കൊച്ചി: രാജ്യത്തെ സൈബർ തട്ടിപ്പുകൾ നിയന്ത്രിക്കുന്നതിനുള്ള കേന്ദ്രീകൃത സംവിധാനമായ ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെന്റർ ‘ഐ4സി’യുടെ പേരിലും തട്ടിപ്പ്. കേന്ദ്രമന്ത്രിമാരുടെ എ.ഐ. വീഡിയോ ഉപയോഗിച്ചും എം. പരിവാഹൻ ചെലാൻെറ പേരിലും കോടികൾ തട്ടുന്ന കേസുകൾ കൂടുന്നതിനിടെയാണ് ഐ4സിയുടെ പേരിലും വ്യാജ നോട്ടീസ് അയച്ച് പണം തട്ടിയെടുക്കുന്നത്.
വ്യക്തികളുടെ ഐ.പി. അഡ്രസ് ഉപയോഗിച്ച് വിദേശ കറൻസികൾ വിനിമയം നടത്തിയതായും കുട്ടികളുടെ അശ്ലീലദൃശ്യമുൾപ്പെടെയുള്ള സൈറ്റുകളിൽ തിരച്ചിൽ നടത്തിയെന്നുമാരോപിച്ചാണ് ഇരകളെ ബന്ധപ്പെടുന്നത്. കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അറസ്റ്റ് വാറന്റ്, കോടതി നടപടികൾ തുടങ്ങിയവയുണ്ടാകുമെന്നും ഭീഷണിപ്പെടുത്തി കേസ് ഒഴിവാക്കാൻ പണം ആവശ്യപ്പെടും.
24 മണിക്കൂറിനുള്ളിൽ മറുപടി നൽകാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നാകും ഭീഷണി. തട്ടിപ്പ് കൂടുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. സർക്കാരോ, ലോ എൻഫോഴ്സ്‌മെന്റ് ഏജൻസികളോ, ഭീഷണിപ്പെടുത്തുന്ന നോട്ടീസുകളോ സന്ദേശങ്ങളോ അയച്ച് പണം ആവശ്യപ്പെടില്ലെന്നും അത്തരം സംഭവമുണ്ടായാൽ ഉടൻ സൈബർ പോലീസിൽ ബന്ധപ്പെടണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. എ.ഐ. അധിഷ്ഠിത ഡിജിറ്റൽ ഇന്റലിജൻസ് യൂണിറ്റ്, ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോം തുടങ്ങിയ സൈബർ സുരക്ഷാ പരിശോധന ശക്തമാക്കിയതോടെ സൈബർ തട്ടിപ്പ് സംഘങ്ങൾ പുതിയ മാർഗങ്ങൾ തേടുകയാണ്.
സൈബർ തട്ടിപ്പിനെതിരേയുള്ള സംസ്ഥാന പോലീസിന്റെ സൈ-ഹണ്ട് 2.0 സ്പെഷ്യൽ ഡ്രൈവിൽ 165 പേരെ അറസ്റ്റ് ചെയ്യുകയും 455 കേസുകൾ രജിസ്റ്റർ ചെയ്യുകയും 216 പേർക്ക് നോട്ടീസ് നൽകുകയും 306 -ഓളം ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. 400-ലധികം വ്യാജ അക്കൗണ്ടുകൾക്ക് പൂട്ടിടുകയും ചെയ്തിട്ടുണ്ട്.
ഐ4സി
ഇന്ത്യയിൽ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിൽ സ്ഥാപിച്ചിട്ടുള്ള ഏജൻസിയാണ് ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെന്റർ (ഐ4സി). അന്വേഷണഏജൻസികൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുകയും സാമ്പത്തിക തട്ടിപ്പുകൾ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയവ ഫലപ്രദമായി കൈകാര്യം ചെയ്യുകയുമാണ് ലക്ഷ്യം. സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും അന്വേഷിക്കുന്നതിനുമുള്ള പോർട്ടൽ നിയന്ത്രിക്കുകയും പോലീസിന് സാങ്കേതികവിദ്യയും ഏകോപനവും നൽകുകയും ചെയ്യുന്നു.
Content Highlights: Scammers are impersonating the government agency I4C to threaten citizens., Common tactics include fake legal notices regarding IP address misuse and illegal content., Government agencies never demand money via threatening messages or notices., State police have initiated 'Cy-Hunt 2.0' to curb rising cyber crimes., Public urged to report suspicious activities to official cyber crime portals immediately.
Published: 09 Mar 2026, 07:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented