ന്യൂഡൽഹി: ഗാൽവാൻ സംഘർഷത്തെ തുടർന്ന് തകർന്ന ഇന്ത്യ- ചൈന ബന്ധം വീണ്ടും ഊഷ്മളമാകുന്നതായി സൂചന. ഇന്ത്യയിലേക്കുള്ള യൂറിയ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ചൈന ലഘൂകരിച്ചതായാണ് റിപ്പോർട്ട്. റഷ്യൻ ക്രൂഡോയിലിന്റെ പേരിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും നേരെ വാളോങ്ങി നിൽക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾ ഇരുരാജ്യങ്ങളെയും അസ്വസ്ഥതപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് ചൈനയും ഇന്ത്യയും വീണ്ടും അടുക്കുന്നത്.
ഇന്ത്യ 2024-2025 സാമ്പത്തിക വർഷം 57 ലക്ഷം ടൺ യൂറിയയാണ് ഇറക്കുമതി ചെയ്തത്. തൊട്ടുമുമ്പത്തെ സാമ്പത്തിക വർഷത്തേക്കാൾ 20% കുറവാണ് ഇറക്കുമതിയിൽ ഉണ്ടായത്. ചൈനയിൽനിന്നുള്ള ഇറക്കുമതി കുറഞ്ഞതാണ് പ്രധാന കാരണം. 2023-24ൽ 18.7 ലക്ഷം ടൺ യൂറിയയാണ് ചൈനയിൽനിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത്. എന്നാൽ, 2024-25 സാമ്പത്തിക വർഷത്തിലാവട്ടെ, ഇത് ഒരു ലക്ഷം ടൺ യൂറിയയായി കുറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് ചൈന നിയന്ത്രണങ്ങളിൽ ഇളവ് കൊണ്ടുവരുന്നത്.
ചൈനീസ് പൗരന്മാർക്ക് വിനോദസഞ്ചാരത്തിനായുള്ള വിസ അനുവദിക്കുന്നതിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ അടുത്തിടെ ഇന്ത്യ നീക്കിയിരുന്നു. ചൈനയിലേക്ക് വിമാന സർവീസുകൾ വീണ്ടും തുടങ്ങാൻ വ്യോമയാന കമ്പനികൾക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്. കോവിഡ് ലോക്ക്ഡൗണിന്റെ കാലത്താണ് ചൈനയുമായി നേരിട്ടുള്ള വ്യോമഗതാഗതം ഇന്ത്യ നിർത്തിവെച്ചത്. പിന്നാലെ 2020-ലെ ഗാൽവാൻ സംഘർഷവും തുടർന്നുണ്ടായ നയതന്ത്ര ബന്ധത്തിലെ തകർച്ചയും കാരണം ഇതു തുടർന്നു.
ഓഗസ്റ്റ് 31 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനയിലേക്ക് പോകുന്നുണ്ട്. ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി മോദി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
ഗാൽവാൻ സംഘർഷത്തിന് ശേഷം 2024 ഒക്ടോബറിൽ മുമ്പ് എങ്ങനെയായിരുന്നോ അതേ സ്ഥിതിയിലേക്ക് സൈന്യത്തെ പിൻവലിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നു. ചില മേഖലകളിൽ ഇനിയും ഇത് പൂർത്തിയാകാനുണ്ട്. ഈ സാഹചര്യത്തിൽ ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമുണ്ട്. 2019-ന് ശേഷം ആദ്യമായാണ് മോദി ചൈനയിലേക്ക് പോകുന്നതെന്നതും പ്രത്യേകതയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണനിലയിലാകുന്ന സൂചനകൾ അടുത്തിടെ വന്നിരുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ അടുത്തിടെ ചൈന സന്ദർശിച്ചിരുന്നു.
Content Highlights: India-China Ties Warm Up After Galwan Clash
Published: 12 Aug 2025, 08:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented