കൊച്ചി: ഇരുപതുശതമാനം എഥനോളടങ്ങുന്ന ഇ20 പെട്രോളിന്റെ വരവോടെ രാജ്യത്ത് എഥനോൾ ഉത്പാദനം ഗണ്യമായി വർധിച്ചു. 2016-ൽ രാജ്യത്ത് 45 കോടി ലിറ്റർ എഥനോൾ ആയിരുന്നു ഉത്പാദിപ്പിച്ചിരുന്നത്. 2025-ൽ ഇത് 970 കോടി ലിറ്ററായി ഉയർന്നിട്ടുണ്ട്. 2025 ജൂൺ 30 വരെയുള്ള കേന്ദ്ര പൊതുവിതരണവകുപ്പിന്റെയും ഓൾ ഇന്ത്യ ഡിസ്റ്റിലറീസ് അസോസിയേഷന്റെയും കണക്കുപ്രകാരം രാജ്യത്ത് അഞ്ഞൂറോളം ഡിസ്റ്റിലറികളിലായി 1,822 കോടി ലിറ്റർ എഥനോൾ ഉത്പാദിപ്പിക്കാനുള്ള ശേഷിയുമുണ്ട്.
എന്നാൽ ആഭ്യന്തര ഉത്പാദനത്തിലുണ്ടായ വർധന എഥനോളിന്റെ ഇറക്കുമതി കുറയ്ക്കുന്നതിൽ വളരെ കുറഞ്ഞ സ്വാധീനമേ ചെലുത്തിയിട്ടുള്ളൂ. ഇന്ത്യയുടെ എഥനോൾ ഇന്ധന വ്യാപാര കമ്മി (ഇറക്കുമതിയിലേയും കയറ്റുമതിയിലേയും അന്തരം) 2018-19 സാമ്പത്തികവർഷം 28 കോടി ഡോളർ ആയിരുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ ഇത് 45.9 കോടി ഡോളറായി വർധിച്ചു.
2025-26 സാമ്പത്തികവർഷം 40.3 കോടി ഡോളറായി നേരിയ തോതിൽ കുറയുകയും ചെയ്തു. കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രാലായത്തിന്റെ കണക്കുകൾ പ്രകാരം നിലവിൽ ഇന്ത്യ ഭൂരിഭാഗം എഥനോളും ഇറക്കുമതി ചെയ്യുന്നത് യു.എസിൽ നിന്നാണ്. ആകെ എഥനോൾ ഇറക്കുമതിയിൽ യു.എസിന്റെ വിഹിതം 2024-25 സാമ്പത്തികവർഷത്തിൽ 79 ശതമാനം ആയിരുന്നു. 2025-26 സാമ്പത്തികവർഷത്തിൽ ഇത് 94 ശതമാനമായി ഉയർന്നിട്ടുണ്ട്.
ആഭ്യന്തര ഉപഭോഗത്തിൽ വർധനയുണ്ടായെങ്കിലും എഥനോളിന്റെ ഇറക്കുമതി വെട്ടിക്കുറയ്ക്കാവുന്ന നിലയിലേക്ക് രാജ്യം എത്തിച്ചേർന്നിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന എഥനോളിന്റെ പ്രധാനഭാഗം ഇ20 ഇന്ധനത്തിനായാണ് ഉപയോഗിക്കുന്നത്. അപ്പോഴും ഇന്ധനമിശ്രണത്തിന് പുറമേ വ്യാവസായ മേഖലയിൽ അടക്കം എഥനോളിന്റെ ആവശ്യകത നിലനിൽക്കുന്നു. ഈ ആവശ്യകത നിറവേറ്റാനായാണ് രാജ്യത്തിന് ഇറക്കുമതിചെയ്ത എഥനോളിനെ ആശ്രയിക്കേണ്ടി വരുന്നത്.
അതേസമയം, ഇന്ധന ഇറക്കുമതിയിലെ ആശ്രയത്വം കുറയ്ക്കാനായുള്ള ബദലായാണ് കേന്ദ്രം ഇ20 ഇന്ധനം ഉയർത്തിക്കാണിക്കുന്നത്. ഇതുവഴി അസംസ്കൃത എണ്ണയുടെ ഇറക്കുമതി കുറയ്ക്കാമെന്നാണ് വാദം. എന്നാൽ അതിനൊപ്പം എഥനോളിന്റെ ഇറക്കുമതിയിൽ കുറവ് വന്നില്ലെങ്കിൽ ആ മാർഗമുള്ള വിദേശനാണ്യ ചോർച്ച തുടരും.
എന്താണ് എഥനോൾ?
കരിമ്പ്, ചോളം, കേടായിപ്പോകുന്ന അരി പോലുള്ള ധാന്യങ്ങൾ എന്നിവയിൽനിന്നാണ് പ്രധാനമായും പെട്രോളിൽ ചേർക്കുന്ന എഥനോൾ ഉത്പാദിപ്പിക്കുന്നത്. ഇവയിൽ നിന്നുള്ള പഞ്ചസാര പുളിപ്പിച്ചാണ് എഥനോളിന്റെ ഉത്പാദനം. പൊതുമേഖലാ എണ്ണക്കമ്പനികളുമായി ധാരണയുണ്ടാക്കിയിട്ടുള്ള കമ്പനികളാണ് പെട്രോളിൽ ചേർക്കുന്നതിനായി എഥനോൾ ലഭ്യമാക്കുന്നത്. ജലാംശം ഒഴിവാക്കി, ഉയർന്ന ഗ്രേഡിലുള്ള എഥനോളാണ് ഇതിന് അനുയോജ്യമാകുക.
Content Highlights: India's ethanol production increased from 45 crore liters in 2016 to 9,700 crore liters in 2025., Current production capacity stands at 18,220 crore liters across 500 distilleries., Ethanol trade deficit reached 40.3 crore dollars in the 2025-26 fiscal year., US accounts for 94% of India's total ethanol imports as of 2025-26., High industrial demand necessitates imports despite the success of E20 fuel blending.
Published: 17 Jul 2026, 07:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented