ന്യൂഡൽഹി: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ശവസംസ്‌കാര ചടങ്ങുകളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ലെന്ന് ഉറപ്പായി. പ്രധാനമന്ത്രിക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചിരുന്നെങ്കിലും ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാർ ഗവർണർ ലഫ്റ്റനന്റ് ജനറൽ (റിട്ട.) സയ്യിദ് അറ്റാ ഹസ്നൈനും വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയുമാണ് ഇറാനിലേക്ക് പോവുക. പ്രധാനമന്ത്രിക്ക് ആ സമയത്ത് മുൻകൂട്ടി നിശ്ചയിച്ച മറ്റ് വിദേശ സന്ദർശനങ്ങൾ ഉള്ളതിനാലാണ് ഈ തീരുമാനം.ജൂലായ് 4 മുതൽ ജൂലായ് 9 വരെ ഇറാനിലെ വിവിധ നഗരങ്ങളിലായാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. ഫെബ്രുവരി 28-ന് ടെഹ്റാനിൽ നടന്ന യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിലാണ് ഖമനേയി കൊല്ലപ്പെട്ടതെങ്കിലും യുദ്ധസാഹചര്യങ്ങളും സുരക്ഷാ വെല്ലുവിളികളും കൊണ്ട് സംസ്‌കാരചടങ്ങുകൾ വൈകുകയായിരുന്നു.

To advertise here,

ശവസംസ്‌കാര ചടങ്ങുകൾ ജൂലായ് 4-ന് ടെഹ്റാനിൽ ആരംഭിക്കും. ജൂലായ് 6-ന് തലസ്ഥാന നഗരിയിൽ വിലാപയാത്ര നടക്കും. ജൂലായ് 7-ന് പവിത്ര നഗരമായ ക്വാമിൽ ചടങ്ങുകൾ തുടരും. ജൂലായ് 9-ന് അദ്ദേഹത്തിന്റെ ജന്മനാടായ മഷ്ഹദിലെ ഇമാം റെസ ആരാധനാലയത്തിലാണ് ഖബറടക്കം നിശ്ചയിച്ചിരിക്കുന്നത്. 36 വർഷം ഇറാനെ നയിച്ച നേതാവായ ഖമനേയിയുടെ ശവസംസ്‌കാര ചടങ്ങുകളിൽ ഏകദേശം 20 ദശലക്ഷം ആളുകൾ പങ്കെടുക്കുമെന്നാണ് ഇറാനിയൻ അധികൃതർ പ്രതീക്ഷിക്കുന്നത്. ഇതിനായി വിപുലമായ ഒരുക്കങ്ങളാണ് ഇറാനിൽ നടക്കുന്നത്.

ഖമനേയിയുടെ മരണശേഷം ഇന്ത്യ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്താൻ വൈകിയത് പ്രതിപക്ഷ പാർട്ടികളുടെ വിമർശനത്തിന് ഇടയാക്കിയിരുന്നു. പിന്നീട് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഡൽഹിയിലെ ഇറാൻ എംബസിയിൽ എത്തി അനുശോചനാപത്രത്തിൽ ഒപ്പിട്ടു. ഇറാനുമായുള്ള ഊർജ്ജ, വ്യാപാര ബന്ധങ്ങളും ചബഹാർ തുറമുഖ പദ്ധതിയുടെ പ്രാധാന്യവും കണക്കിലെടുത്ത് ഇന്ത്യ ഈ ചടങ്ങിനെ അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത്.

ചടങ്ങുകളിൽ പങ്കെടുക്കാനായി ബിഹാർ ഗവർണറായ സയ്യിദ് അറ്റാ ഹസ്നൈനെ തിരഞ്ഞെടുത്തത് രാഷ്ട്രീയ ശ്രദ്ധ നേടിയിട്ടുണ്ട്. നിലവിൽ നയതന്ത്രജ്ഞനോ വിദേശകാര്യ ഉദ്യോഗസ്ഥനോ ആയി പ്രവർത്തിക്കുന്ന ആളല്ല അദ്ദേഹം. അതേസമയം ദശാബ്ദങ്ങൾ നീണ്ട സൈനിക ജീവിതസമ്പത്തും ഭൗമരാഷ്ട്രീയ വിജ്ഞാനവും ഇന്ത്യയുടെ തന്ത്രപരമായ വിഷയങ്ങളിലുള്ള പങ്കാളിത്തവും അദ്ദേഹത്തിനുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത് എന്നാണ് വിലയിരുത്തൽ.

ഇന്ത്യൻ സൈന്യത്തിൽ ഏകദേശം നാല് പതിറ്റാണ്ടോളം സേവനമനുഷ്ഠിച്ചിട്ടുണ്ട് അറ്റാ ഹസ്നൈൻ. ജമ്മു കശ്മീരിൽ മാത്രം അദ്ദേഹം ഏഴ് തവണ നിയമിക്കപ്പെട്ടു. കൂടാതെ സിയാച്ചിൻ ഗ്ലേസിയർ, ശ്രീലങ്ക, വടക്കുകിഴക്കൻ ഇന്ത്യ, കിഴക്കൻ ലഡാക്ക് എന്നിവിടങ്ങളിലെ സൈനിക നീക്കങ്ങളിലും അദ്ദേഹം സജീവമായിരുന്നു.മൊസാംബിക്, റുവാണ്ട എന്നിവിടങ്ങളിലെ ഐക്യരാഷ്ട്രസഭയുടെ (UN) സമാധാന സംരക്ഷണ ദൗത്യങ്ങളിലും അദ്ദേഹം പങ്കാളിയായി. ജമ്മു കശ്മീർ സംഘർഷം, പാകിസ്താൻ, മിഡിൽ ഈസ്റ്റ്, തീവ്രവാദം തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയിലെ മുൻനിര വിദഗ്ധരിൽ ഒരാളായാണ് അദ്ദേഹം ഇന്ന് അറിയപ്പെടുന്നത്. 2013 ജൂലൈയിലാണ് അദ്ദേഹം സൈന്യത്തിൽ നിന്ന് വിരമിച്ചത്. നിലവിൽ അദ്ദേഹം ബിഹാർ ഗവർണറായി സേവനമനുഷ്ഠിക്കുന്നു.