ഹൈദരാബാദ്: നെഹ്രു സുവേളജിക്കല്‍ പാര്‍ക്കില്‍ ജനിച്ച മൂന്ന് റോയല്‍ ബംഗാള്‍ കടുവക്കുട്ടികളില്‍ ഒന്നിന് ലഡാക്ക് സംഘര്‍ഷത്തിനിടെ വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ പേര് നല്‍കുമെന്ന് അധികൃതര്‍. സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം പാര്‍ക്കിന്റെ ക്യൂറേറ്റര്‍ പ്രഖ്യാപിച്ചതാണ് ഇക്കാര്യം. തെലങ്കാന സ്വദേശിയാണ് വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് ബാബു. 

To advertise here,

മൃഗശാലയിലെ ആശ എന്ന കടുവ ലോക്ക്ഡൗണിനിടെയാണ് മൂന്ന് കടുവക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. സൂര്യ, സങ്കല്‍പ് എന്നിങ്ങനെയാണ് മറ്റ് രണ്ട് കടുവക്കുട്ടികളുടെ പേര്. അതിനിടെ, വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ ഭാര്യ സന്തോഷി ശനിയാഴ്ച ഡെപ്യൂട്ടി കളക്ടറായി ജോലിയില്‍ പ്രവേശിച്ചു.  തെലങ്കാന ചീഫ് സെക്രട്ടറി സോമേഷ് കുമാറിനെ സന്ദര്‍ശിച്ച് അവര്‍ ജോയിനിങ് റിപ്പോര്‍ട്ട് കൈമാറി. 

തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു ജൂലായ് 22 ന് അവര്‍ക്ക് നിയമന ഉത്തരവ് നല്‍കിയിരുന്നു. വീരമൃത്യു വരിച്ച കേണലിന്റെ വീട് ജൂണ്‍ 22 ന് സന്ദര്‍ശിച്ച തെലങ്കാന മുഖ്യമന്ത്രി അഞ്ച് കോടി രൂപയാണ് കുടുംബാംഗങ്ങള്‍ക്ക് ധനസഹായമായി കൈമാറിയത്. ലഡാക്കിലെ ഗാല്‍വാന്‍ വാലിയില്‍ ജൂണ്‍ 15 ന് ചൈനീസ് സൈനികരുമായി ഉണ്ടായ സംഘര്‍ഷത്തിനിടെ കേണല്‍ സന്തോഷ് അടക്കം 20 സൈനികരാണ് വീരമൃത്യു വരിച്ചത്. 

Content Highlights: Hyderabad Zoo names tiger cub after Col Santosh Babu