ഝാർഖണ്ഡിന് പ്രായം 24. ഈ കാലത്ത് 13 തവണ മുഖ്യമന്ത്രിമാർ മാറി മാറി വന്നു. മൂന്നു തവണ രാഷ്ട്രപതി ഭരണവും. യൗവ്വനതീക്ഷ്ണതയിൽ നിൽക്കുമ്പോൾ സംസ്ഥാനത്തിന് പറയാനുള്ളത് അധികാരമാറ്റത്തിന്റെയും സഖ്യ തകർച്ചകളുടെയും സംഭവബഹുലമായ കഥകളാണ്. അസ്ഥിരതയാണ് മുഖമുദ്ര. അതുകൊണ്ടു തന്നെ കൂടുതൽ രാഷ്ട്രീയ ശ്രദ്ധയർഹിക്കുന്നതാണ് ഓരോ തിരഞ്ഞെടുപ്പുകളും.
ബി.ജെ.പിയും കോൺഗ്രസും പോലുള്ള ദേശീയ പാർട്ടികൾക്ക് വ്യക്തമായ ആധിപത്യം സ്ഥാപിക്കാൻ ഇനിയും സാധിച്ചിട്ടില്ലാത്ത സംസ്ഥാനമാണ് ഝാർഖണ്ഡ്. അവിടെ ഇന്നും ജെ.എം.എം. പോലുള്ള പ്രാദേശിക പാർട്ടികൾക്കാണ് സ്വാധീനം. പ്രാദേശിക പാർട്ടികളുമായി ചേർന്ന് കോൺഗ്രസും ബി.ജെ.പിയും രൂപവത്കരിക്കുന്ന സഖ്യ സർക്കാരുകളാണ് സംസ്ഥാനത്ത് ഭരണത്തിൽ എത്താറുള്ളത്. ഝാർഖണ്ഡിൽ സുസ്ഥിരമായ രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പിയും കോൺഗ്രസും, പലപ്പോഴും അത് കടുത്ത രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് നീങ്ങിയിട്ടുമുണ്ട്.
എന്തുകൊണ്ടാണ് ഝാർഖണ്ഡ് രാഷ്ട്രീയം ഇങ്ങനെയൊക്കെയാവുന്നത് എന്നറിയണമെങ്കിൽ, ആ നാടിനേപ്പറ്റിയും അവിടത്തെ സംസ്കാരത്തേപ്പറ്റിയും അറിയണം. ഗോത്ര സംസ്‌കാരം, ധാതു സമ്പത്ത്, സാമ്പത്തിക പാർശ്വവൽക്കരണത്തിന്റെ ചരിത്രം എന്നിവയാൽ രൂപപ്പെട്ടതാണ് ഝാർഖണ്ഡിന്റ രാഷ്ട്രീയ ഭൂമിക. സാമൂഹിക-സാമ്പത്തിക പരിസ്ഥിതി, വികസനത്തിനും ആദിവാസി അവകാശങ്ങൾക്കുമിടയിലുള്ള തുടർച്ചയായ പോരാട്ടം എന്നിവ സംസ്ഥാനത്തിന്റെ രാഷ്ട്രീയത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഝാർഖണ്ഡിന്റെ തിരഞ്ഞെടുപ്പ് ചരിത്രം സഖ്യ സർക്കാരുകളുടെതാണ്. സഖ്യകക്ഷികളുടെ വ്യത്യസ്ത താൽപ്പര്യം സംസ്ഥാന ഭരണത്തിൽ അസ്ഥിരതയ്ക്ക് വഴി തുറന്നു. സംസ്ഥാനത്ത് ഏകദേശം 26 ശതമാനവും ഗോത്ര ജനവിഭാഗമാണ്. ഗോത്രവിഭാഗത്തിൽ നിന്നുള്ള നേതാക്കളും മറ്റു നേതാക്കളും തമ്മിലുള്ള ആശയപരമായ സംഘർഷങ്ങൾ പ്രാദേശിക പാർട്ടികളിലും സഖ്യങ്ങളിലും വിള്ളലുകൾ വീഴ്ത്തി. പ്രത്യയശാസ്ത്രത്തിലും നയപരമായ മുൻഗണനകളിലുമുള്ള വ്യത്യാസങ്ങൾ സഖ്യ സർക്കാരുകളെ ദുർബലമാക്കി. അടിക്കടിയുള്ള കൂറുമാറ്റങ്ങൾ, രാഷ്ട്രീയ ചേരിതിരിവുകൾ, ഹ്രസ്വകാല നേട്ടങ്ങൾക്കായി നേതാക്കളുടെ പാർട്ടി മാറൽ എന്നിവ ഝാർഖണ്ഡിൽ സാധാരണമാണ്.
ജനസംഖ്യയുടെ 26 ശതമാനം പട്ടികവർഗക്കാരാണ്. സന്താൾ, ഒറോൺ, മുണ്ടാ, ഹോസ് എന്നിവയുൾപ്പെടെ നിരവധി ഗോത്ര സമൂഹങ്ങളുണ്ട് ഇവിടെ. അതുകൊണ്ടു തന്നെ ഗോത്രജനതയുടെ ഭൂമിയുടെ അവകാശങ്ങൾ, സംസ്‌കാര സംരക്ഷണം, സ്വയംഭരണം എന്നിവയൊക്കെയാണ് പ്രധാന രാഷ്ട്രീയ അജൻഡകൾ. 2000-ൽ ഝാർഖണ്ഡ് സംസ്ഥാനമുണ്ടാകുന്നത് ഗോത്രവർഗ നേതാക്കളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ വർഷങ്ങളോളം നീണ്ട വാദപ്രതിവാദത്തിന്റെ ഫലമായായിരുന്നു. ഗോത്രജനതയുടെ സാമൂഹിക-സാമ്പത്തിക ആവശ്യങ്ങൾ പരിഹരിക്കാൻ കഴിയുന്ന ഒരു ഭരണ സംവിധാനമായിരുന്നു അവരുടെ ആവശ്യം.
സ്വാതന്ത്ര്യ സമര സേനാനി ബിർസ മുണ്ട ഉൾപ്പെടെയുള്ള ഗോത്രനേതാക്കളും ഝാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം.) പോലുള്ള പ്രസ്ഥാനങ്ങളുമാണ് ഗോത്രവർഗങ്ങൾക്ക് അനുകൂലമായ രാഷ്ട്രീയ നീക്കങ്ങൾക്ക് ശക്തിപകർന്നത്. അന്നും ഇന്നും ഝാർഖണ്ഡിൽ ഗോത്രവർഗ വോട്ടുകൾ ഒരു പോലെ നിർണായക ഘടകമാണ്. ആദിവാസി അവകാശങ്ങൾക്കായി വാദിക്കുന്ന ഏറ്റവും പ്രമുഖ രാഷ്ട്രീയ ശക്തിയായ ജെ.എം.എം. പോലുള്ള പ്രാദേശിക പാർട്ടികളാണ് ആദിവാസി മേഖലകളെ പ്രധാനമായും പ്രതിനിധീകരിക്കുന്നത്.
ഭൂമിയുടെ അവകാശം, അതാണ് ഝാർഖണ്ഡിന്റെ രാഷ്ട്രീയത്തിന്റെ കാതൽ. ഇന്നും അതിന്റെ പേരിൽ രൂപം കൊള്ളുന്ന രാഷ്ട്രീയ സംഘർഷങ്ങളും കുറവല്ല.
ഛോട്ടാനാഗ്പൂർ ടെനൻസി (സി.എൻ.ടി.) ആക്ട്, സന്താൾ പർഗാനാസ് ടെനൻസി (എസ്.പി.ടി.) നിയമം എന്നിവയിലൂടെ ആദിവാസി ഭൂമികൾ ആദിവാസികളല്ലാത്തവർക്ക് കൈമാറുന്നതിൽ നിന്ന് സംരക്ഷിക്കുന്നു. കൊളോണിയൽ കാലഘട്ടത്തിൽ ഈ നിയമങ്ങൾ സ്ഥാപിക്കപ്പെട്ടത് ആദിവാസികളുടെ ഭൂമി സംരക്ഷിക്കുന്നതിനാണ്. എന്നാൽ, വ്യാവസായിക ആവശ്യങ്ങളും ഭൂമിയുടെ ആവശ്യവും കാരണം ഈ നിയമങ്ങൾ നടപ്പിലാക്കുന്നതിലും ഉയർത്തിപ്പിടിക്കുന്നതിലും മാറിമാറി വരുന്ന സർക്കാരുകൾ വെല്ലുവിളികൾ നേരിട്ടു. സർക്കാരുകൾ വ്യാവസായിക ആവശ്യങ്ങൾക്കായി ഭൂമി പാട്ടത്തിന് നൽകുന്നതിന് ഈ നിയമങ്ങളിൽ ഭേദഗതി വരുത്താൻ ശ്രമിച്ചു. എന്നാൽ ഇത് തങ്ങളുടെ പരമ്പരാഗത ഭൂമി കുടിയൊഴിപ്പിക്കപ്പെടുമെന്നും നഷ്ടപ്പെടുമെന്നും ഭയന്ന ഗോത്രസമൂഹം പ്രതിഷേധവുമായി രംഗത്തെത്തി. ഈ നിയമങ്ങളെ ദുർബലപ്പെടുത്തുന്നത് ആദിവാസി സമൂഹങ്ങളുടെ സാമൂഹിക സാംസ്‌കാരിക ഘടനയെ ഇല്ലാതാക്കുമെന്ന് ആദിവാസി നേതാക്കളും പ്രവർത്തകരും വാദിക്കുന്നു.
കൽക്കരി, ഇരുമ്പ്, ബോക്സൈറ്റ് എന്നിവയുടെ വലിയ ശേഖരങ്ങളുള്ള ഝാർഖണ്ഡ് ധാതു സമ്പന്നമാണ്. ഖനന പദ്ധതികൾ ഭൂമിയുടെ സ്ഥാനചലനത്തിനും പാരിസ്ഥിതിക തകർച്ചയ്ക്കും കാരണമാകുമെന്നതിനാൽ വ്യവസായവൽക്കരണം പലപ്പോഴും ഗോത്രസമൂഹം എതിർത്തു. എന്നാൽ, തൊഴിലവസരങ്ങൾ, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം, തീരുമാനങ്ങൾ എടുക്കുന്നതിലും തദ്ദേശവാസികൾക്കുള്ള ആനുകൂല്യങ്ങളിലും മതിയായ പ്രാതിനിധ്യം ഉൾപ്പെടുത്തുക മുതലായ ആവശ്യങ്ങൾ അംഗീകരിക്കുകയാണെങ്കിൽ ആദിവാസി സമൂഹം പൊതുവെ വ്യവസായ വികസനത്തെ പിന്തുണയ്ക്കുന്നു.
2000 ൽ ബിഹാറിൽ നിന്ന് വിഭജിക്കപ്പെട്ട് ഝാർഖണ്ഡ് സംസ്ഥാനം രൂപവത്കരിച്ചപ്പോൾ അധികാരത്തിലെത്തിയത് ബി.ജെ.പിയായിരുന്നു. ബി.ജെ.പിയുടെ ബാബുലാൽ മറണ്ടി സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി. എന്നാൽ, സംസ്ഥാന രാഷ്ട്രീയത്തിൽ അസ്ഥിരത രൂപപ്പെടാൻ അധികം സമയം വേണ്ടിവന്നില്ല. മൂന്ന് വർഷമാണ് മറണ്ടി മുഖ്യമന്ത്രി കസേരയിൽ ഇരുന്നത്(2003 വരെ). പാർട്ടിക്കുള്ളിൽ അദ്ദേഹത്തിനെതിരെ എതിർപ്പ് രൂപപ്പെട്ടു. സ്വന്തം പാർട്ടിയിലെ വിമതരുടെ സമ്മർദ്ദം മൂലം 2003-ൽ മറണ്ടിക്ക് രാജിവെക്കേണ്ടി വന്നു.
മറണ്ടിക്ക് പകരം മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തിയത് അർജുൻ മുണ്ടയായിരുന്നു. 2005ൽ മന്ത്രിസഭയുടെ കാലാവധി പൂർത്തിയാകുന്നതു വരെ അദ്ദേഹം മുഖ്യമന്ത്രിയായി തുടർന്നെങ്കിലും ഭരണം അസ്ഥിരമായിരുന്നു. സഖ്യകക്ഷികളുടെ പിന്തുണ നിലനിർത്തുന്നതിൽ മുണ്ടയ്ക്കും വെല്ലുവിളികൾ നേരിട്ടു. ഗോത്രവർഗ അവകാശങ്ങൾ, ഭൂപരിഷ്‌കരണം, സഖ്യത്തിനുള്ളിലെ വിഭാഗീയത എന്നിവ രാഷ്ട്രീയ പ്രതിസന്ധികൾക്ക് വഴി തുറന്നു.
2005-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷവും സംസ്ഥാനത്ത് അസ്ഥിരത തുടരുന്ന കാഴ്ചയായിരുന്നു. തൂക്കുമന്ത്രി സഭയാണ് 2005 മാർച്ചിൽ അധികാരത്തിലെത്തിയത്. ജെ.എം.എം. നേതാവും പ്രമുഖ ഗോത്രവർഗ നേതാവുമായ ഷിബു സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയെങ്കിലും ഒമ്പത് ദിവസം മാത്രമാണ് മുഖ്യമന്ത്രിക്കസേരയിലിരിക്കാൻ കഴിഞ്ഞത്. സംസ്ഥാന നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് അദ്ദേഹം രാജിവെച്ചു.
സോറൻ പുറത്തായതോടെ എ.ജെ.എസ്.യു. പോലുള്ള ചെറിയ പാർട്ടികളുടെയും സ്വതന്ത്രരുടെയും സഹായത്തോടെ അർജുൻ മുണ്ട അധികാരത്തിൽ തിരിച്ചെത്തി. എന്നാൽ സഖ്യത്തിനുള്ളിലെ ആഭ്യന്തര കലഹങ്ങൾ പരിഹരിക്കാൻ കഴിയാതെ വന്നതോടെ 2006 ൽ മുണ്ട സർക്കാരും അധികാര തകർച്ചയിലേക്ക് നീങ്ങി.
മുണ്ടയുടെ രാജിക്കുശേഷം, സ്വതന്ത്ര നിയമസഭാംഗമായ മധു കോഡയെ ജെ.എം.എം., കോൺഗ്രസ്, മറ്റ് ചെറിയ പാർട്ടികൾ ഉൾപ്പെട്ട സഖ്യം മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തു. ഭരണകാലമത്രയും അഴിമതി ആരോപണങ്ങൾ നേരിട്ടതോടെ വിരുദ്ധ താൽപ്പര്യങ്ങളുള്ള ഭിന്നകക്ഷികൾ ചേർന്ന കോഡ സർക്കാരും രാഷ്ട്രീയ സംഘർഷങ്ങളിലേക്ക് നീങ്ങി. തുടർന്ന് കോഡ സർക്കാരും സംസ്ഥാന ഭരണത്തിൽ നിന്ന് പുറത്തായി.
പിന്നാലെ കോൺഗ്രസും ജെ.എം.എമ്മും സഖ്യമുണ്ടാക്കിയതിനെത്തുടർന്ന് 2008ൽ ഷിബു സോറൻ മുഖ്യമന്ത്രിയായി. 2009-ൽ നിർണായക ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനാൽ അദ്ദേഹത്തിന് ഓഫീസ് ഒഴിയേണ്ടിവന്നു. സർക്കാരിൽ അടിക്കടിയുള്ള മാറ്റങ്ങളും പ്രതിസന്ധികളും മൂലം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി.
2009ൽ ബിജെപിയുമായി സഖ്യമുണ്ടാക്കി ഷിബു സോറൻ വീണ്ടും മുഖ്യമന്ത്രിയായി. തുടക്കം മുതൽ അസ്വാരസ്യങ്ങൾ രൂപപ്പെട്ട സഖ്യം, 2010 ൽ സോറൻ പാർലമെന്റിൽ അവിശ്വാസ പ്രമേയത്തിൽ ബി.ജെ.പിക്കെതിരെ വോട്ട് ചെയ്തതോടെ തകർന്നു. ജെ.എം.എമ്മുമായി ഒരു കൂട്ടുകക്ഷി രൂപീകരിച്ച് 2010-ൽ അർജുൻ മുണ്ട അധികാരത്തിൽ തിരിച്ചെത്തി. 2013-ൽ, ജെ.എം.എം. പിന്തുണ പിൻവലിച്ചതോടെ മുണ്ടയും രാജിവെച്ചു. വീണ്ടും സംസ്ഥാനം രാഷ്ട്രപതി ഭരണത്തിന് കീഴിലേക്ക്.
2013-ൽ കോൺഗ്രസും ആർ.ജെ.ഡിയും ചേർന്ന് സഖ്യസർക്കാർ രൂപീകരിക്കുകയും ഷിബു സോറന്റെ മകൻ ഹേമന്ത് സോറൻ മുഖ്യമന്ത്രിയാവുകയും ചെയ്തു. അദ്ദേഹത്തിന്റെ സർക്കാർ ദുർബലമായിരുന്നെങ്കിലും 2014 ലെ സംസ്ഥാന തിരഞ്ഞെടുപ്പ് വരെ അധികാരത്തിൽ തുടരാൻ സാധിച്ചു.
2000-നും 2014-നും ഇടയിൽ ഒമ്പത് വ്യത്യസ്ത മുഖ്യമന്ത്രിമാരെയും ഒന്നിലധികം തവണ രാഷ്ട്രപതി ഭരണവും കാണേണ്ടിവന്ന സംസ്ഥാനത്തിന് 2014-ലെ തിരഞ്ഞെടുപ്പ് പുതിയൊരു അധ്യായമാണ് തുറന്നത്. തിരഞ്ഞെടുപ്പിൽ ബി.ജെ.പി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നു, ഗോത്രവർഗേതര നേതാവായ രഘുബർ ദാസ് അഞ്ച് വർഷം മുഴുവൻ കാലാവധി പൂർത്തിയാക്കുന്ന ആദ്യത്തെ മുഖ്യമന്ത്രിയായി. എന്നാൽ ആദിവാസി ഭൂനിയമങ്ങളും സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങളും രഘുബർ ദാസ് സർക്കാരിന് മുന്നിൽ പ്രതിസന്ധി സൃഷ്ടിച്ചു.
2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജെ.എം.എം.-കോൺഗ്രസ്-ആർ.ജെ.ഡി. സഖ്യം വ്യക്തമായ ഭൂരിപക്ഷം നേടി, ഹേമന്ത് സോറൻ മുഖ്യമന്ത്രിയായി തിരിച്ചെത്തി. തൊഴിലില്ലായ്മ, ആദിവാസി ക്ഷേമം, ഭൂമി അവകാശം തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ബി.ജെ.പിയെ പരാജയപ്പെടുത്തി ജെ.എം.എം. നേതൃത്വത്തിലുള്ള സഖ്യത്തിന് അധികാരത്തിലെത്താൻ കഴിഞ്ഞു. പൊതുക്ഷേമ പദ്ധതികൾ വർധിപ്പിക്കുന്നതിനും വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും അഴിമതിക്കെതിരെ പോരാടുന്നതിനും സോറൻ ഭരണകൂടം ശ്രമങ്ങൾ നടത്തിയെങ്കിലും രാഷ്ട്രീയ വെല്ലുവിളികൾ നേരിട്ടു. അഴിമതി ആരോപണങ്ങളും സോറൻ തന്നെ ഉൾപ്പെട്ട ഖനന പാട്ടത്തിനു വേണ്ടിയുള്ള നിയമപോരാട്ടവും അനിശ്ചിതത്വങ്ങൾ സൃഷ്ടിച്ചു.
സോറന്റെ പാർട്ടിയായ ഝാർഖണ്ഡ് മുക്തി മോർച്ചയും കോൺഗ്രസും ചേർന്നുള്ള സഖ്യ സർക്കാരിന് കനത്ത തിരിച്ചടി നൽകുന്നതായിരുന്നു ഹേമന്ത് സേറനെതിരേ ഉയർന്ന ഖനന പാട്ട അഴിമതി. 2021-ൽ ഖനന വകുപ്പ് കൈകാര്യം ചെയ്ത സോറൻ തന്റെ പദവി ദുരുപയോഗം ചെയ്ത് ഖനന പാട്ടം തനിക്ക് തന്നെ അനുകൂലമാക്കിയെന്നായിരുന്നു ആരോപണം. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 9 എ ലംഘിച്ചുവെന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തലിനെ തുടർന്ന് സോറനെതിരെ അയോഗ്യത നടപടിക്ക് കമ്മിഷൻ ഗവർണർക്ക് നിർദേശവും നൽകിയിരുന്നു.
ക്വാറി ലൈസൻസ് കേസിൽ എം.എൽ.എ. സ്ഥാനത്തുനിന്ന് അയോഗ്യനാക്കാനുള്ള സാധ്യത നിലനിൽക്കെ മുഖ്യമന്ത്രിപദത്തിൽനിന്നു തത്കാലം മാറിനിൽക്കാൻ സോറൻ തീരുമാനിച്ചു. അതേസമയം, മുഖ്യമന്ത്രിയെ അയോഗ്യനാക്കിയാൽ പോലും അത് സർക്കാരിനെ ബാധിക്കില്ലെന്നും സഖ്യസർക്കാരിന് ആവശ്യത്തിന് ഭൂരുപക്ഷമുണ്ടെന്നുമുള്ള നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ഝാർഖണ്ഡിൽ ദിവസങ്ങൾ നീണ്ട് നിന്ന രാഷ്ട്രീയ പ്രതിസന്ധിക്കിടെ പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ഹേമന്ത് സോറൻ നേതൃത്വം നൽകുന്ന ജെ.എം.എം സഖ്യം ഭൂരിപക്ഷം തെളിയിക്കുകയും ചെയ്തു.
എന്നാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നേരിടുന്നതിനിടയിൽ രാജ്ഭവനിലെത്തി ഗവർണർ സി.പി. രാധാകൃഷ്ണന് ഹേമന്ത് സോറൻ രാജിക്കത്ത് കൈമാറുകയും ഗതാഗതമന്ത്രിയായ ചംപായ് സോറനെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തു. ഇ.ഡി. അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു ഹേമന്ത് സോറന്റെ രാജി. രാജിയ്ക്ക് പിന്നാലെ അധികൃതർ അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വ്യാജ രേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്തു, അധികാരം ദുരുപയോഗം ചെയ്ത് ഖനിയുടെ പാട്ട കരാർ നേടിയെടുത്തു തുടങ്ങി 600 കോടിയുടെ അഴിമതി ആരോപണമാണ് സോറനെതിരെ ഇഡി ഉന്നയിച്ചത്.
