വികസിത് ഭാരത് ശിക്ഷാ അധിസ്ഥാൻ എന്ന പേരിലുള്ള പുതിയ ഉന്നത വിദ്യാഭ്യാസ കമ്മിഷനെ കൊണ്ടുവരുന്നതിനായി നിലവിലുണ്ടായിരുന്ന മൂന്ന് നിയമങ്ങൾ കേന്ദ്രം പിൻവലിച്ചു. യുജിസി നിയമം, ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജുക്കേഷൻ നിയമം, നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ നിയമം എന്നിവ. ഉന്നത വിദ്യാഭ്യാസമേഖലയുടെ സമ്പൂർണവളർച്ചയ്ക്ക് ദിശാബോധം നൽകുന്നതാണ് പുതിയ ബിൽ എന്ന് കേന്ദ്രം പറയുന്നു. നിലവിൽ സാങ്കേതികവിദ്യാഭ്യാസമേഖല ഒഴിച്ചുള്ള ഉന്നത വിദ്യാഭ്യാസമേഖലയുടെ നിയന്ത്രണം യുജിസിക്കും സാങ്കേതികവിദ്യാഭ്യാസത്തിന്റെ ചുമതല ഒാൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷനും ടീച്ചർ എജുക്കേഷന്റെ ചുമതല നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷനുമാണ്. ആർക്കിടെക്ചർ ആക്ടിനുകീഴിലുള്ള സ്ഥാപനവും കമ്മിഷന് കീഴിലാവും. ഓപ്പൺ, ഡിസ്റ്റൻസ് ലേണിങ് സ്ഥാപനങ്ങൾ, ഓൺലൈൻ, ഡിജിറ്റൽ എജുക്കേഷൻ സംവിധാനങ്ങൾ എന്നിവയുടെയും നിയന്ത്രണം കമ്മിഷനായിരിക്കും.

To advertise here,

ആശങ്കകൾ
പുതിയ നിയമം വരുന്നതോടെ ഉന്നതവിദ്യാഭ്യാസമേഖലയിൽ അമിതാധികാര കേന്ദ്രീകരണത്തിന് വഴിതുറക്കുമെന്നാണ് അക്കാദമിക് രംഗത്തെ ആശങ്കകൾ. വിദ്യാഭ്യാസം സമവർത്തിപ്പട്ടികയിലായിരിക്കേ, സംസ്ഥാനസർക്കാരുകൾക്ക് ഒരു നിയന്ത്രണവുമുണ്ടാവാത്ത സ്ഥിതിവരും. നയപരവും ഭരണപരവുമായ കാര്യങ്ങളിലും നിയമനങ്ങളിലുമെല്ലാം പൂർണ അധികാരം കേന്ദ്രത്തിനാവും. ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സ്വയംഭരണവും ഫെഡറലിസവും തകർക്കും. ഉന്നത വിദ്യാഭ്യാസമേഖലയിൽ പൊതുഫണ്ടിങ്ങിനുള്ള സാധ്യതകളെയും പ്രതികൂലമായി ബാധിക്കും.

നിയമ-മെഡിക്കൽ വിദ്യാഭ്യാസമേഖല വരില്ല
പുതിയ ബിൽ നിയമ-മെഡിക്കൽ വിദ്യാഭ്യാസമേഖലകളെ പുതിയ ഉന്നതവിദ്യാഭ്യാസകമ്മിഷന്റെ പരിധിയിൽ കൊണ്ടുവരുന്നില്ല. ഇവയ്ക്കായി നിലവിലുള്ള പ്രത്യേക നിയമങ്ങൾ തുടരും.
അതായത്, ഫാർമസി കൗൺസിൽ, ബാർ കൗൺസിൽ, വെറ്ററിനറി കൗൺസിൽ, റീഹാബിലിറ്റേഷൻ കൗൺസിൽ, നാഷണൽ മെഡിക്കൽ കമ്മിഷൻ, ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ നാഷണൽ കമ്മിഷൻ, ഹോമിയോപ്പതി നാഷണൽ കമ്മിഷൻ, അലൈഡ് ആൻഡ് ഹെൽത്ത്കെയർ പ്രൊഫഷണൽസ് നാഷണൽ കമ്മിഷൻ, നാഷണൽ നഴ്സിങ് കമ്മിഷൻ, ഡെന്റൽ കമ്മിഷൻ എന്നിവയ്ക്കുകീഴിലുള്ള സ്ഥാപനങ്ങൾ പുതിയ കമ്മിഷന് കീഴിലാവില്ല.
കമ്മിഷന്റെ ചുമതലകൾ
ഉന്നതവിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമായി തന്ത്രപരമായ ദിശാബോധം നൽകുക. ഒന്നിലധികം വിഷയങ്ങളുടെ വീക്ഷണകോണിൽ നിന്നുകൊണ്ട് ഒരേ വിഷയത്തിൽ പഠനഗവേഷണ പ്രവർത്തനങ്ങളിലേർപ്പെടുന്ന സ്ഥാപനങ്ങളുടെ (മൾട്ടി ഡിസിപ്ലിനറി എജുക്കേഷൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂഷൻസ്) വിശാലനിലവാരത്തിലേക്ക് രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റിയെടുക്കുന്നതിന് രൂപരേഖ തയ്യാറാക്കുക. മൂന്ന് കൗൺസിലുകളുടെയും ഏകോപിതമായ പ്രവർത്തനം ഉറപ്പാക്കാനാവശ്യമായ നിർദേശങ്ങൾ നൽകേണ്ടത്, ഉന്നത വിദ്യാഭ്യാസകമ്മിഷൻ ആയിരിക്കും. കൗൺസിലുകളുടെ സുഗമമായ പ്രവർത്തനത്തിനാവശ്യമായ സാമ്പത്തികസഹായം നൽകേണ്ടതും കമ്മിഷന്റെ ചുമതലയാണ്. നിലവിൽ സർവകലാശാലകൾക്കും കോളേജുകൾക്കും യുജിസി ഗ്രാന്റ് ലഭ്യമാക്കുന്നുണ്ട്. പുതിയ ബില്ലിൽ പക്ഷേ, കമ്മിഷനോ കൗൺസിലുകൾക്കോ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഫണ്ട് അനുവദിക്കാനുള്ള അധികാരമില്ല.

കൗൺസിലുകളുടെ ഘടന
ഓരോ കൗൺസിലിനും ഒരു പ്രസിഡന്റും 14 വരെ അംഗങ്ങളുമാകാം. കൗൺസിലുകളുടെ പ്രസിഡന്റുമാർ ഉന്നത വിദ്യാഭ്യാസ-ഗവേഷണ രംഗത്തെ അറിയപ്പെടുന്ന വ്യക്തികളായിരിക്കണം. ഒരു പ്രൊഫസറുടേതിന് തുല്യമായി കുറഞ്ഞത് പത്തുവർഷത്തെ പ്രവൃത്തിപരിചയം വേണം. കൗൺസിൽ അംഗങ്ങളിൽ അറിയപ്പെടുന്ന വിദഗ്ധരും കേന്ദ്ര ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഒരു പ്രതിനിധിയും മറ്റ് രണ്ട് കൗൺസിലുകളുടെ പ്രതിനിധികളും ഉണ്ടായിരിക്കണം. റെഗുലേറ്ററി, സ്റ്റാൻഡേഡ്‌സ് കൗൺസിലുകളിൽ സംസ്ഥാന സർക്കാരുകളുടെ ഒരു പ്രതിനിധിയെ റൊട്ടേഷൻ ക്രമത്തിൽ നിയമിക്കണം. സെർച്ച്-സെലക്‌ഷൻ കമ്മിറ്റിയുടെ ശുപാർശപ്രകാരം രാഷ്ട്രപതിയാകും കൗൺസിലുകളിലെ പ്രസിഡന്റുമാരെയും അംഗങ്ങളെയും നിയമിക്കുക. സെർച്ച്-സെലക്‌ഷൻ സമിതിയിൽ രണ്ട് അറിയപ്പെടുന്ന വിദഗ്ധരും കേന്ദ്രസർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയും ഉണ്ടായിരിക്കണം. വിദഗ്ധരിൽ ഒരാളാകണം കമ്മിറ്റിയുടെ തലപ്പത്ത്.
മൂന്ന് കൗൺസിലുകൾ വരും
ഉന്നത വിദ്യാഭ്യാസകമ്മിഷനുകീഴിൽ മൂന്ന് കൗൺസിലുകൾ ബിൽപ്രകാരം പുതുതായി നിലവിൽവരും. 1. ഉന്നത വിദ്യാഭ്യാസമേഖലയുടെ പൊതുവായ നിയന്ത്രണത്തിനും ഏകോപനത്തിനുമായി റെഗുലേറ്ററി കൗൺസിൽ. 2. ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അക്രെഡിറ്റേഷൻ സംബന്ധമായ കാര്യങ്ങളുടെ മേൽനോട്ടത്തിനായി അക്രെഡിറ്റേഷൻ കൗൺസിൽ. 3. ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അക്കാദമിക് ഗുണനിലവാരം മെച്ചപ്പെടുത്തി ക്രോഡീകരിക്കുന്നതിനായി സ്റ്റാൻഡേഡ്‌സ് കൗൺസിൽ.
കമ്മിഷൻ ഘടന
ഉന്നത വിദ്യാഭ്യാസകമ്മിഷനിൽ ഒരു അധ്യക്ഷൻ/അധ്യക്ഷ, 12 അംഗങ്ങൾ എന്നിവരുണ്ടാകണം. അധ്യക്ഷപദവി ഓണററി പദവിയാണ്. സമൂഹത്തിൽ അംഗീകാരമുള്ളയാളും അറിയപ്പെടുന്നയാളുമായിരിക്കണം. മൂന്ന് കൗൺസിലുകളുടെയും പ്രസിഡന്റുമാർ കമ്മിഷനിൽ അംഗങ്ങളാകും. പുറമേ കേന്ദ്രസർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, അഞ്ച് അറിയപ്പെടുന്ന വിദഗ്ധർ, സംസ്ഥാന ഉന്നതവിദ്യാഭ്യാസരംഗത്തെ രണ്ട് അറിയപ്പെടുന്ന അക്കാദമിക് വിദഗ്ധർ എന്നിവരും അംഗങ്ങളായിരിക്കും. കമ്മിഷൻ അധ്യക്ഷനെയും അംഗങ്ങളെയും കേന്ദ്രസർക്കാരിന്റെ ശുപാർശപ്രകാരം നിയമിക്കേണ്ടത് രാഷ്ട്രപതിയാണ്.
കമ്മിഷൻ അധ്യക്ഷന്റെയും കൗൺസിൽ പ്രസിഡന്റുമാരുടെയും നിയമനം മൂന്നുവർഷത്തേക്കായിരിക്കും. ഇത് പരമാവധി അഞ്ചുവർഷംവരെ നീട്ടാം.

