ന്യൂഡല്‍ഹി: ആധുനിക യുദ്ധമുറകളില്‍ നിര്‍ണായകമായ പരിവര്‍ത്തനം സംഭവിച്ചിട്ടുണ്ടെന്ന് സംയുക്ത സൈനികമേധാവി ജനറല്‍ അനില്‍ ചൗഹാന്‍. ഭാവിയിലുണ്ടായോക്കാവുന്ന വെല്ലുവിളികള്‍ നേരിടാന്‍ കരുത്തേറിയ ഡ്രോണ്‍, പ്രതിരോധ ഡ്രോണ്‍ സംവിധാനം സ്വായത്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിന്റെ സ്വഭാവത്തില്‍ അടിസ്ഥാനപരമായ മാറ്റം വന്നിട്ടുണ്ടെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ പോലുള്ള അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
"യുദ്ധത്തിന്റെ ചരിത്രത്തില്‍ വിപ്‌ളവകരമായ മാറ്റങ്ങള്‍ക്കാണ് നാം സാക്ഷ്യം വഹിച്ചത്- ഭാരമേറിയ റൈഫിളുകളില്‍നിന്ന് കനം കുറഞ്ഞവയിലേക്ക്, കൂടുതല്‍ സങ്കീര്‍ണമായ ലോങ് റേഞ്ച് ആയുധങ്ങളിലേക്ക് മാറി. എന്നാല്‍ ഏറ്റവും വലിയ മാറ്റമുണ്ടാക്കിയത് ഡ്രോണുകളുടെയും ആളില്ലാ യുദ്ധവിമാനങ്ങളുടെയും വരവാണ്. അവയുടെ ഉപയോഗം പലമടങ്ങ് വര്‍ധിച്ചു. നിരീക്ഷണ ഉപകരണങ്ങളെന്നതില്‍നിന്ന് യുദ്ധമുഖങ്ങളിലെ പലമടങ്ങ് കരുത്തുള്ള ആയുധമായി ഡ്രോണുകള്‍ വികസിച്ചു", ജനറല്‍ അനില്‍ ചൗഹാന്‍ പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് മേയ് പത്തിന് പാകിസ്താന്‍ ഡ്രോണുകള്‍ ഉപയോഗിച്ചത് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സൈന്യത്തിനോ ജനതയ്‌ക്കോ ഒരുതരത്തിലുള്ള നാശവുമുണ്ടാക്കാന്‍ അവയ്ക്കായില്ല. അവയില്‍ ഭൂരിഭാഗവും ഇന്ത്യന്‍ സൈന്യം നിര്‍വീര്യമാക്കി, അദ്ദേഹം പറഞ്ഞു. വ്യോമാതിര്‍ത്തി കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി താഴ്ന്ന് പറക്കുന്ന ഡ്രോണുകളെ പ്രതിരോധിക്കുന്നതിനായി സംയോജിതമായ ഡ്രോണ്‍ പ്രതിരോധ സംവിധാനത്തിന്റെ ആവശ്യകത ഓപ്പറേഷന്‍ സിന്ദൂറിലൂടെ മനസിലാക്കാനായതായും ജനറല്‍ ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.
ഡ്രോണുകള്‍ ചെലവ് കുറഞ്ഞതും സങ്കീര്‍ണവും എളുപ്പത്തില്‍ നിരീക്ഷണത്തില്‍പ്പെടാത്തവയുമാണ്. പരമ്പരാഗത യുദ്ധതന്ത്രങ്ങളെ മാറ്റിമറിയ്ക്കുന്നവയാണെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശീയമായുള്ള യുദ്ധ-പ്രതിരോധസംവിധാനങ്ങളാണ് മികച്ചതെന്നും വിദേശരാജ്യങ്ങളില്‍ നിന്നുള്ള യുദ്ധോപകരണങ്ങള്‍ക്ക് പരിമിതികളുണ്ടാകാമെന്നും വിദേശ ആയുധങ്ങളില്‍ ആശ്രിതത്വം ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇന്നത്തെ യുദ്ധങ്ങളില്‍ പോരാടേണ്ടത് നാളത്തെ സാങ്കേതികവിദ്യ ഉപയോഗിച്ചാകണം, ജനറല്‍ ചൗഹാന്‍ എടുത്തുപറഞ്ഞു. ഡല്‍ഹിയിലെ മനേക്ഷാ സെന്ററില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Content Highlights: Chief of Defence Staff Gen. Anil Chauhan highlights the transformative role of drones
Published: 16 Jul 2025, 10:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented