ഉത്തരകാശി: സില്‍കാര തുരങ്കത്തില്‍നിന്ന് ചൊവ്വാഴ്ച രാത്രി രക്ഷപ്പെടുത്തിയ രക്ഷപ്പെടുത്തിയ 41 തൊഴിലാളികളെയും ഋഷികേശിലെ എയിംസ് ആശുപത്രിയിലെത്തിച്ചു. വ്യോമസേനയുടെ ചിനൂക്ക് ഹെലികോപ്ടറിലാണ് ഇവരെ എത്തിച്ചത്.

To advertise here,

തൊഴിലാളികളില്‍ ആര്‍ക്കും ബാഹ്യമായി പരിക്കുകളൊന്നുമില്ല. എന്നിരുന്നാലും മുന്‍കരുതലിന്റെ ഭാഗമായാണ് എയിംസിലെത്തിച്ചത്. കൂടുതല്‍ ആരോഗ്യ പരിശോധനകള്‍ നടത്താനാണ് നീക്കം. എയിംസ് ആശുപത്രിയില്‍ 24 മണിക്കൂര്‍ തൊഴിലാളികളെ നിരീക്ഷണത്തില്‍ കിടത്തും.

17 ദിവസമായി സൂര്യപ്രകാശം തട്ടാത്തതിനെത്തുടര്‍ന്നോ മറ്റോ ഉള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന കാര്യവും അന്വേഷിക്കും. ചിന്‍യാലിസൗറില്‍നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് ഋഷികേശിലെ എയിംസ് ആശുപത്രി. വളരെ പെട്ടെന്ന് മികിച്ച ചികിത്സ ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഹെലികോപ്ടര്‍ മാര്‍ഗം തേടിയത്. 

അപകടത്തില്‍പ്പെട്ടവരെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി സന്ദര്‍ശിച്ചു. ഓരോരുത്തര്‍ക്കും ഒരു ലക്ഷം രൂപ വീതം ധനസഹായം
നല്‍കുമെന്ന കാര്യം അദ്ദേഹം അറിയിച്ചു.

ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് ആദ്യത്തെ തൊഴിലാളിയെ തുരങ്കത്തിന് പുറത്തെത്തിച്ചത്. തുടര്‍ന്ന്‌ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് നീക്കിയതോടെ ആശ്വാസത്തിന്റെ കാറ്റുവീശി. ദേശീയ ദുരന്തനിവാരണ സേനയുടെ 12 പേര്‍ വീതമടങ്ങുന്ന മൂന്നുസംഘങ്ങള്‍ തുരങ്കത്തിനുള്ളില്‍ പ്രവേശിച്ചാണ് തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.

തൊഴിലാളികള്‍ക്കും പുറംലോകത്തിനും നടുവില്‍ പ്രതിബന്ധമായിരുന്ന 60 മീറ്റര്‍ പിന്നിലാക്കിയാണ്‌ രക്ഷാപ്രവര്‍ത്തകരുടെ കരങ്ങള്‍ തൊഴിലാളികളെ തൊട്ടത്. യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള തുരക്കല്‍ മാര്‍ഗങ്ങള്‍ അടഞ്ഞതോടെ ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍നിന്നെത്തിയ ആറംഗ റാറ്റ്ഹോള്‍ മൈനേഴ്സ് സംഘം കൈക്കരുത്തുകൊണ്ട് തുരന്നാണ് രക്ഷാമാര്‍ഗമൊരുക്കിയത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കാന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ്‌ ധാമിയും ഉന്നതോദ്യോഗസ്ഥരും ചൊവ്വാഴ്ച രാത്രി തുരങ്കത്തില്‍ എത്തിച്ചേര്‍ന്നിരുന്നു.

ഝാര്‍ഖണ്ഡ് (15), ഉത്തരാഖണ്ഡ് (2), ഹിമാചല്‍പ്രദേശ് (1), ഉത്തര്‍പ്രദേശ് (8), ബിഹാര്‍ (5), പശ്ചിമബംഗാള്‍ (3), അസം (2), ഒഡിഷ (5) എന്നിവിടങ്ങളില്‍നിന്നുമുള്ള തൊഴിലാളികളാണ് ദീപാവലിനാളിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് തുരങ്കത്തിൽ കുരുങ്ങിയത്.