
പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കമിട്ടിരിക്കുകയാണ്. നീണ്ട 15 വർഷത്തെ ടിഎംസി ഭരണം അവസാനിപ്പിച്ച് ബിജെപി അധികാരത്തിൽ വന്നത് ബംഗാളിന് നൽകുന്നത് രാഷ്ട്രീയമാറ്റം മാത്രമല്ല; അയൽരാജ്യമായ ബംഗ്ലാദേശുമായുള്ള ബന്ധത്തേയും ഇത് സ്വാധീനിച്ചേക്കാം. ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ള പശ്ചിമ ബംഗാളുമായി 2216 കിലോമീറ്റർ അതിർത്തിയാണ് ബംഗ്ലാദേശ് പങ്കിടുന്നത്. അയൽരാജ്യവുമായി ഏതെങ്കിലും ഒരു ഇന്ത്യൻ സംസ്ഥാനം പങ്കിടുന്നതിൽ ഏറ്റവും ദൈർഘ്യമേറിയ അതിർത്തിയാണിത്. അതുകൊണ്ടുതന്നെ ബംഗാളിലെ ഏത് മാറ്റവും ബംഗ്ലാദേശ് ബന്ധത്തിൽ നിർണായകമാവും. കേന്ദ്രത്തിലും ബംഗാളിലും ബിജെപി അധികാരത്തിൽ വരുന്നതോടെ രൂപപ്പെടുന്ന 'ഡബിൾ എൻജിൻ സർക്കാർ' എന്ന സങ്കല്പമാണ് ബംഗാളിനെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്. ഇത് ഫലപ്രദമായി ഉപയോഗിക്കപ്പെട്ടാൽ ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ ഇടപെടലുകൾ കൂടുതൽ സുഗമമാകും. അല്ലാത്തപക്ഷം അത്രത്തോളം തന്നെ വഷളാവുകയും ചെയ്യും. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ഏറ്റവും സങ്കീർണ്ണമായ വിഷയങ്ങളിലൊന്നാണ് അനധികൃത കുടിയേറ്റം. ബംഗാളിലെ രാഷ്ട്രീയമാറ്റം എങ്ങനെയാണ് കുടിയേറ്റ വിഷയത്തെ സ്വാധീനിക്കുകയെന്ന് പരിശോധിക്കാം.
പശ്ചിമ ബംഗാൾ, ത്രിപുര, അസം, മേഘാലയ, മിസോറം എന്നീ ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെയാണ് ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി കടന്നുപോകുന്നത്. ഏകദേശം 4,096.7 കിലോമീറ്ററാണ് ദൈർഘ്യം. ദുർഘടവും ദുഷ്‌കരവുമായ ഭൂപ്രകൃതിയാണ് ഈ പ്രദേശങ്ങളിലുള്ളത്. അതിർത്തി പരന്നുകിടക്കുന്നതാവട്ടെ, മലകൾ, നദികൾ, താഴ്‌വരകൾ തുടങ്ങിയ മേഖലകളിലൂടെയാണ്. ആകെ അതിർത്തിയിൽ ഏകദേശം 3,000 കിലോമീറ്ററിൽ ഇന്ത്യ അതിർത്തിവേലി കെട്ടിയിട്ടുണ്ട്. എന്നാൽ, അവശേഷിക്കുന്ന ഭാഗം ചതുപ്പുനിലങ്ങളും നദീതീരങ്ങളുമായതിനാൽ ഇവിടെ വേലി നിർമിക്കുന്നത് പ്രായോഗികമല്ല. മാത്രമല്ല, ഇത് ജനവാസ മേഖലയുമാണ്. കഠിനമായ ഭൂപ്രകൃതിയായിരുന്നിട്ടും ബംഗ്ലാദേശിൽനിന്ന് ഈ അതിർത്തികളിലൂടെ വ്യാപകമായ കുടിയേറ്റവും അതിർത്തി കടന്നുള്ള പ്രവർത്തനങ്ങൾ, കള്ളക്കടത്ത്, നുഴഞ്ഞുകയറ്റം തുടങ്ങിയവ നിരന്തരം നടക്കുന്നുണ്ട്.
കാലങ്ങളായി ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം പരസ്പരം സഹകരണവും ഒപ്പം പരിഹരിക്കപ്പെടാത്ത തർക്കങ്ങളും നിറഞ്ഞതാണ്. വ്യാപാരം, ഗതാഗതം, സുരക്ഷ എന്നിവയിൽ ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ട്, എന്നാൽ നദീജലം പങ്കിടൽ, കുടിയേറ്റം, അതിർത്തിയിലെ വേലി കെട്ടൽ, അതിർത്തികളിലെ അക്രമങ്ങൾ തുടങ്ങിയ വിഷയങ്ങളിൽതട്ടി പലപ്പോഴും നയതന്ത്രബന്ധം വഷളാവുകയാണ് ചെയ്തിട്ടുള്ളത്. ഇവയിൽ പല വിഷയങ്ങളുടേയും കേന്ദ്രം പശ്ചിമ ബംഗാളാണ്. തീസ്ത ജലം പങ്കിടൽ, അതിർത്തി വേലി കെട്ടൽ, നിയമവിരുദ്ധ കുടിയേറ്റം, അതിർത്തി കടന്നുള്ള വ്യാപാരം തുടങ്ങിയ പ്രധാനപ്പെട്ട ചർച്ചകളിലെല്ലാം ബംഗാൾ സർക്കാരും നേരിട്ട് ഇടപെട്ടിരുന്നു. അനധികൃത കുടിയേറ്റ വിഷയത്തിലുൾപ്പെടെ കേന്ദ്രം നടത്തുന്ന ചർച്ചകൾ പലതും ഫലവത്താകാതെ തുടരുന്നതിൽ മമത നയിച്ച ബംഗാൾ സർക്കാരിന്റെ നിലപാടുകൾക്കും പങ്കുണ്ടായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ ബിജെപി നേടിയ വിജയം ഈ സ്ഥിതിയെ മാറ്റിമറിക്കാനുള്ള സാധ്യതകളുണ്ട്. കാരണം കേന്ദ്രവും പശ്ചിമ ബംഗാൾ സർക്കാരും ഇപ്പോൾ ഒരേ പാർട്ടിയുടെ നിയന്ത്രണത്തിലാണ്. ഇത് അനധികൃത കുടിയേറ്റം, അടിസ്ഥാന സൗകര്യ വികസനം, രഹസ്യാന്വേഷണ വിവരങ്ങളുടെ പങ്കുവെക്കൽ, വ്യാപാര പാതകൾ എന്നിവയുടെ ചർച്ചകൾ സുഗമമാക്കും. കേന്ദ്രത്തിനും ബംഗാൾ സർക്കാരിനും ഇടയിൽ എക്കാലവും തർക്കവിഷയമായിരുന്ന നദീജല ചർച്ചകൾ എന്നിവയിലും ഏകോപനം എളുപ്പമാക്കിയേക്കാം.
കുടിയേറ്റത്തിൽ കുടുങ്ങുമോ?
