ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനക്കമ്പനികളുടെ വിമാനക്കള്‍ക്ക് നേരെ ആറ് ദിവസത്തിനുള്ളില്‍ 70-ഓളം ബോംബ് ഭീഷണികള്‍ ലഭിച്ച സാഹചര്യത്തില്‍ വിവിധ വ്യോമയാന കമ്പനികളുടെ മേധാവികളുമായി വ്യോമയാന സുരക്ഷാ ഏജന്‍സിയായ ബ്യൂറോ ഓഫ് സിവില്‍ ഏവ്യേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്)  കൂടിക്കാഴ്ച നടത്തി. 

To advertise here,

രാജീവ് ഗാന്ധി ഭവനിലെ വ്യോമയാന മന്ത്രാലയത്തിലാണ് യോഗം ചേര്‍ന്നത്. ഭീഷണികളെ നേരിടുന്നതിന് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ (എസ്ഒപി) പിന്തുടരാന്‍ സിഇഒമാരോട് ആവശ്യപ്പെട്ടു. ഭീഷണികളെക്കുറിച്ചും സ്വീകരിച്ച നടപടികളെക്കുറിച്ചും ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. 

ഇതുവരെയുള്ള അന്വേഷണത്തില്‍ ലണ്ടന്‍, ജര്‍മനി, കാനഡ, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള ഐപി അഡ്രസുകളില്‍ നിന്നാണ് ഭീഷണി സന്ദേശങ്ങള്‍ വന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വിപിഎന്‍ ഉപയോഗിക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഈ ഐപി അഡ്രസുകള്‍ വിശ്വസിക്കാനാവില്ല. അതേസമയം, ബോംബ് ഭീഷണി നേരിടാന്‍ അധികൃതര്‍ വിമാനക്കമ്പനികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയേക്കും. 

ഗൂഢാലോചനയോ?

പ്രാഥമിക പരിശോധനാ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇത് എന്തെങ്കിലും ഗൂഢാലോചനയുടെ ഭാഗമാണെന്ന് അധികൃതര്‍ സ്ഥിരീകരിക്കുന്നില്ല. നാല് വിമാനങ്ങള്‍ക്കെതിരെ ഭീഷണി സന്ദേശം അയച്ച 17-കാരന്‍ കഴിഞ്ഞ ബുധനാഴ്ച മുംബൈയില്‍ പിടിയിലായിരുന്നു. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിനോട് പകതീര്‍ക്കാന്‍ വേണ്ടിയാണ് ഇയാള്‍ സുഹൃത്തിന്റെ പേരില്‍ അക്കൗണ്ട് തുടങ്ങി ഭീഷണി സന്ദേശങ്ങള്‍ അയച്ചത്. ഇത്തരം സന്ദേശങ്ങള്‍ക്ക് പിറകില്‍ ഭൂരിഭാഗവും പ്രായപൂര്‍ത്തിയാകാത്തവരും പ്രാങ്ക് ചെയ്യുന്നവരുമാണെന്നാണ് പ്രാഥമിക അന്വേഷണത്തിലെ അനുമാനമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു പറഞ്ഞു.