ചംപായ് സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ബി.ജെ.പിയുടെ കുതിരക്കച്ചവടം ഒഴിവാക്കാൻ ജെ.എം.എം- കോൺഗ്രസ് സഖ്യം എം.എൽ.എമാരെ ഹൈദരാബാദിലേക്ക് മാറ്റിയിരുന്നു. കാലാവധി പൂർത്തിയാക്കാൻ സഖ്യം അക്ഷീണം പ്രയത്‌നിക്കുന്ന കാഴ്ചയായിരുന്നു പിന്നീട്. ഹേമന്ദ് സോറന്റെ സഹോദര ഭാര്യ പാർട്ടി വിട്ടതും ജെഎംഎമ്മിന് കനത്ത തിരിച്ചടിയായിരുന്നു. അഴിമതിക്കേസിൽ ഝാർഖണ്ഡ് കോടതി ജാമ്യം അനുവദിച്ചതോടെ സോറൻ വീണ്ടും മുഖ്യമന്ത്രിപദത്തിൽ തിരിച്ചെത്തി. എന്നാൽ, അവഗണന ആരോപിച്ച് ചംപായ് സോറൻ പാർട്ടി വിട്ട് ബിജെപിയിൽ ചേക്കേറിയത് വലിയ തിരിച്ചടിയാണ് സേറനും സഖ്യത്തിനുമുണ്ടാക്കിയത്.
അഞ്ചുമാസത്തെ ജയിൽ വാസത്തിനുശേഷം മുഖ്യമന്ത്രി പദത്തിലേക്ക് തിരിച്ചെത്തിയ സോറൻ നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യത്തെ മുന്നിൽ നിന്ന് നയിക്കും. അഴിമതി ആരോപണം ആയുധമാക്കി തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയ ബി.ജെ.പിക്ക് കരുത്ത് പകരുന്നതാണ് ചംപായ് സോറന്റെ വരവെങ്കിലും സ്ഥാനാർഥി പ്രഖ്യാപനത്തിൽ അസംതൃപ്തി പ്രകടിപ്പിച്ച് പാർട്ടിയിൽ നിന്ന് എംഎൽഎമാർ ഉൾപ്പെടെ രാജി സമർപ്പിച്ചത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മുൻ മുഖ്യമന്ത്രി അർജുൻ മുണ്ടയുടെ ഭാര്യ മീരാ മുണ്ട, ചംപായ് സോറന്റെ മകൻ ബാബുലാൽ സോറൻ, മുൻ മുഖ്യമന്ത്രി രഘുബർ ദാസിന്റെ മരുമകൾ പൂർണിമ ദാസ്, ബിജെപി എംപി ഡുള്ളു മഹ്തോയുടെ സഹോദരൻ ശത്രുഘ്‌നൻ മഹ്തോ, ബിജെപി നേതാവ് ചന്ദ്രപ്രകാശ് ചൗധരിയുടെ സഹോദരൻ റോഷൻ ലാൽ ചൗധരി, മുൻ എംഎൽഎ സഞ്ജീവ് സിങ്ങിന്റെ ഭാര്യ രാഗിണി സിങ് എന്നിവർ സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെട്ടതോടെയാണ് ബി.ജെ.പിയിൽ അസ്വാരസ്യങ്ങൾ രൂപപ്പെട്ടത്.
രണ്ടു ഘട്ടമായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 13 നും 20 നും. 23 ന് വോട്ടെണ്ണൽ നടക്കും. 81 അംഗ സഭയിൽ 41 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിന് വേണ്ടത്.
Content Highlights: assembly election What will be the future of Jharkhand
Published: 05 Nov 2024, 09:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented