ന്യൂഡല്‍ഹി:  സിന്ധുനദീജലക്കരാര്‍ മരവിപ്പിച്ചതിന് പിന്നാലെ പാകിസ്താനിലേക്കുള്ള ജലമൊഴുക്ക് ഇന്ത്യ തടഞ്ഞുതുടങ്ങി. ഇതിന്റെ ഭാഗമായി ജമ്മുകശ്മീരിലെ രാംബനിലുള്ള ബഗലിഹാര്‍ അണക്കെട്ട് അടച്ചു. സിന്ധുവിന്റെ പോഷക നദിയായ ചെനാബിന് കുറുകെ ഇന്ത്യ നിര്‍മിച്ച അണക്കെട്ടാണ് ബഗലിഹാര്‍. ജലവൈദ്യുത പദ്ധതിയായ ബഗലിഹാറില്‍ നിന്ന് പാകിസ്താനിലേക്ക് ജലമൊഴുകുന്നത് ഇന്ത്യ തടഞ്ഞിരിക്കുകയാണ്. ഇതിന് സമാനമായ നടപടി ഝലം നദിയുടെ പ്രധാന കൈവഴിയായ നീലം നദിയില്‍ നിര്‍മിച്ചിട്ടുള്ള കിഷന്‍ഗംഗ ഡാമിലും സ്വീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

To advertise here,

സിന്ധു നദീജലക്കരാര്‍ പ്രകാരം പാകിസ്താന് പൂര്‍ണമായും ഉപയോഗിക്കാവുന്ന നദികളാണ് ചെനാബ്, ഝലം എന്നിവ. എന്നാല്‍ ഇവ ഒഴുകുന്നത് ജമ്മുകശ്മീരില്‍ നിന്ന് പാകിസ്താനിലേക്കാണ്. ഇന്ത്യയ്ക്ക് ഇവയിലെ ജലം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ മാത്രമേ അവകാശമുള്ളു. 1960 ലോഗബാങ്കിന്റെ മധ്യസ്ഥതയില്‍ ഒപ്പുവെച്ചതാണ് സിന്ധു നദീജല കരാര്‍. ഈ കരാറാണ് പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലൈ ഇന്ത്യ മരവിപ്പിച്ചത്. 

ചെനാബ്, ഝലം നദികളിലുടെയൊഴുകുന്ന ജലം പാകിസ്താന് ലഭിക്കാതെ വന്നാല്‍ വലിയ പ്രത്യാഘാതങ്ങളാണ് അവരെ കാത്തിരിക്കുന്നത്. ഇന്ത്യ ജലം തടഞ്ഞുനിര്‍ത്തുമെന്ന് പാകിസ്താന്‍ എന്നും ഭയന്നിരുന്ന പദ്ധതികളായിരുന്നു ബഗലിഹാറും കിഷന്‍ഗംഗയും. 2008ലാണ് ബഗലിഹാര്‍ അണക്കെട്ടിന്റെ ആദ്യഘട്ടം പൂര്‍ത്തിയായത്. രണ്ടാം ഘട്ടം 2016ലും. സിന്ധുനദീജല കരാറിന് വിരുദ്ധമാണ് അണക്കെട്ടിന്റെ നിര്‍മാണമെന്ന് ആരോപിച്ച് പാകിസ്താന്‍ പലതവണ ഇത് മുടക്കാന്‍ ശ്രമിച്ചിരുന്നു. 

2007 ല്‍ തുടങ്ങി 2018ല്‍ പൂര്‍ത്തിയായതാണ് കിഷന്‍ഗംഗ അണക്കെട്ട്. ഇതിനെതിരെയും പാകിസ്താന്‍ എതിര്‍പ്പുയര്‍ത്തിയിരുന്നു. രണ്ട് പദ്ധതികളും മുടക്കാന്‍ നടത്തിയ പാകിസ്താന്റെ ശ്രമം ഇന്ത്യ നിയമപരമായി തന്നെ പരാജയപ്പെടുത്തി. ഈ രണ്ട് പദ്ധതികളും ഉപയോഗിച്ചാല്‍ പാകിസ്താനിലേക്കൊഴുകുന്ന ജലത്തിന്റെ ഭൂരിഭാഗവും ഇന്ത്യയ്ക്ക് തടയാനാകും.