ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തിയിലെ സ്ഥിതിഗതികൾ 'വിശാലമായ ഉഭയകക്ഷി ബന്ധങ്ങളിൽ' പ്രതിഫലിക്കുമെന്ന് വ്യക്തമാക്കി ഇന്ത്യ. യഥാർത്ഥ നിയന്ത്രണ രേഖയിൽ സമാധാനവും ശാന്തതയും നിലനിർത്തുന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്നും ഇന്ത്യ കൂട്ടിച്ചേർത്തു. വിദേശകാര്യ മന്ത്രാലയം നടത്തിയ പതിവ് വാർത്താസമ്മേളനത്തിൽ സംസാരിക്കവെ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്‌വാളാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.

To advertise here,

അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഇന്ത്യ പേരുകൾ നൽകി സ്വന്തമാക്കി എന്ന ചൈനയുടെ വിമർശനം അനാവശ്യമാണെന്ന് പറഞ്ഞ് വിദേശകാര്യ മന്ത്രാലയം തള്ളി. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യവും വേർപിരിക്കാനാകാത്തതുമായ  ഭാഗമാണെന്നും അതിൽ മാറ്റംവരുത്താൻ ഒരുശക്തിക്കും സാധിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

'ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി പ്രദേശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ, ഈ പ്രശ്‌നങ്ങളെ ഞങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ചൈനീസ് പക്ഷവുമായുള്ള ചർച്ചകളിൽ ഞങ്ങൾ എപ്പോഴും ഊന്നിപ്പറഞ്ഞിട്ടുണ്ട്.' ജയ്‌സ്‌വാൾ പറഞ്ഞു.

'ഈ പ്രദേശങ്ങളിൽ സമാധാനവും ശാന്തതയും നിലനിർത്തേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. അതിർത്തിയിലെ കാര്യങ്ങളുടെ സ്ഥിതി ഇരുരാജ്യങ്ങളും തമ്മിലുള്ള വിശാലമായ ഉഭയകക്ഷി ബന്ധങ്ങളെ ബാധിക്കുമെന്ന് ഞങ്ങൾ വ്യക്തമാക്കിയിട്ടുമുണ്ട്.' അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞയാഴ്ച നടന്ന ഇന്ത്യ-ചൈന അതിർത്തി കാര്യങ്ങൾക്കായുള്ള കൂടിയാലോചനയ്ക്കും ഏകോപനത്തിനുമായി നടന്ന വർക്കിങ് മെക്കാനിസം യോഗത്തിലും ഇന്ത്യ ഈ നിലപാട് ആവർത്തിച്ചിരുന്നതായി ജയ്സ്‌വാൾ വ്യക്തമാക്കി. ഈ യോഗത്തിൽ ഇരുപക്ഷവും തുറന്ന ചർച്ചകളിൽ ഏർപ്പെടുകയും യഥാർത്ഥ നിയന്ത്രണ രേഖയിലെ സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു.' അദ്ദേഹം പറഞ്ഞു.

അരുണാചലിലെ സ്ഥലങ്ങളുടെ പേര് മാറ്റിയ ഇന്ത്യയുടെ നടപടി നിയമവിരുദ്ധവും അസാധുവും ആണെന്ന് ഒരു ദിവസം മുമ്പ് ചൈന ആരോപിച്ചിരുന്നു. ഇന്ത്യ നിയമവിരുദ്ധമായി സ്ഥാപിച്ച അരുണാചൽ പ്രദേശ് എന്ന് പറയപ്പെടുന്ന സംസ്ഥാനത്തെ തങ്ങൾ അംഗീകരിക്കുന്നില്ലെന്നും ചൈന പറഞ്ഞിരുന്നു.

'ആ ഭൂപ്രദേശത്ത് ചൈന പണ്ടുമുതലേ ഉപയോഗിച്ചുപോരുന്ന പേരുകൾക്ക് പകരം ഇന്ത്യ തങ്ങളുടേതായ പേരുകൾ നൽകാൻ ശ്രമിക്കുന്നത് നിയമവിരുദ്ധവും അസാധുവുമാണ്. സാങ്നാൻ പ്രദേശം ചൈനയുടേതാണെന്ന വസ്തുതയെ മാറ്റാൻ ഇതിന് സാധിക്കില്ല.' എന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ നടത്തിയ പ്രസ്താവന.