ന്യൂഡൽഹി: ന്യൂഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് പുറത്തു നടന്ന പ്രതിഷേധങ്ങളെക്കുറിച്ച് ബംഗ്ലാദേശ് മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യ. ബംഗ്ലാദേശ് ഹൈക്കമ്മീഷന് പുറത്തുനടന്ന യുവാക്കളുടെ പ്രതിഷേധം സമാധാനപരമായിരുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ മാധ്യമങ്ങളോട് പറഞ്ഞു.
ബംഗ്ലാദേശിൽ ദീപു ചന്ദ്രദാസ് എന്ന 25-കാരനെ ജനക്കൂട്ടം തല്ലിക്കൊന്നതിൽ പ്രതിഷേധിച്ചായിരുന്നു ന്യൂഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് പുറത്ത് യുവാക്കൾ പ്രതിഷേധിച്ചത്. ഈ പ്രതിഷേധം യാതൊരു സുരക്ഷാ ഭീഷണിയും ഉയർത്തിയിട്ടില്ലെന്നും രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
ഷരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തെ തുടർന്ന് ബംഗ്ലാദേശിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിനിടെയാണ് മതനിന്ദ ആരോപിച്ച് ദീപു ചന്ദ്രദാസ് എന്ന 25-കാരനെ ജനക്കൂട്ടം കഴിഞ്ഞ ദിവസം തല്ലിക്കൊന്നത്. ഇയാളെ മരത്തിൽ കെട്ടിത്തൂക്കിയിട്ട് തീകൊളുത്തുകയായിരുന്നു. ദീപു ചന്ദ്ര ദാസിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചും അയൽരാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം ആവശ്യപ്പെട്ടുമായിരുന്നു ശനിയാഴ്ച യുവാക്കളുടെ ഒരു ചെറിയ സംഘം ഹൈക്കമ്മീഷന് പുറത്ത് പ്രതിഷേധിച്ചത്.
ഡിസംബർ 20-ന് ന്യൂഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ ഏകദേശം 20-25 യുവാക്കൾ ഒത്തുകൂടി മൈമെൻസിങ്ങിൽ ദിപു ചന്ദ്രദാസിന്റെ ദാരുണമായ കൊലപാതകത്തിൽ പ്രതിഷേധിച്ച് മുദ്രാവാക്യങ്ങൾ വിളിച്ചു. ബംഗ്ലാദേശിലെ എല്ലാ ന്യൂനപക്ഷങ്ങളുടെയും സംരക്ഷണത്തിനായി ആഹ്വാനം ചെയ്തു. സുരക്ഷാ വേലി മറികടക്കാനോ ഏതെങ്കിലും തരത്തിലുള്ള ക്രമസമാധാന പ്രശ്‌നമുണ്ടാക്കാനോ പ്രതിഷേധക്കാർ ശ്രമിച്ചിട്ടില്ല. സ്ഥലത്ത് നിലയുറപ്പിരുന്ന പോലീസ് കുറച്ച് മിനിറ്റുകൾക്ക് ശേഷം സംഘത്തെ പിരിച്ചുവിട്ടിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ പൊതുജനങ്ങൾക്ക് ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗ്ലാദേശിലെ സംഭവവികാസങ്ങൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അവിടത്തെ അധികാരികളുമായി ബന്ധം പുലർത്തുന്നുണ്ടെന്നും വിദേശകാര്യ വക്താവ് ചൂണ്ടിക്കാട്ടി.
Content Highlights: India clarifies reports on protests outside Bangladesh High Commission in Delhi. Youth protest was peaceful, no security threat. Understand the facts.
Published: 21 Dec 2025, 04:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented