
ജമ്മു കശ്മീരിലെ നഗരോത മണ്ഡലത്തില്‍നിന്ന് വിജയിച്ച ബിജെപി സ്ഥാനാര്‍ഥി ദേവയാനി റാണ. മണ്ഡലം എംഎല്‍എയായിരുന്ന അച്ഛന്റെ മരണത്തോടെയാണ് ഇവര്‍ മത്സരിച്ചത് | ഫോട്ടോ - എഎൻഐ
ന്യൂഡല്‍ഹി: എട്ട് നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആറിടങ്ങളിലെ ഫലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പ്രഖ്യാപിച്ചു. രണ്ടിടങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും ഓരോ ഇടത്തുവീതം ബിജെപിയും ആം ആദ്മി പാര്‍ട്ടിയും ജയിച്ചു. ആറ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്മീരിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
ജമ്മു കശ്മീര്‍
ജമ്മു കശ്മീരിലെ നഗരോത മണ്ഡലത്തില്‍ ബിജെപിയുടെ വനിതാ മുഖം ദേവയാനി റാണ 24,647 വോട്ടുകള്‍ക്ക് വിജയിച്ചു. മുന്‍ മന്ത്രിയും ജമ്മു കശ്മീര്‍ നാഷണല്‍ പാന്തേഴ്സ് പാര്‍ട്ടി അധ്യക്ഷനുമായ ഹര്‍ഷ് ദേവ് സിങ്ങിനെതിരേ 42,350 വോട്ടുകളാണ് ദേവയാനി നേടിയത്. 17,703 വോട്ടുകളേ ഹര്ഷ്ദേവിന് നേടാനായുള്ളൂ. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയായ നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ഥി ഷമീം ബീഗം 10,872 വോട്ടുകള്‍ നേടി മൂന്നാംസ്ഥാനത്തായി. നഗരോത മണ്ഡലത്തിലെ ബിജെപി എംഎല്‍എയായിരുന്ന ദേവേന്ദ്ര റാണ കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ മരണപ്പെട്ടതോടെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. മകള്‍ ദേവയാനിയെ രംഗത്തിറക്കിയാണ് ബിജെപി സീറ്റ് നിലനിര്‍ത്തിയത്.
അതേസമയം, ബദ്ഗാമില്‍ പിഡിപിയുടെ ആഗ സയ്യിദ് മുന്തസിര് മെഹ്ദി 4478 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. 21,576 വോട്ടുകളാണ് നേടിയത്. നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ഥി ആഗ സയ്യിദ് മഹ്മൂദ് അല്‍ മൊസാവിക്ക് 17,98 വോട്ടുകളേ നേടാനായുള്ളു. 2024 നിയമസഭാ തിരഞ്ഞെടുപ്പില്‍ ബഡ്ഗാം, ഗാന്ദര്‍ബല്‍ മണ്ഡലങ്ങളില്‍നിന്നാണ് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ജനവിധി തേടിയത്. ഇതില്‍ ഗാന്ദര്‍ബല്‍ സീറ്റ് നിലനിര്‍ത്താന്‍ തീരുമാനിച്ചതോടെ ബദ്ഗാമില്‍ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വരികയായിരുന്നു. എന്നാല്‍, ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ജനവധി പാര്‍ട്ടിക്ക് എതിരായി.
തെലങ്കാന
ജൂബിലി ഹില്‍സ് ഉപതിരഞ്ഞെടുപ്പില്‍ ബിആര്‍എസ് നേതാവ് മഗന്തി സുനിത ഗോപിനാഥിനെതിരേ 24,729 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വല്ലാല നവീന്‍ യാദവ് വിജയിച്ചു. നവീന്‍ യാദവ് 98,988 വോട്ടുകള്‍ നേടിയപ്പോള്‍ സുനിത ഗോപിനാഥ് 74,259 വോട്ടുകള്‍ നേടി. 17,061 വോട്ടുകള്‍ നേടിയ ബിജെപിയുടെ ദീപക് റെഡ്ഢി ലങ്കാലയാണ് മൂന്നാമത്.
