ന്യൂഡൽഹി: ആണവായുധ ശേഖരത്തിൽ പാകിസ്താനെ മറികടന്ന് ഇന്ത്യ. സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാർഷിക റിപ്പോർട്ട് അനുസരിച്ച്, പാകിസ്താന്റെ ശേഖരത്തിലുള്ള 170 ആണവ പോർമുനകളെ അപേക്ഷിച്ച് ഇന്ത്യക്ക് നിലവിൽ 180 ആണവ പോർമുനകളുണ്ട്. 2025-ൽ എട്ട് പോർമുനകൾ കൂടി ചേർത്താണ് ഇന്ത്യ ആണവശേഖരം വിപുലമാക്കിയത്. പ്രവർത്തനക്ഷമമായ ഈ ആയുധങ്ങൾ വിന്യസിക്കാൻ തയ്യാറായവയാണ്. പാകിസ്താന് ഈ വർഷം ഒരു ആണവപോർമുന പോലും കൂട്ടിച്ചേർക്കാനായില്ല.
1966-ൽ സ്ഥാപിതമായ സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്(SIPRI) സംഘർഷം, ആയുധ നിയന്ത്രണം, ആയുധങ്ങൾ, നിരായുധീകരണം എന്നിവയെക്കുറിച്ച് ഗവേഷണം നടത്തുന്ന സ്വതന്ത്ര സ്ഥാപനമാണ്. ഇന്ത്യ പുതിയ വിക്ഷേപണ സംവിധാനങ്ങളുടെ വികസനം തുടരുന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഒന്നിലധികം പോർമുനകൾ വഹിക്കാൻ ശേഷിയുള്ള കാനിസ്റ്ററുകളിൽ നിന്ന് വിക്ഷേപിക്കാവുന്ന തരത്തിലുള്ള മിസൈലുകൾ ഇതിൽ ഉൾപ്പെടുന്നു.
ഇന്ത്യയുടെ കര, വ്യോമ, നാവികശേഷിയെ വൈവിധ്യവൽക്കരിക്കുന്നതിൽ ദ്രുതഗതിയിലാണ് മുന്നോട്ടുപോവുന്നത്. കൂടുതൽ പണം നിക്ഷേപിക്കുന്നു, പാകിസ്താനുമായി താരതമ്യപ്പെടുത്തുമ്പോൾ രാജ്യത്തിന് കൂടുതൽ വിശ്വസനീയവും അതിജീവിക്കാൻ സാധ്യതയുള്ളതുമായ പ്രത്യാക്രമണ ശേഷിയുണ്ട്. ഓപ്പറേഷൻ സിന്ദൂറിന് തുടർച്ചയായാണ് ഈ വെളിപ്പെടുത്തലുകൾ വരുന്നത്.
ഈ ഓപ്പറേഷന് മുൻപ് പോലും, ഇന്ത്യ പാകിസ്താനിലെയും പാക് അധിനിവേശ കാശ്മീരിലെയും ഒമ്പതോളം ഭീകര ക്യാമ്പുകളിൽ ആക്രമണം നടത്തിയപ്പോൾ, പാകിസ്താൻ ആണവ ഭീഷണി മുഴക്കുന്നുണ്ടായിരുന്നു. എന്നാൽ ഓപ്പറേഷൻ സിന്ദൂറിന് ശേഷമുണ്ടായ നാല് ദിവസത്തെ സംഘർഷത്തിൽ ഇന്ത്യ ഈ ഭീഷണികൾ തകർത്തു. ഇത് പിന്നീട് പാകിസ്താനും സമ്മതിച്ചു. SIPRI വാർഷിക റിപ്പോർട്ട് ഊന്നിപ്പറയുന്നത്, ഇന്ത്യയും പാകിസ്താനും ഔപചാരിക ആണവായുധ നിയന്ത്രണ ചട്ടക്കൂടിന് പുറത്താണെങ്കിലും, ഇന്ത്യയുടെ ആധുനികവൽക്കരണം കൂടുതൽ സ്ഥിരതയുള്ളതായി കാണപ്പെടുന്നു എന്നാണ്. 'ആദ്യം ഉപയോഗിക്കില്ല' എന്ന പ്രതിരോധ നയത്തിന് അനുസരിച്ചുള്ളതാണ് ഇന്ത്യയുടെ ആണവായുധ വികസനം.
റിപ്പോർട്ട് അനുസരിച്ച്, ഒമ്പത് ആണവശക്തികളിലായി 12,241 ആണവ പോർമുനകളുണ്ട്. ഇവയിൽ 3,912 എണ്ണം വിന്യസിച്ച നിലയിലാണ്. ശേഷിച്ച 9,614 എണ്ണം അതതു രാജ്യങ്ങളുടെ ശേഖരത്തിലും. ലോകമെമ്പാടുമുള്ള ആണവ പോർമുനകളിൽ 90 ശതമാനത്തിന്റെയും ഉടമകൾ അമേരിക്കയും റഷ്യയുമാണ്. ചൈനയ്ക്ക് 600 ആണവ പോർമുനകളുണ്ട്, അതിൽ 24 എണ്ണം വിന്യസിച്ച നിലയിലാണ്.
ചൈനയും ഇന്ത്യയും അതിവേഗം ആണവശക്തികളായി ഉയർന്നുവരുന്നു എന്നതാണ് ശ്രദ്ധേയം. എന്നാൽ, ഇന്ത്യ സുസ്ഥിരവും ശ്രദ്ധാപൂർവ്വവുമായ പാതയാണ് പിന്തുടരുന്നതെന്ന് SIPRI റിപ്പോർട്ട് പറയുന്നു.
Content Highlights: India has more nuclear warheads than Pakistan: SIPRI report
Published: 17 Jun 2025, 05:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented