ന്യൂഡൽഹി: രാജ്യത്ത് പാചകവാതക ശേഖരം ആവശ്യത്തിലധികം വർധിച്ചതായി റിപ്പോർട്ടുകൾ. ഗൾഫ് മേഖലയിലെ സംഘർഷത്തെത്തുടർന്ന് വിതരണം തടസ്സപ്പെടുമെന്ന ഘട്ടത്തിൽ സർക്കാർ എണ്ണക്കമ്പനികൾ വൻതോതിൽ എൽപിജി ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ വിപണിയിലെ ആവശ്യകതയേക്കാൾ കൂടുതൽ ഇന്ധനം ശേഖരത്തിലുള്ളത് എണ്ണക്കമ്പനികൾക്ക് വെല്ലുവിളിയായിരിക്കുകയാണ്.
മുൻപ് പ്രതിസന്ധി ഘട്ടത്തിൽ പ്രതിദിനം 40,000 ടൺവരെ എൽപിജി ഇറക്കുമതിചെയ്തിരുന്നു. നിലവിൽ ആവശ്യം 30,000 മുതൽ 32,000 ടണ്ണാണ്. അതുകൊണ്ടുതന്നെ ആവശ്യത്തിലധികം എൽപിജി ശേഖരിച്ചുവെക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽഗതാഗതം തടസ്സപ്പെട്ടതിനെത്തുടർന്ന് ആഭ്യന്തര ഉൽപ്പാദനവും ഇന്ത്യ ഗണ്യമായി വർധിപ്പിച്ചിരുന്നു. ഒരുഘട്ടത്തിൽ പ്രതിദിനം 54,000 ടൺ വരെയായി ഉൽപ്പാദനം ഉയർത്തിയെങ്കിലും നിലവിൽ ഇത് 40,000 ടണ്ണായി കുറച്ചിട്ടുണ്ട്. ഇതിനിടെ, യുഎസ്-ഇറാൻ സമാധാന കരാറിനെത്തുടർന്ന് വിതരണം പുനഃസ്ഥാപിക്കപ്പെട്ടതോടെ വൈകിയെത്തിയ ചരക്കുകൾ കൂടി ഇന്ത്യൻ തുറമുഖങ്ങളിൽ എത്തിയതാണ് ഇപ്പോൾ കമ്പനികൾക്ക് വെല്ലുവിളിയായിരിക്കുന്നത്.
പാചകവാതകത്തിന്റെ ഡിമാൻഡ് കുറഞ്ഞതും എണ്ണക്കമ്പനികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വിതരണ തടസ്സമുണ്ടായ കാലയളവിൽ ഹോട്ടലുകളും വൻകിട വ്യവസായ യൂണിറ്റുകളും പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ്, ബയോമാസ് തുടങ്ങിയ ഇതര ഇന്ധനങ്ങളിലേക്ക് മാറിയിരുന്നു. മാർച്ച് മാസത്തിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ പ്രതിദിനം ശരാശരി 91,000 ടൺ എൽപിജി ഉപയോഗിച്ചിരുന്ന സ്ഥാനത്ത്, ജൂൺ മാസത്തിലെ ഉപയോഗം വെറും 73,000 ടണ്ണായി താഴ്ന്നു. ആവശ്യകതയും വിതരണവും തമ്മിലുള്ള ഈ വ്യത്യാസം എണ്ണക്കമ്പനികളുടെ സംഭരണശേഷിയെയും ലാഭക്ഷമതയെയും ബാധിച്ചിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Content Highlights: Excess LPG stock due to precautionary imports during Gulf supply fears., Daily LPG demand dropped from 91,000 tons to 73,000 tons., Industrial shift to PNG and biomass impacting LPG consumption., Storage capacity constraints leading to operational penalties for oil companies.
Published: 10 Jul 2026, 03:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented