ഭോപാൽ: രസഗുളയെന്നമട്ടിൽ സുഹൃത്ത് നൽകിയ നാടൻ ബോംബ് വായിലിട്ട് കടിച്ച 35-കാരൻ പൊട്ടിത്തെറിയിൽ ദാരുണമായി മരിച്ചു. മധ്യപ്രദേശിലെ ദിൻഡോരി ജില്ലയിൽ ചന്ത ഗ്രാമത്തിലെ രാജേന്ദ്ര ബറൗട്ടിയ ആണ് മരിച്ചത്. സംഭവത്തിൽ സുഹൃത്ത് രാം ഭഗത് ബറോട്ടിയക്കെതിരേ നരഹത്യ, സ്ഫോടകവസ്തു നിയമം എന്നീ പ്രകാരം പോലീസ് കേസെടുത്തു.
ദീപാവലി ആഘോഷങ്ങൾക്കിടെ ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. ഗ്രാമവാസികൾക്കൊപ്പം തീ കായുന്നതിനിടെ സുഹൃത്തായ രാം ഭഗത് രസഗുളയുടെ രൂപത്തിലുള്ള പന്നിപ്പടക്കം രാജേന്ദ്രയുടെ വായിൽ വെച്ചുകൊടുക്കുകയായിരുന്നു. ഇരുവരും തമാശപറഞ്ഞ് സംസാരിച്ചിരിക്കുന്നതിനിടെയാണ് സംഭവമുണ്ടായതെന്നാണ് പോലീസിന് ലഭിച്ച വിവരം.
രസഗുളയാണെന്നു കരുതി രാജേന്ദ്ര ഇത് കടിച്ചതോടെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻതന്നെ ദിൻഡോരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കാട്ടുപന്നികളെ വേട്ടയാടുന്നതിനായി ഈ മേഖലയിലെ ചില ഗ്രാമീണരും ആദിവാസി വിഭാഗങ്ങളും ഇത്തരം നാടൻ ബോംബുകൾ നിർമിക്കാറുണ്ട്. മാവ് കുഴച്ച് ഉരുട്ടിയശേഷം അതിനുള്ളിൽ പടക്കങ്ങളിൽനിന്നോ ക്വാറികളിൽനിന്നോ ശേഖരിക്കുന്ന വെടിമരുന്ന് നിറച്ചാണ് ഇവ തയ്യാറാക്കുന്നത്.
തമാശയ്ക്കുവേണ്ടിയാണോ അതോ കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെയാണോ പ്രതി സ്ഫോടകവസ്തു നൽകിയതെന്ന് അന്വേഷിച്ചുവരുകയാണെന്ന് പോലീസ് വ്യക്തമാക്കി.
Content Highlights: A 35-year-old man named Rajendra Barautia died after biting into a homemade bomb disguised as a sweet, given by his friend Ram Bhagat Barautia, during Diwali celebrations in Dindori district, Madhya Pradesh. The incident occurred while the two were joking, and the bomb exploded with a loud noise, causing fatal injuries to Rajendra, who could not be saved despite being rushed to the hospital. Police have filed a case against Ram Bhagat for homicide and under explosive substances law, and are investigating whether the act was intended as a joke or with malicious intent.
Published: 14 Nov 2026, 07:43 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented