ന്യൂഡല്‍ഹി: കര വ്യോമസേനകൾക്കായി 156 ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രാലയം. ഇതിനുള്ള അനുമതി ഉടന്‍ കേന്ദ്രമന്ത്രിസഭയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ലഘു യുദ്ധ ഹെലികോപ്റ്ററായ പ്രചണ്ഡ് ആണ് ഇരുസേനകള്ക്കുമായി വാങ്ങുക. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് ( എച്ച്.എ.എല്‍) ആണ് ഹെലികോപ്റ്റര്‍ വികസിപ്പിച്ചത്. ചൈന, പാകിസ്താന് അതിര്‍ത്തിയില്‍ പ്രതിരോധ സേനകള്‍ക്ക് ശക്തിവര്ധിപ്പിക്കുന്നതിനായാണ് പ്രചണ്ഡ് ഹെലികോപ്റ്ററുകള്‍ വാങ്ങാനൊരുങ്ങുന്നത്. 45,000 കോടിരൂപയുടേതാണ് ഇടപാട്.
കഴിഞ്ഞ ജൂണില്‍ പ്രചണ്ഡ് ഹെലികോപ്റ്റര്‍ വാങ്ങാനുള്ള ടെന്‍ഡര്‍ എച്ച്.എ.എല്ലിന് ലഭിച്ചിരുന്നു. ഇതിന്റെ ചര്‍ച്ചകള്‍ പൂര്‍ത്തിയായി മന്ത്രിസഭയുടെ അനുമതിക്കായി കാത്തിരിക്കുകയാണ്. 156 ഹെലികോപ്റ്ററുകളില്‍ 90 എണ്ണം കരസേനയ്ക്കും ബാക്കി 66 എണ്ണം വ്യോമസേനയ്ക്കുമായാണ് ലഭിക്കുക.
സമുദ്രനിരപ്പില്‍ നിന്ന് 16400 അടി ഉയരത്തില്‍ വരെ ലാന്‍ഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനും കഴിയുന്ന ലോകത്തെ ഏക കോംബാറ്റ് ഹെലികോപ്റ്ററാണ് പ്രചണ്ഡ്. കിഴക്കന്‍ ലഡാക്കിലും സിയാച്ചിനിലും വ്യോമസേനയ്ക്കും കരസേനയ്ക്കും ഉപയോഗിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് ഹെലികോപ്റ്റര്‍ വികസിപ്പിച്ചത്. പ്രചണ്ഡിന് ഉയരമുള്ള പ്രദേശങ്ങളില്‍ ശത്രുക്കള്‍ക്കെതിരെ പോരാടാനും, ടാങ്കുകള്‍, ബങ്കറുകള്‍, ഡ്രോണുകള്‍, എന്നിവയെ ആക്രമിക്കാനും സാധിക്കും. 16400 അടി ഉയരത്തില്‍ ആയുധങ്ങളും ഇന്ധനവുമായി പറക്കാനുമാകും. സിയാച്ചിന്‍ ഉള്‍പ്പെടെ വ്യത്യസ്ത ഉയരമുള്ള പ്രദേശങ്ങളില്‍ വിജയകരമായി പരീക്ഷണപ്പറക്കലുകള് നടത്തിയതിന് ശേഷമാണ് ഇവ സൈന്യത്തിന് കൈമാറാനൊരുങ്ങുന്നത്.
70 എം.എം റോക്കറ്റ് ലോഞ്ചറുകളും എയര്‍ ടു എയര്‍, എയര്‍ ടു സര്‍ഫേസ്, ആന്റി ടാങ്ക് മിസൈലുകളും ഉള്‍പ്പെടേ അത്യാധുനിക ആയുധ ശേഷിയും ഹെലികോപ്ടറിനുണ്ട്. ഏത് കാലവസ്ഥയിലും ഭൂപ്രദേശത്തിലും പറന്നുയര്‍ന്ന് ശത്രുവിന്റെ വ്യോമ പ്രതിരോധം തകര്‍ക്കാനും കൗണ്ടര്‍ ഇന്‍സര്‍ജന്‍സി ഓപ്പറേഷന്‍സ് നടത്താനും പ്രചണ്ഡിന് കഴിയും.15.80 മീറ്റര്‍ നീളവും 4.70 മീറ്റര്‍ ഉയരവുമുള്ള കോപ്റ്ററുകള്‍ക്ക് മണിക്കൂറില്‍ പരമാവധി 268 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാം. 550 കിലോമീറ്ററാണ് പ്രവര്‍ത്തനദൂരപരിധി. 110 ഡിഗ്രി കറങ്ങി വെടിവെക്കാന്‍ കഴിയുന്ന 20 എംഎം ടററ്റ് തോക്കുകള്‍, നാഗ് ടാങ്ക് വേധ മിസൈല്‍, മിസ്ട്രാല് വിമാനവേധ മിസൈലുകള്‍, യന്ത്രപീരങ്കി എന്നിവയാണ് കോപ്റ്ററിലുള്ള ആയുധങ്ങള്‍. ഈ കോപ്റ്ററുകളുടെ നിര്‍മാണത്തിനായി ഉപയോഗിച്ച സാമഗ്രികളില്‍ 45 ശതമാനവും തദ്ദേശീയമാണ്.
Content Highlights: Mega Rs 45,000 crore desi 156 combat helicopter deal likely to get Cabinet nod soon
Published: 26 Mar 2025, 07:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented