ന്യൂഡൽഹി: മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി രാജ്യവ്യാപകമായി സൗജന്യ ഓൺലൈൻ പരിശീലന സൗകര്യം ഏർപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വകാര്യ കോച്ചിങ് സെന്ററുകളിലെ ഉയർന്ന ഫീസ് ഇടത്തരക്കാർക്കും പാവങ്ങൾക്കും വലിയ സാമ്പത്തിക ബാധ്യതയായി മാറിയ സാഹചര്യത്തിലാണ് ഈ തീരുമാനം. ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിലാണ് മോദി സുപ്രധാന പ്രഖ്യാപനം നടത്തിയത്. പരീക്ഷാ ക്രമക്കേടുകൾക്കെതിരേയുള്ള വിദ്യാർഥി പ്രതിഷേധങ്ങളുടേയും പരീക്ഷാ സമ്മർദങ്ങളുടേയും പശ്ചാത്തലത്തിലാണ് പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.
രാജ്യത്തെ ഒരുകോടി യുവാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.), സെമി കണ്ടക്ടർ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യയിൽ സൗജന്യ നൈപുണ്യ പരിശീലനവും തൊഴിലവസരവും ഉറപ്പാക്കും. ഒളിമ്പിക്‌സ് ഉൾപ്പെടെയുള്ള ആഗോള കായിക വേദികളിൽ ഇന്ത്യൻ യുവാക്കൾക്ക് കൂടുതൽ തിളങ്ങാൻ ആവശ്യമായ പിന്തുണയും അടിസ്ഥാന സൗകര്യങ്ങളും സർക്കാർ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുവജനങ്ങളിൽനിന്ന് തനിക്ക് ഒരു സഹായം വേണമെന്നും മോദി പ്രസംഗത്തിൽ അഭ്യർഥിച്ചു. രാജ്യത്തെ സെൻസസ് നടപടികൾ നിരീക്ഷിക്കുകയും അതിനുവേണ്ട വിവരങ്ങൾ പൂരിപ്പിച്ചുനൽകാൻ മാതാപിതാക്കളെ സഹായിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. എ.ഐ. മേഖല യുവാക്കൾ നയിക്കട്ടെ. ഇന്ത്യയെ ആഗോള ഇന്നവേഷൻ ഹബ്ബാക്കി മാറ്റണം. ഇത് ഡേറ്റ സെന്ററുകളുടേയും റോബോട്ടിക്‌സിന്റേയും മറ്റു നൂതന സാങ്കേതിക വിദ്യകളുടേയും കാലമാണ്. അതുകൊണ്ടുതന്നെ സാങ്കേതികവിദ്യകളുടെയെല്ലാം പ്രധാന ഹബ്ബായി ഇന്ത്യ മാറേണ്ടതുണ്ടെന്നും മോദി പറഞ്ഞു.
പ്രസംഗത്തിൽ രാജ്യത്തെ യുവാക്കളെ മോദി പ്രശംസകൊണ്ട് മൂടി. വികസിത ഭാരതം 2047 എന്ന ലക്ഷ്യം കൈവരിക്കാൻ യുവശക്തി അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കൾ വലിയ സ്വപ്‌നങ്ങൾ വെച്ചുപുലർത്തണം. 2047-ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള ദൗത്യം രാജ്യത്തെ 140 കോടി ജനങ്ങൾക്കൊപ്പം യുവാക്കളുടെ തോളിലുമാണെന്നും അദ്ദേഹം പറഞ്ഞു.
Published: 15 Aug 2026, 09:34 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented