ന്യൂഡൽഹി: ലഡാക്കിൽ നടന്ന പ്രക്ഷോഭത്തിന്‍റെ പേരിൽ സാമൂഹിക പ്രവർത്തകനും വിദ്യാഭ്യാസ പരിഷ്കർത്താവുമായ സോനം വാങ്ചുക്കിനെതിരെ അടിസ്ഥാനരഹിതമായ ആഖ്യാനങ്ങൾ പ്രചരിപ്പിക്കപ്പെടുന്നതായി അദ്ദേഹത്തിന്‍റെ ഭാര്യ ഗീതാഞ്ജലി ആംഗ്മോ. വ്യക്തിഹത്യയുടെ ഭാഗമായുള്ള വേട്ടയാടലാണ് നടക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

To advertise here,

ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നും ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്ന വാങ്ചുക്കിനെ, സെപ്റ്റംബർ 24-ലെ പ്രതിഷേധങ്ങൾക്ക് പ്രേരിപ്പിച്ചു എന്നാരോപിച്ച് ദേശീയ സുരക്ഷാ നിയമം ചുമത്തി വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് അദ്ദേഹത്തെ രാജസ്ഥാനിലെ ജോധ്പൂരിലെ ജയിലിലേക്ക് മാറ്റി.

വാങ്ചുകിന് പാക് ബന്ധമുണ്ടെന്നതുൾപ്പെടെയുള്ള ആരോപണങ്ങളിൽ അധികാരികളെ ഒരു തുറന്ന സംവാദത്തിന്  വെല്ലുവിളിക്കുന്നതായി ഗീതാഞ്ജലി പറഞ്ഞു. വാങ്ചുക്കുമായി ബന്ധപ്പെടാൻ തനിക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹത്തിനെതിരായ കുറ്റങ്ങൾ വിശദീകരിക്കുന്ന ഔദ്യോഗിക രേഖകൾ സർക്കാർ നൽകിയിട്ടില്ലെന്നും അവർ പറഞ്ഞു.

ലഡാക്കിന്റെ ആറാം ഷെഡ്യൂൾ പദവിക്കായുള്ള പ്രസ്ഥാനത്തെ ദുർബലപ്പെടുത്താനാണ് ഈ വേട്ടയാടൽ ലക്ഷ്യമിടുന്നതെന്ന് അവർ ആരോപിച്ചു. സിബിഐയ്ക്കും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കും തങ്ങളുടെ സ്ഥാപനങ്ങളായ ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓൾട്ടർനേറ്റീവ്സ് ലഡാക്ക്, ദി സ്റ്റുഡന്റ്സ് എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ്‌മെന്റ് ഓഫ് ലഡാക്ക്  എന്നിവ എല്ലാ രേഖകളും നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. സോനത്തെ അപകീർത്തിപ്പെടുത്താൻ ഒരു പുകമറ സൃഷ്ടിക്കുകയാണ്, അതുവഴി ആറാം ഷെഡ്യൂളിനായുള്ള ആവശ്യത്തെ ദുർബലപ്പെടുത്താനാണ് ശ്രമമെന്നും അവർ പറഞ്ഞു.

വാങ്ചുക്ക് എല്ലായ്പ്പോഴും ഗാന്ധിയൻ പ്രതിഷേധ മാർഗ്ഗങ്ങളാണ് മുന്നോട്ട് വെച്ചിട്ടുള്ളതെന്നും സെപ്റ്റംബർ 24-ലെ അക്രമ സംഭവങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം കേന്ദ്രഭരണ പ്രദേശത്തെ ഭരണകൂടത്തിനാണെന്നും ഗീതാഞ്ജലി പറഞ്ഞു. അക്രമം നടക്കുമ്പോൾ സോനം നിരാഹാരമിരുന്ന സ്ഥലത്തായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് പോലും അദ്ദേഹത്തിന് അറിയില്ലായിരുന്നു. അക്രമത്തിന് ഉത്തരം പറയേണ്ടത് സോനം വാങ്ചുക്കല്ല ഭരണകൂടമാണെന്നും അവർ പറഞ്ഞു.