നിയമലംഘനത്തിന് പിഴ
ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഭാഗത്തുനിന്ന് നിയമലംഘനമുണ്ടായാൽ പിഴ ഈടാക്കേണ്ടത് റെഗുലേറ്ററി കൗൺസിലാണ്. 10 ലക്ഷം മുതൽ 70 ലക്ഷം രൂപവരെയാണ് പിഴശിക്ഷ. പുറമേ, കേന്ദ്ര-സംസ്ഥാന സർക്കാരുകളോട്, കുറ്റക്കാരായവർക്കെതിരേ നടപടിക്കും ശുപാർശചെയ്യാൻ റഗുലേറ്ററി കൗൺസിലിന് അധികാരമുണ്ട്. വ്യവസ്ഥാലംഘനത്തിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെ പിരിച്ചുവിടുക, ഉന്നത വിദ്യാഭ്യാസസ്ഥാപനത്തിന് അനുവദിച്ച സ്വയംഭരണാധികാരം പുനഃപരിശോധിക്കുകയോ തിരുത്തുകയോ ചെയ്യുക, സർക്കാർ ഗ്രാന്റുകൾ തടയുക, ബിരുദദാനത്തിനുള്ള അവകാശങ്ങൾ പരിഷ്കരിക്കുക, അഫിലിയേഷൻ പിൻവലിക്കുക, സ്ഥാപനം പൂട്ടാൻ ഉത്തരവിടുക തുടങ്ങിയ അധികാരങ്ങൾ കൗൺസിലിനുണ്ട്.
മുൻകൂർ അനുമതിയില്ലാതെ സർവകലാശാല പ്രവർത്തിച്ചാൽ കുറഞ്ഞത് രണ്ടുകോടിരൂപവരെയാണ് പിഴ. കേന്ദ്രസർക്കാർ നിഷ്കർഷിക്കുന്ന വിധത്തിൽ ഒരു അജുഡിക്കേറ്ററി മെക്കാനിസം റെഗുലേറ്ററി കൗൺസിൽ തയ്യാറാക്കും.

അപ്പീൽ നൽകേണ്ടത് കേന്ദ്രസർക്കാരിന്
കമ്മിഷന്റെയും കൗൺസിലുകളുടെയും ഏതുതീരുമാനത്തിനുമെതിരേ അപ്പീൽ നൽകേണ്ടത് കേന്ദ്രസർക്കാരിനാണ്.