ഇറ്റാനഗര്‍ (അരുണാചല്‍പ്രദേശ്): യാര്‍ലുങ് സാങ്പോ നദിയില്‍ അണക്കെട്ടിന്റെ പണി ചൈന ആരംഭിച്ചതിനുപിന്നാലെ അരുണാചല്‍പ്രദേശിലെ ദിബാങ്ങില്‍ കൂറ്റന്‍ അണക്കെട്ടിന്റെ ജോലികള്‍ ഇന്ത്യയും തുടങ്ങിയതായി റിപ്പോര്‍ട്ട്. ബ്രഹ്‌മപുത്ര നദീതടത്തിന്റെ പ്രധാന പോഷകനദികളിലൊന്നായ ദിബാങ്ങില്‍ 278 മീറ്റര്‍ ഉയരമുള്ള അണക്കെട്ടാണ് ഇന്ത്യ നിര്‍മിക്കുന്നത്.

To advertise here,

പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷനാണ് നിര്‍മാണച്ചുമതല. 17,069 കോടിരൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ആഗോള ടെന്‍ഡര്‍ വിളിച്ചു. 2032-ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.

ചൈനയുടെ പുതുതായി നിര്‍മിക്കുന്ന അണക്കെട്ടില്‍നിന്ന് പെട്ടെന്ന് വെള്ളം തുറന്നുവിട്ടാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായേക്കും. ഈ ഭീഷണിയെ പ്രതിരോധിക്കാനാണ് അണക്കെട്ട് നിര്‍മാണം ആരംഭിക്കാന്‍ ഇന്ത്യയും തീരുമാനിച്ചതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1122.30 കോടി യൂണിറ്റ് വാര്‍ഷിക വൈദ്യുതി ഉത്പാദിപ്പിക്കാനാണ് പദ്ധതി. ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ അണക്കെട്ടാകുമിത്. ബ്രഹ്‌മപുത്ര നദിയുടെ പ്രധാന പോഷകനദികളില്‍ ഒന്നാണ് ദിബാങ്.