ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എൽ.പി.ജി. ലഭ്യതയുടെ സ്ഥിതി ആശങ്കാജനകമായി തുടരുകയാണെങ്കിലും രാജ്യത്ത് വിതരണം സാധാരണ നിലയിലാണെന്ന് കേന്ദ്രസർക്കാർ.

To advertise here,

പരിഭ്രാന്തികൊണ്ട് പ്രതിദിന ബുക്കിങ് 89 ലക്ഷം വരെയായിരുന്നത് 55 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളിൽ 13,700 പുതിയ പി.എൻ.ജി. (പൈപ്പ് ഗ്യാസ്) കണക്‌ഷനുകൾ നൽകി. എൽ.പി.ജി.യിൽ 7,300 പേർ പി.എൻ.ജി.യിലേക്ക് മാറിയിട്ടുണ്ടെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു.

എൽ.പി.ജി.യുടെ ലഭ്യതക്കുറവ് ഗാർഹിക ഉപയോക്താക്കളെ ബാധിക്കാതിരിക്കാനാണ് നടപടികൾ സ്വീകരിക്കുന്നതെന്ന് മന്ത്രാലയം പറഞ്ഞു. വാണിജ്യ എൽ.പി.ജി.യുടെ വിതരണം സംസ്ഥാനങ്ങൾ നിശ്ചയിച്ച മുൻഗണന പ്രകാരമാണ് നടത്തുന്നത്.

സിലിൻഡറുകളുടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലായി 4,500 റെയ്ഡുകൾ നടത്തി.

പെട്രോൾവില വർധന സാധാരണക്കാരെ ബാധിക്കില്ല -കേന്ദ്രം

പ്രീമിയം പെട്രോളിന്റെ വിലയിൽ നേരിയ വർധന (രണ്ട് രൂപ) വരുത്തിയത് സാധാരണക്കാരെ ബാധിക്കില്ലെന്ന് കേന്ദ്രം. ആകെ വിൽക്കുന്ന പെട്രോളിൽ മൂന്നോ നാലോ ശതമാനം മാത്രമേ പ്രീമിയം പെട്രോൾ വരുന്നുള്ളൂ. പെട്രോളിന്റെയും ഡീസലിന്റെയും വില നിശ്ചയിക്കുന്നത് എണ്ണക്കമ്പനികളാണെന്നും സർക്കാരല്ലെന്നും പെട്രോളിയം വകുപ്പ് ജോയിന്റ് സെക്രട്ടറി സുജാതാ ശർമ പറഞ്ഞു.

ബഹ്‌റൈൻ രാജാവുമായി മോദി സംസാരിച്ചു

ബഹ്‌റൈൻ രാജാവ് ഹമാദ് ബിൻ ഇസാ അൽ ഖലീഫയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോൺ സംഭാഷണം നടത്തി. ഈദ് ആശംസകൾ നേർന്നതിനു പുറമേ പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചും മോദി അദ്ദേഹവുമായി സംസാരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഫ്രാൻസ്, മലേഷ്യ, ഒമാൻ, ജോർദാൻ, കുവൈത്ത്, ഇറാൻ രാഷ്ട്രത്തലവന്മാരുമായും മോദി പശ്ചിമേഷ്യൻ വിഷയവും ഊർജസുരക്ഷാ പ്രശ്നവും സംസാരിച്ചിരുന്നു.