ന്യൂഡൽഹി: പ്രതിപക്ഷവേട്ടയ്ക്കെതിരേ ഇന്ത്യസഖ്യത്തിന്റെ ശക്തിപ്രകടനമായി ഞായറാഴ്ച ഡൽഹി രാംലീല മൈതാനത്ത് മഹാറാലി നടക്കും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെയും ഝാർഖണ്ഡ് മുൻ മുഖ്യൻ ഹേമന്ത്‌ സോറന്റെയും അറസ്റ്റിനെയും കോൺഗ്രസിനും സി.പി.ഐ.ക്കുമുള്ള ആദായനികുതിവകുപ്പ് നോട്ടീസുകളെയും എതിർത്തുള്ള റാലിയിൽ സഖ്യത്തിലെ 28 പാർട്ടികളുടെയും പ്രതിനിധികളെത്തും. ബംഗാളിലെ സീറ്റുവിഭജനത്തെച്ചൊല്ലി ഉടക്കിനിൽക്കുന്ന തൃണമൂൽ കോൺഗ്രസും പങ്കെടുക്കും.

To advertise here,

മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി (കോൺഗ്രസ്), തിരുച്ചി ശിവ (ഡി.എം.കെ.), ഡെറിക്ക് ഒബ്രയാൻ (തൃണമൂൽ), തേജസ്വി യാദവ് (ആർ.ജെ.ഡി.), ശരദ് പവാർ (എൻ.സി.പി.), ഉദ്ധവ് താക്കറെ (ശിവസേന), സീതാറാം യെച്ചൂരി (സി.പി.എം.), ഡി. രാജ (സി.പി.ഐ.), ഫാറൂഖ് അബ്ദുള്ള (നാഷണൽ കോൺഫറൻസ്), ദിപാങ്കർ ഭട്ടാചാര്യ (സി.പി.ഐ. എം.എൽ.), ചംപായ് സോറൻ, കല്പന സോറൻ (ജെ.എം.എം.), ജി. ദേവരാജൻ (ഫോർവേഡ്‌ ബ്ലോക്ക്) തുടങ്ങിയ നേതാക്കൾ റാലിയിൽ അണിനിരക്കും.

റാലി വിജയമാക്കാൻ പ്രചാരണവുമായി എ.എ.പി., കോൺഗ്രസ് പ്രവർത്തകരായ ഡൽഹി മലയാളികളും രംഗത്തിറങ്ങിയിട്ടുണ്ട്.