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധത്തിൽ പരിഹരിക്കപ്പെടാത്ത പ്രതിസന്ധിയാണ് അനധികൃത കുടിയേറ്റം. പശ്ചിമ ബംഗാളിലും അസമിലും ബിജെപി നേടിയ വിജയം ഈ വിഷയത്തെ കൂടുതൽ ഗൗരവമുള്ളതാക്കി മാറ്റുന്നു. ഇന്ത്യയിൽ ഏകദേശം ഒന്നര കോടി അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരുണ്ടെന്നാണ് ബിജെപി സർക്കാരും അതുമായി ബന്ധപ്പെട്ട സംഘടനകളും അവകാശപ്പെടുന്നത്. ഇതിനകം രാജ്യത്ത് എത്തിയവരെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതും അവരെ തിരികെ അയക്കുന്നതും വലിയൊരു നയതന്ത്ര പ്രതിസന്ധിയായി സർക്കാരിന് മുന്നിലുണ്ട്. രേഖകളില്ലാത്ത കുടിയേറ്റക്കാർ ഇന്ത്യയുടെ ജനസംഖ്യയ്ക്ക് ഭീഷണിയാണെന്നാണ് മോദി സർക്കാരിന്റെ നിലപാട്. ഇവരെ തിരികെ അയക്കുമെന്നും അനധികൃത കുടിയേറ്റം തടയുമെന്നും സർക്കാർ ആവർത്തിച്ച് പറയുന്നു. അനധികൃതമായി ഇന്ത്യയിലേക്ക് കടക്കുന്നവരേയും കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവരേയും അവരുടെ മാതൃരാജ്യത്തേക്ക് തിരിച്ചയക്കണമെന്നാണ് ഇന്ത്യയുടെ ഔദ്യോഗിക നയം. അനധികൃതമായി രാജ്യത്ത് തുടരുന്നവരെ കണ്ടെത്താനായി 2025 മുതൽ കർശനമായ നടപടികൾ ഇന്ത്യ സ്വീകരിക്കുന്നുണ്ട്. ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നത് മുതൽ വോട്ടർ പട്ടികയിലെ ശുദ്ധീകരണമടക്കം ഇന്ത്യ സ്വീകരിച്ച നടപടികളിൽ ഉൾപ്പെടുന്നു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ഇമിഗ്രേഷൻ നിയമം അനുസരിച്ച്, അനധികൃതമായി താമസിക്കുന്ന വിദേശികളെ കണ്ടെത്താൻ ഓരോ ജില്ലയിലും പ്രത്യേക ടാസ്‌ക് ഫോഴ്സുകൾ രൂപീകരിച്ചിട്ടുണ്ട്. നടപടികൾ പൂർത്തിയാകുന്നതു വരെ കുടിയേറ്റക്കാരെ പാർപ്പിക്കാൻ പ്രത്യേക 'ഹോൾഡിംഗ് സെന്ററുകളും' നിലവിൽ വരുന്നുണ്ട്.
അതേസമയം, കുടിയേറ്റക്കാരെ ബലമായി അതിർത്തി കടത്തിവിടാനുള്ള ഇന്ത്യയുടെ ഏതൊരു നീക്കത്തിനും ശക്തമായി മറുപടി നൽകുമെന്നാണ് ബംഗ്ലാദേശ് സർക്കാരിന്റെ മുന്നറിയിപ്പ്. തങ്ങളുടെ പൗരന്മാർ ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറുന്നില്ലെന്നും ബംഗ്ലാദേശ് വാദിക്കുന്നു. ബംഗ്ലാദേശിന്റെ സാമ്പത്തിക വളർച്ച മെച്ചപ്പെട്ടുവെന്നും അതിനാൽ തൊഴിൽ തേടി ഇന്ത്യയിലേക്ക് പോകേണ്ട സാഹചര്യം പൗരന്മാർക്കില്ലെന്നും അവർ ആവർത്തിക്കുന്നു. ഇന്ത്യ കുടിയേറ്റക്കാരെ നാടുകടത്താൻ ശ്രമിക്കുമ്പോൾ ബംഗ്ലാദേശ് അത് അംഗീകരിക്കുന്നില്ല. ആ വ്യക്തി ബംഗ്ലാദേശ് പൗരനാണെന്ന് തെളിയിക്കുന്ന കൃത്യമായ രേഖകൾ ഇന്ത്യ ഹാജരാക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. മതിയായ രേഖകളില്ലാതെ ഇന്ത്യ അയക്കുന്നവരെ സ്വീകരിക്കാൻ ബംഗ്ലാദേശ് വിസമ്മതിക്കുന്നതിനാൽ കുടിയേറ്റക്കാരുടെ നാടുകടത്തൽ പ്രക്രിയ നീണ്ടുപോവുകയും ചെയ്യുന്നു. അതിർത്തിയിലൂടെ ബിഎസ്എഫ് (BSF) ആളുകളെ ബംഗ്ലാദേശിലേക്ക് തിരിച്ചുവിടാൻ ശ്രമിക്കുന്നതിനെ (Push-back) ബംഗ്ലാദേശ് ഗാർഡ്‌സ് (BGB) ശക്തമായി എതിർക്കാറുണ്ട്. ഇത് പലപ്പോഴും അതിർത്തിയിൽ ഇരുസേനകളും തമ്മിലുള്ള സംഘർഷത്തിന് കാരണമാകാറുണ്ട്. കൃത്യമായ നിയമനടപടികളിലൂടെയും ചർച്ചകളിലൂടെയും മാത്രമേ ആളുകളെ കൈമാറാവൂ എന്നാണ് ബംഗ്ലാദേശിന്റെ പക്ഷം. ബംഗ്ലാദേശ് ഉയർത്തുന്ന മറ്റൊരു പ്രധാന കാര്യം ലക്ഷക്കണക്കിന് റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് തങ്ങൾ അഭയം നൽകുന്നു എന്നതാണ്. സ്വന്തം രാജ്യം ഇത്ര വലിയൊരു മാനുഷിക പ്രശ്‌നം കൈകാര്യം ചെയ്യുമ്പോൾ, ഇന്ത്യ കുടിയേറ്റത്തിന്റെ പേരിൽ സമ്മർദ്ദം ചെലുത്തുന്നത് ശരിയല്ലെന്ന പരോക്ഷ നിലപാടും അവർക്കുണ്ട്.
അനധികൃത കുടിയേറ്റ വിഷയത്തിൽ തികച്ചും വ്യത്യസ്തമായ നിലപാടാണ് മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനുമുള്ളത്. അനധികൃത കുടിയേറ്റക്കാരെ 'നുഴഞ്ഞുകയറ്റക്കാർ' (Infiltrators) എന്ന് വിളിക്കുന്ന ബിജെപിയുടെ രാഷ്ട്രീയ പ്രചാരണത്തെ മമത ശക്തമായി എതിർത്തിട്ടുണ്ട്. പശ്ചിമ ബംഗാളിൽ താമസിക്കുന്ന, ബംഗാളി സംസാരിക്കുന്ന മുസ്ലീങ്ങളെയും ദരിദ്രരായ കുടിയേറ്റ തൊഴിലാളികളെയും ലക്ഷ്യം വെക്കാനാണ് ബിജെപി ഈ ആരോപണം ഉന്നയിക്കുന്നതെന്നാണ് മമതയുടെ വാദം. മമതയുടെ നിലപാടിൽ ബംഗ്ലാദേശിൽനിന്ന് വന്നവർ കുടിയേറ്റക്കാരല്ല, അഭയാർത്ഥികളാണ്. ദശാബ്ദങ്ങൾക്ക് മുമ്പ് വിഭജനകാലത്തോ അതിനുശേഷമോ വന്നവർക്ക് ഇന്ത്യയിൽ ജീവിക്കാൻ അവകാശമുണ്ടെന്നും അവർ വോട്ട് ചെയ്യുന്നവരാണെങ്കിൽ അവർ ഇന്ത്യൻ പൗരന്മാരാണെന്നുമാണ് മമതയുടെ വാദം. അതിനാൽ തന്നെ ഇവരെ 'നുഴഞ്ഞുകയറ്റക്കാർ' (Infiltrators) എന്ന് വിളിക്കുന്നതിനെ അവർ ശക്തമായി എതിർക്കുന്നു. അതിനാൽ തന്നെ പൗരത്വം തെളിയിക്കാനുള്ള നിയമങ്ങൾ നടപ്പാക്കുന്നതിനെ മമത ശക്തമായി എതിർക്കുകയും ചെയ്തിട്ടുണ്ട്.
അനധികൃത കുടിയേറ്റത്തെ 'വോട്ട് ബാങ്ക്' രാഷ്ട്രീയത്തിനായി മമത ഉപയോഗിക്കുന്നു എന്നതാണ് ബിജെപിയുടെ പ്രധാന ആരോപണം. കുടിയേറ്റക്കാർക്ക് വ്യാജരേഖകൾ ഉണ്ടാക്കി നൽകാനും അവരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനും തൃണമൂൽ കോൺഗ്രസ് പ്രാദേശിക തലത്തിൽ സഹായിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും പലതവണ ആരോപിച്ചിട്ടുണ്ട്. എന്നാൽ, അതിർത്തി കാക്കുന്നത് കേന്ദ്രത്തിന് കീഴിലുള്ള ബിഎസ്എഫ് ആണെന്നും കുടിയേറ്റം നടക്കുന്നുണ്ടെങ്കിൽ അത് കേന്ദ്രത്തിന്റെ പരാജയമാണെന്നുമാണ് മമത തിരിച്ചടിക്കുന്നത്.
അനധികൃത കുടിയേറ്റത്തെ ആയുധമാക്കിയ ബിജെപി
അനധികൃത കുടിയേറ്റം എന്നത് ബിജെപിയുടെ പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയമായിരുന്നു. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് കുടിയേറ്റം തടയുന്നതുമായി ബന്ധപ്പെട്ട് അവർ നൽകിയ വാഗ്ദാനങ്ങളാണെന്ന വിലയിരുത്തലുകളുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവർത്തിച്ചത് 'സീറോ ടോളറൻസ്' നയത്തെ കുറിച്ചാണ്. ബിജെപി അധികാരത്തിൽ വന്നാൽ ബംഗാളിലേക്ക് ഒരാൾ പോലും അനധികൃതമായി കടക്കില്ലെന്നും 'അതിർത്തിയിൽ ഒരു പഴുതുപോലുമില്ലാത്ത വിധം വേലി കെട്ടുമെന്നും ഷാ ആവർത്തിച്ചു. ഇന്ത്യയിൽ നിലവിലുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അവരെ പുറത്താക്കും എന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ (Sankalpa Patra) പ്രധാന വാഗ്ദാനമായിരുന്നു. 'നുഴഞ്ഞുകയറ്റക്കാർ ബംഗാളിലെ യുവാക്കളുടെ തൊഴിലും പാവപ്പെട്ടവരുടെ റേഷനും കവർന്നെടുക്കുന്നു' എന്ന സാമ്പത്തിക വശമാണ് ബിജെപി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. അനധികൃത കുടിയേറ്റം കേവലം പ്രാദേശിക പ്രശ്‌നമല്ല, മറിച്ച് രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്ന് ബിജെപി വാദിച്ചു. അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങളും കള്ളക്കടത്തും തടയാൻ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് അവർ ജനങ്ങൾക്ക് ഉറപ്പു നൽകി. ബംഗാളിലെ വോട്ടർ പട്ടികയിൽ ലക്ഷക്കണക്കിന് നുഴഞ്ഞുകയറ്റക്കാർ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും അധികാരത്തിൽ വന്നാൽ പട്ടിക പൂർണ്ണമായും ശുദ്ധീകരിക്കുമെന്നും ബിജെപി നേതാക്കളായ സുവേന്ദു അധികാരിയും പ്രചാരണവേളയിൽ പറഞ്ഞിരുന്നു.
2026-ലെ തിരഞ്ഞെടുപ്പിൽ 294-ൽ 206 സീറ്റുകൾ നേടി ബിജെപി വൻവിജയം നേടിയത് ഈ പ്രചാരണം വോട്ടർമാരെ സ്വാധീനിച്ചു എന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. പ്രത്യേകിച്ച് ബംഗ്ലാദേശ് അതിർത്തിയോട് ചേർന്ന് കിടക്കുന്ന ജില്ലകളിൽ ബിജെപിക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാൻ ഈ വിഷയം സഹായിച്ചു. അധികാരത്തിൽ വന്നതിന് പിന്നാലെ, ഈ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി വേലി കെട്ടാൻ ബി.എസ്.എഫിന് ഭൂമി നൽകാനും മറ്റും പുതിയ പശ്ചിമ ബംഗാൾ സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗിച്ച വർഗീയ ധ്രുവീകരണവും കുടിയേറ്റ വിരുദ്ധ പ്രസ്താവനകളും ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ ഭൗമരാഷ്ട്രീയ തന്ത്രങ്ങളെയും ദീർഘകാല സൗഹൃദത്തെയും പ്രതികൂലമായി ബാധിച്ചേക്കാം.
കേന്ദ്രത്തിന് സുവർണാവസരം
ബംഗാളിലെ ബിജെപി വിജയത്തെ കേവലം ഒരു രാഷ്ട്രീയ വിജയമായല്ല, മറിച്ച് അനധികൃത കുടിയേറ്റം തടയുന്നതുമായി ബന്ധപ്പെട്ട ദേശീയ സുരക്ഷ വർധിപ്പിക്കാനുള്ള മാർഗം കൂടിയായാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിശേഷിപ്പിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ബിജെപി നേതാക്കൾ നടത്തിയ കടുത്ത പ്രസ്താവനകൾ നയതന്ത്ര ബന്ധത്തിൽ നിഴൽ വീഴ്ത്തുന്നുണ്ട്. ബംഗ്ലാദേശിൽനിന്നുള്ള കുടിയേറ്റക്കാരെ അദ്ദേഹം 'ചിതലുകൾ' എന്ന് വിശേഷിപ്പിക്കുകയും അവരെ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പശ്ചിമ ബംഗാളിൽ പുതിയതായി ചുമതലയേറ്റ മുഖ്യമന്ത്രി സുവേന്ദു അധികാരിയാവട്ടെ കുടിയേറ്റക്കാരെ അതിർത്തി കടത്തി നാടുകടത്തണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന ആളാണ്. ഈ സാഹചര്യം നിലനിൽക്കെ, ബംഗാളിലും കേന്ദ്രത്തിലും ഒരേ പാർട്ടി അധികാരത്തിൽ വരുന്നത് സർക്കാരിന് അനധികൃത കുടിയേറ്റത്തിനെതിരേയുള്ള നിലപാടുകൾ കർശനമായി നടപ്പാക്കാൻ സഹായിക്കും. അതിർത്തികളിൽ കൂടുതൽ കർശനമായ പോലീസ് നിരീക്ഷണം ഏർപ്പെടുത്താനും നുഴഞ്ഞുകയറ്റം തടയാൻ വേലികൾ നിർമ്മിക്കാനും ആവശ്യമെങ്കിൽ മറ്റ് പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്താനുമുള്ള ശ്രമങ്ങളിലായിരിക്കും സർക്കാർ. അങ്ങനെയെങ്കിൽ അത് ബംഗ്ലാദേശുമായുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതകളാണ് മുന്നിലുള്ളത്.
അതിർത്തിയിൽ മുതലയും പാമ്പുകളും?
അനധികൃത കുടിയേറ്റം തടയാനും അതിർത്തി സംരക്ഷിക്കാനും നരഭോജികളായ മുതലകളേയും കൊടിയവിഷം ചീറ്റുന്ന പാമ്പുകളേയും വിന്യസിക്കാൻ ഇന്ത്യ ഒരുങ്ങുന്നുണ്ടോ? ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റം തടയാൻ 'സ്വാഭാവിക പ്രതിരോധങ്ങൾ' ഏർപ്പെടുത്താനുള്ള ചർച്ചകൾ ഇന്ത്യയിൽ ഇതിനകംതന്നെ വിവാദമായി കഴിഞ്ഞിരിക്കുന്നു. അതിർത്തി വേലികൾ പോലുള്ള പ്രതിരോധ സംവിധാനങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ കഴിയാത്ത മേഖലയിലാണ് ഇത്തരം ബദൽ സംവിധാനങ്ങൾ പ്രയോഗിക്കാൻ ഇന്ത്യ പദ്ധതിയിടുന്നത് എന്നാണ് റിപ്പോർട്ടുകൾ. പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളുമായി പങ്കിടുന്ന അന്താരാഷ്ട്ര അതിർത്തികളിലൂടെ ഇന്ത്യയിലേക്കുള്ള കുടിയേറ്റം വ്യാപകമാണ്. അതിർത്തി സുരക്ഷ ദുർബലമായ ഈ മേഖലകളിലെ പ്രതിരോധം വർധിപ്പിക്കാൻ ആവശ്യമായ നടപടികളെ കുറിച്ച് സാധ്യതാപഠനം നടത്തണമെന്ന് ബിഎസ്എഫ് സുരക്ഷാസംഘത്തിന് നിർദേശം ലഭിച്ചിട്ടുള്ളതായാണ് സൂചന. നദീതീരങ്ങളിൽ മുതലകളെ വിന്യസിക്കുക, വനമേഖലകളിൽ പാമ്പുകളുടെ സാന്നിധ്യം വർധിപ്പിക്കുക തുടങ്ങിയ സാധ്യതകളെ കുറിച്ചാണ് സംഘം പഠിക്കുന്നത്. ബംഗ്ലാദേശുമായുള്ള അതിർത്തിയിൽ 'ബദൽ വേലി' കെട്ടാനുള്ള പുതിയ നീക്കം ഇന്ത്യയിലെ മനുഷ്യാവകാശ പ്രവർത്തകരേയും വന്യജീവി സംരക്ഷകരേയും ഒരുപോലെ ആശങ്കപ്പെടുത്തുകയാണ്.
അനധികൃത കുടിയേറ്റം കേവലം ഒരു അതിർത്തി പ്രശ്‌നമല്ല, മറിച്ച് ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹിക, സുരക്ഷാ മേഖലകളിൽ വലിയ ആഘാതങ്ങൾ സൃഷ്ടിക്കുന്ന പ്രതിസന്ധിയാണ് അത്. 2026-ലെ രാഷ്ട്രീയ മാറ്റങ്ങളും പുതിയ നിയമപരിഷ്‌കാരങ്ങളും ഈ പ്രശ്‌നത്തെ നേരിടുന്നതിൽ ഇന്ത്യ കാണിക്കുന്ന ഗൗരവമാണ് വ്യക്തമാക്കുന്നത്. അതിർത്തികൾ പൂർണ്ണമായും സുരക്ഷിതമാക്കുന്നതിനും കൃത്യമായ പൗരത്വ രേഖകൾ ഉറപ്പാക്കുന്നതിനും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഏകോപിത നീക്കങ്ങൾ അത്യന്താപേക്ഷിതമാണ്. എങ്കിലും, വേലികളും നിയമങ്ങളും കൊണ്ട് മാത്രം പരിഹരിക്കാൻ കഴിയാത്ത സാമ്പത്തിക, മാനുഷിക വശങ്ങൾ ഈ പ്രശ്‌നത്തിനുണ്ട്. അയൽരാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിലൂടെയും അതിർത്തി മേഖലകളിലെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിലൂടെയും മാത്രമേ ദീർഘകാലാടിസ്ഥാനത്തിൽ ഈ വെല്ലുവിളിക്ക് ശാശ്വത പരിഹാരം കാണാൻ സാധിക്കൂ. അതാണ് ഇന്ത്യയ്ക്കും ബംഗ്ലാദേശിനും മുന്നിലുള്ള വെല്ലുവിളിയും.
Content Highlights: BJP victory in 2026 West Bengal elections shifts regional geopolitical dynamics., Alignment of central and state governments facilitates stricter migration control policies., Proposed 'natural defense' measures at the border spark international diplomatic controversy., Long-term impact on trade, infrastructure, and bilateral diplomacy with Bangladesh., Shift from humanitarian discourse to strict security-focused border management.
Published: 14 May 2026, 05:30 pm IST
ABOUT THE AUTHOR

Aswathy Anil
aswathyanil@mpp.co.inRelated Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented