമദ്യവിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിച്ചേക്കും. അതേസമയം ആഗോള ജനറിക് മെഡിസിന്‍ വിപണിയില്‍ മേല്‍ക്കൈയുള്ള ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയെ യു.എസ്. ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍ക്കനുവദിക്കുന്ന തീരുവയിളവ് പ്രതികൂലമായി ബാധിച്ചേക്കാമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.