ന്യൂഡല്‍ഹി: രാഷ്ട്രീയത്തില്‍ വ്യക്തിപരമായ ശത്രുതയ്ക്ക് സ്ഥാനമില്ലെന്നും തന്നെ ഒന്നിനും കൊളളാത്തവന്‍ എന്നുവിളിച്ച രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗഹലോത്തിനെ ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് സച്ചിന് പൈലറ്റ്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചക്കൊടുവില്‍ ഒരു മാസം നീണ്ടുനിന്ന പ്രതിഷേധം അവസാനിപ്പിച്ച് സച്ചിന് കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസിലേക്ക് മടങ്ങിയത്.
'എന്റെ കുടുംബത്തില്‍നിന്ന് ചില മൂല്യങ്ങള്‍ ഞാന്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. ഞാന്‍ ആരെ എത്രമാത്രം എതിര്‍ത്താലും ഒരിക്കലും അത്തരം ഭാഷ ഞാന്‍ പ്രയോഗിക്കില്ല.' ഗഹലോത്തിന്റെ 'നിക്കമ്മ' പ്രയോഗത്തെ കുറിച്ചുളള ചോദ്യത്തിന് സച്ചിന് മറുപടി പറഞ്ഞു. ബി.ജെ.പിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരെ സ്വാധീനിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ച സച്ചിനെ അശോക് ഗഹലോത് ഒന്നിനും കൊള്ളാത്തവന്‍ എന്നുവിളിച്ചിരുന്നു.
'അശോക് ഗഹലോത് ജി എന്നേക്കാള്‍ മുതിര്‍ന്ന വ്യക്തിയാണ്. ഞാന്‍ അദ്ദേഹത്തെ വ്യക്തിപരമായി ബഹുമാനിക്കുന്നു. എന്നാല്‍ ജോലിസംബന്ധമായ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാണിക്കാന്‍ എനിക്ക് അവകാശമുണ്ട്. എനിക്ക് വേദനിച്ചു. പക്ഷേ അതേക്കുറിച്ച് പ്രതികരിക്കാന്‍ ഞാന്‍ തയ്യാറല്ല. പൊതുവിടത്തില്‍ പെരുമാറുന്നതിന് മാന്യതയും ഒരു ലക്ഷ്മണരേഖയുമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. എന്റെ 20 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ ഞാന്‍ ആ ലക്ഷ്മണരേഖ മറികടന്നതായി വിശ്വസിക്കുന്നില്ല.' സച്ചിന് പറഞ്ഞു.
ഗഹലോത്തുമായുളള ബന്ധം വീണ്ടും മെച്ചപ്പെടുത്താന്‍ സാധിക്കാത്തത്ര വഷളായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'എനിക്കാരോടും വ്യക്തിപരമായ വിദ്വേഷങ്ങളില്ല. ഞാന്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചു. ഇനിയും അത് തുടരും. പദവി വേണമെന്നും ആവശ്യപ്പെട്ടിട്ടില്ല. എനിക്ക് കുറച്ച് പരാതികള്‍ ഉണ്ടായിരുന്നു. അതുസംബന്ധിച്ച് പാര്‍ട്ടി ഹൈക്കമാന്‍ഡ് എനിക്ക് കുറച്ച് ഉറപ്പുകള്‍ നല്‍കിയിട്ടുണ്ട്. സച്ചിന് വ്യക്തമാക്കി.
Content Highlights: I never used abusive language: Sachin Pilot
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..