ശ്രീനഗര്‍: മുന്‍ ഐഎഎസ് ഓഫീസര്‍ ഷാ ഫൈസല്‍ ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റിന്റെ (ജെ.കെ.പി.എം) അധ്യക്ഷ സ്ഥാനം രാജിവെച്ചു. സിവില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ച് കഴിഞ്ഞ വര്‍ഷമാണ് ഷാ ഫൈസല്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചത്. 

To advertise here,

രാഷ്ട്രീയ പ്രവര്‍ത്തനം തുടരാന്‍ കഴിയില്ലെന്നും സംഘടനയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാക്കണമെന്നും ഷാ ഫൈസല്‍ ആവശ്യപ്പെട്ടതായി ജെ.കെ.പി.എം പ്രസ്താവനയില്‍ അറിയിച്ചു. 

ഷാ ഫൈസല്‍ വീണ്ടും സിവില്‍ സര്‍വീസിലേക്ക് തന്നെ മടങ്ങുമെന്നാണ്‌ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേ സമയം ഇക്കാര്യത്തില്‍ അദ്ദേഹം ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. 

2010-ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാമനായിരുന്നു 37-കാരനായ ഷാ ഫൈസല്‍. കശ്മീരിലെ തുടര്‍ച്ചയായ കൊലപാതകങ്ങള്‍, മുസ്ലിംകളോടുള്ള വിവേചനം തുടങ്ങിയവയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ്‌ 2019-ല്‍ അദ്ദേഹം സിവില്‍ സര്‍വീസ് വിട്ട് രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചത്‌.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനുള്ള നീക്കത്തിനെതിരെയും അദ്ദേഹം കടുത്ത പ്രതിഷേധമുയര്‍ത്തിയിരുന്നു. 

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ ഷാ ഫൈസല്‍ അടക്കമുള്ള കശ്മീരിലെ നൂറോളം രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ കേന്ദ്ര സര്‍ക്കാര്‍ തടങ്കലിലാക്കുകയുണ്ടായി. കഴിഞ്ഞ മാസമാണ് അദ്ദേഹത്തെ വിട്ടയച്ചത്.