രാജസ്ഥാന്
അന്റ മണ്ഡലത്തിലും കോണ്‍ഗ്രസിനാണ് വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രമോദ് ജെയിന് ഭായ 69,571 വോട്ടുകള്‍ നേടി നിര്‍ണായക ജയം സ്വന്തമാക്കി. ബിജെപിയുടെ മോര്‍പാല്‍ സുമന് 53,959 വോട്ടുകളുമായി രണ്ടാമതും സ്വതന്ത്ര സ്ഥാനാര്‍ഥി നരേഷ് മീണ 53,800 വോട്ടോടെ മൂന്നാമതുമാണ്. 2005-ല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തെന്നാരോപിക്കപ്പെട്ട കേസില്‍ കോടതി ശിക്ഷിച്ചതിനെത്തുടര്‍ന്ന് മുന്‍ ബിജെപി എംഎല്‍എ കന്‍വര്‍ ലാല്‍ മീണയ്ക്ക് നിയമസഭാംഗത്വം നഷ്ടമായിരുന്നു. ഇതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. രണ്ടുവര്‍ഷത്തില്‍ക്കൂടുതല്‍ തടവുശിക്ഷ ലഭിച്ചതോടെയാണ് അദ്ദേഹത്തിന് അംഗത്വം നഷ്ടമായത്. ഏകദേശം 20 വര്‍ഷം പഴക്കമുള്ള കേസിലാണ് അദ്ദേഹം ശിക്ഷിക്കപ്പെട്ടത്.
പഞ്ചാബ്
തരന്തരന് മണ്ഡലം ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി നിലനിര്‍ത്തി. എസ്ഡിഎയുടെ സുഖ്വീന്ദര് കൗറിനെതിരേ എഎപിയുടെ ഹര്‍മീത് സിങ് സന്ധു 12,091 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 42,649 വോട്ടുകളാണ് നേടിയത്. സുഖ്വിന്ദര് കൗര്‍ 30,558 വോട്ടുകള്‍ നേടി. ജൂണില്‍ എഎപി എംഎല്‍എ കശ്മീര്‍ സിങ് സോഹലിന്റെ മരണത്തെത്തുടര്‍ന്ന് നിയമസഭാ സീറ്റില്‍ ഒഴിവ് വന്നത്.
മിസോറാം
വടക്കുകിഴക്കന്‍ സംസ്ഥാനത്തെ ഡംപയിലെ ഉപതിരഞ്ഞെടുപ്പില്‍ മിസാറാമിലെ പ്രധാന പ്രതിപക്ഷമായ മിസോ നാഷണല്‍ ഫ്രണ്ട് സ്ഥാനാര്‍ഥി ഡോ. ആര്. ലാല്തങ്ലിയാന വിജയിച്ചു. ഭരണകക്ഷിയായ സോറം പീപ്പിള്‍ മുവ്മെന്റിന്റെ (ഇസെഡ്പിഎം) എതിരാളി വന്ലാല്സയ്ലോവയെ 562 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി. എംഎന്‍എഫ് എംഎല്‍എ ലാല്റിന്റ്ലുവാങ്കയുടെ മരണത്തോടെയാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
ഒഡിഷ
ഒഡിഷയിലെ നോപാദയില് ബിജെപിയുടെ ജയ് ധോലകിയ ലീഡ് ചെയ്യുന്നു. 123869 വോട്ടുകള്‍ നേടിയ അദ്ദേഹം, 83,748 എന്ന വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് മുന്നില്‍ നില്‍ക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഘാസി റാം മാജി 40,121 വോട്ടുമായി രണ്ടാമതാണ്.
ഝാര്‍ഖണ്ഡ്
ഘട്സിലയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സ്ഥാനാര്‍ഥി സോമേഷ് ചന്ദ്ര സോറന് ലീഡ് ചെയ്യുന്നു. 104794 വോട്ടുകള്‍ നേടിയ അദ്ദേഹം, 38524 വോട്ടുകള്‍ക്ക് മുന്നിലാണ്. ബിജെപിയുടെ ബാബുലാല്‍ സോറനാണ് തൊട്ടുപിറകില്‍. 66270 വോട്ടുകളാണ് നേടിയത്.
Published: 14 Nov 2025, 06:01 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented