ന്യൂഡൽഹി: ഇറാൻ-യുഎസ്-ഇസ്രയേൽ യുദ്ധത്തിനിടെ 40,000 മെട്രിക് ടണ്ണിലധികം എൽപിജി വഹിച്ചുള്ള ഇന്ത്യയിലേക്കുള്ള കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു. യാതൊരു പ്രശ്‌നങ്ങളുമില്ലാതെ കപ്പൽ സുഗമമായി ഹോർമുസ് കടലിടുക്ക് കടന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. എൽപിജി വഹിച്ചുള്ള മറ്റൊരു കപ്പലും ഉടൻ ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്ക് എത്തുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.

To advertise here,

'ശിവാലിക്' എന്ന പേരുള്ള ഇന്ത്യൻ കപ്പലാണ് എൽപിജിയും വഹിച്ച് ഹോർമുസ് കടന്ന് വരുന്നത്. ഇന്ത്യൻ നാവികസേനയും കപ്പലിന് അകമ്പടി സേവിച്ചതായാണ് റിപ്പോർട്ട്.

ഇന്ത്യ-ഇറാൻ നയതന്ത്ര ചർച്ചകൾക്ക് പിന്നാലെയാണ് ഇന്ത്യയിലേക്കുള്ള കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് കടക്കാനാകുന്നത്. ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്കുള്ള കപ്പലുകൾക്ക് ഇറാൻ സുരക്ഷിതമായ പാതയൊരുക്കുമെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫത്താലിയും നേരത്തേ വ്യക്തമാക്കിയിരുന്നു.

''ഇന്ത്യയും ഇറാനും സുഹൃത്തുക്കളാണ്. ഞങ്ങൾക്ക് പൊതുവായ താത്പര്യങ്ങളുണ്ട്. ഇന്ത്യയിലെ ജനങ്ങളുടെ കഷ്ടപ്പാട് ഞങ്ങളുടെയും കഷ്ടപ്പാടാണ്. അതുപോലെ തിരിച്ചും. അതിനാൽ ഇന്ത്യൻ സർക്കാർ ഞങ്ങളെ സഹായിക്കുന്നു. ഞങ്ങൾക്ക് പൊതുവായ താത്പര്യങ്ങളുള്ളതിനാൽ ഞങ്ങൾ ഇന്ത്യൻ സർക്കാരിനെയും സഹായിക്കണം'', ഇറാൻ അംബാസഡർ വ്യക്തമാക്കി.