ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും ടീം ഇന്ത്യയെപ്പോലെ ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ഒരു ലക്ഷ്യവും അസാധ്യമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നീതി ആയോഗിന്റെ പത്താമത് ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

To advertise here,

വികസനത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'നാം വികസനത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കണം. കേന്ദ്രവും എല്ലാ സംസ്ഥാനങ്ങളും ഒരുമിച്ച് ചേരുകയും ടീം ഇന്ത്യയെപ്പോലെ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ഒരു ലക്ഷ്യവും അസാധ്യമല്ല' മോദി പറഞ്ഞു.

'വികസിത് ഭാരത് @2047' എന്നതിലൂന്നിയായിരുന്നു ഗവേണിംഗ് കൗണ്‍സില്‍ യോഗത്തിലെ ചര്‍ച്ച. 'വികസിത് ഭാരത് ഓരോ ഇന്ത്യക്കാരന്റെയും ലക്ഷ്യമാണ്. ഓരോ സംസ്ഥാനവും വികസിക്കുമ്പോള്‍ ഭാരതവും വികസിക്കും. ഇത് 140 കോടി പൗരന്മാരുടെ അഭിലാഷമാണ്' പ്രധാനമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരുകള്‍ അവരുടെ സംസ്ഥാനത്ത് കുറഞ്ഞത് ഒരു വിനോദസഞ്ചാര കേന്ദ്രമെങ്കിലും ആഗോള നിലവാരത്തില്‍ വികസിപ്പിക്കണമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

എല്ലാ സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും നല്‍കികൊണ്ട് ആഗോള നിലവാരത്തിന് തുല്യമായി ഓരോ സംസ്ഥാനത്തും കുറഞ്ഞത് ഒരു വിനോദസഞ്ചാര കേന്ദ്രമെങ്കിലും വികസിപ്പിക്കണം. ഒരു സംസ്ഥാനം ഒരു ആഗോള ലക്ഷ്യസ്ഥാനമാകണം. ഇത് സമീപ നഗരങ്ങള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിക്കാനും ഇടയാക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

തൊഴില്‍ മേഖലയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തുന്നതിനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. 'നടപ്പാക്കുന്ന നയങ്ങള്‍ സാധാരണ പൗരന്മാരുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരുന്ന രീതിയിലായിരിക്കണം. മാറ്റം ജനങ്ങള്‍ക്ക് അനുഭവപ്പെടുമ്പോള്‍ മാത്രമാണ് അത് ശക്തിപ്പെടുകയും ഒരു പ്രസ്ഥാനമായി രൂപാന്തരപ്പെടുകയും ചെയ്യുന്നത്. 140 കോടി ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ ഒരു ടീം എന്ന നിലയില്‍ നമുക്ക് വലിയ അവസരമുണ്ട്' പ്രധാനമന്ത്രി പറഞ്ഞു.