ന്യൂഡൽഹി: നിലവിലുള്ള 29 തൊഴിൽ നിയമങ്ങൾ ഏകീകരിച്ചുകൊണ്ട് നിർമിച്ച നാല് തൊഴിൽനിയമങ്ങൾ ഉടനടി പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്രസർക്കാർ. നാല് തൊഴിൽചട്ടങ്ങളും വിജ്ഞാപനം ചെയ്തതായും ഇനിമുതൽ രാജ്യത്തെ നിയമമാണെന്നും കേന്ദ്ര തൊഴിൽമന്ത്രി മൻസുഖ് മാണ്ഡവ്യ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

To advertise here,

തൊഴിൽചട്ടങ്ങൾ ആധുനികവൽക്കരിക്കുന്നതിലൂടെയും തൊഴിലാളികളുടെ ക്ഷേമം വർധിപ്പിക്കുന്നതിലൂടെയും തൊഴിലിടത്തിലെ സാഹചര്യങ്ങളെ മാറിക്കൊണ്ടിരിക്കുന്ന ലോക സാഹചര്യങ്ങളുമായി സംയോജിപ്പിക്കാനാകുമെന്ന് മന്ത്രി പറയുന്നു.  ആത്മനിർഭർ ഭാരതത്തിനായുള്ള തൊഴിൽ പരിഷ്കാരങ്ങൾക്ക് ഊർജ്ജം നൽകി ഭാവിക്കുവേണ്ടി സജ്ജമായ ഒരു തൊഴിൽശക്തിക്കും കൂടുതൽ ശക്തവും മികവാര്‍ന്നതുമായ  വ്യവസായങ്ങൾക്കും ഈ സുപ്രധാന നീക്കം അടിത്തറ പാകുന്നുവെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യയിലെ പല തൊഴിൽനിയമങ്ങളും രൂപപ്പെടുത്തിയത് സ്വാതന്ത്ര്യത്തിനു മുൻപും സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിന്റെ തുടക്കത്തിലുമായിരുന്നു. അക്കാലത്ത് സമ്പദ്‌വ്യവസ്ഥയും തൊഴിൽ സാഹചര്യങ്ങളും അടിസ്ഥാനപരമായി തികച്ചും വ്യത്യസ്തമായിരുന്നു. സമീപ ദശകങ്ങളിൽ പ്രമുഖ സമ്പദ്‌വ്യവസ്ഥകളിൽ ഭൂരിഭാഗവും തങ്ങളുടെ തൊഴിൽചട്ടങ്ങൾ പരിഷ്കരിക്കുകയും ഏകീകരിക്കുകയും ചെയ്തപ്പോൾ 29 കേന്ദ്ര തൊഴിൽ നിയമങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വിഘടിച്ചതും സങ്കീർണ്ണവും പലയിടത്തും കാലഹരണപ്പെട്ടതുമായ വ്യവസ്ഥകൾക്ക് കീഴിലാണ് ഇന്ത്യ തുടർന്നും പ്രവർത്തിച്ചതെന്നും പ്രസ്താവനയിൽ സൂചിപ്പിക്കുന്നു.