മുംബൈ: അമേരിക്കൻ ഷോർട്ട് സെല്ലിങ് കമ്പനിയായ ഹിൻഡെൻബർഗ് റിസർച്ചിന്റെ പുതിയ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം. അദാനിഗ്രൂപ്പുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരിക്രമക്കേടിൽ സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിനുനേരേ ഉയർന്ന ഗുരുതര ആരോപണത്തിൽ പാർലമെന്റ് സംയുക്ത സമിതി അന്വേഷിക്കണമെന്നാണ് ഇന്ത്യ സഖ്യത്തിന്റെ ആവശ്യം.
'അദാനി മെഗാ കുംഭകോണം' എന്നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ഹിൻഡെൻബർഗ് പുറത്തുവിട്ട റിപ്പോർട്ടിൽ പ്രതികരിച്ചത്. 'അദാനി കുംഭകോണവുമായി ബന്ധപ്പെട്ട റിപ്പോർട്ടിന്മേലുള്ള അന്വേഷണത്തിൽ തുടരുന്ന വിചിത്രമായ വിമുഖത സുപ്രീം കോടതിയുടെ വിദഗ്ധസമിതിയുടെ ഭാഗത്ത് നിന്ന് മാത്രമല്ലെന്നും ഇത് വളരെക്കാലമായി ശ്രദ്ധിക്കപ്പെടുന്നുണ്ടെന്നും ജയ്റാ രമേശ് കുറിച്ചു.
അദാനി അഴിമതിയിൽ സെബി നടത്തുന്ന അന്വേഷണത്തിലെ എല്ലാ വൈരുധ്യങ്ങളും ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നും അഴിമതിയാരോപണത്തിന്റെ യാഥാർത്ഥ്യം പുറത്തുകൊണ്ടുവരാൻ പാർലമെന്റ് സംയുക്ത സമിതി രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത് യഥാർത്ഥ അദാനി ശൈലി എന്നായിരുന്നു തൃണമൂൽ കോൺഗ്രസ് എം.പി. മെഹുവ മൊയ്ത്ര എക്സ് പ്ലാറ്റ് ഫോമിൽ കുറിച്ചത്. സെബി ചെയർമാൻ പോലും അദ്ദേഹത്തിന്റെ ഗ്രൂപ്പിൽ നിക്ഷേപകനാകുന്നു. ചങ്ങാത്ത മുതലാളിത്വം ഏറ്റവും ഉന്നതിയിൽ'- തൃണമൂൽ കോൺഗ്രസ് നേതാവ് മെഹുവ മൊയ്ത്ര എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. കള്ളപ്പണമിടപാടുമായി ബന്ധപ്പെട്ട ആരോപണത്തിന് മേൽ അന്വേഷണം നടത്താൻ സി.ബി.ഐയോടും ഇ.ഡിയോടും മെഹുവ ആവശ്യപ്പെട്ടു.
അദാനി ഗ്രൂപ്പ് കമ്പനികളിൽ വിദേശത്തുനിന്ന് വൻതോതിലുള്ള നിക്ഷേപത്തിന് ഉപയോഗിച്ച വിദേശനിക്ഷേപകസ്ഥാപനങ്ങളിൽ മാധബി പുരി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനും നിക്ഷേപമുണ്ടായിരുന്നുവെന്നാണ് ഹിൻഡെൻബർഗ് റിസർച്ചിന്റെ ആരോപണം. ഇവർക്ക് നിക്ഷേപമുണ്ടായിരുന്നതിന്റെ തെളിവായി വിസിൽബ്ലോവർ രേഖകളും പുറത്തുവിട്ടിരുന്നു.
2023 ജനുവരി 24-ന് ഗ്രൂപ്പിനുനേരേ ഉന്നയിച്ച ആരോപണങ്ങൾ അദാനി നിഷേധിച്ചിരുന്നു. അന്വേഷണം നടത്തുന്നതിനുപകരം ഹിൻഡെൻബെർഗിനുനേരേ സെബി നോട്ടീസ് അയക്കുകയായിരുന്നു. ബെർമുഡയിലും മൗറീഷ്യസിലും പ്രവർത്തിക്കുന്ന ഫണ്ട് കമ്പനികളിലാണ് ബുച്ചിനും ഭർത്താവിനും ഓഹരികളുള്ളതായി വ്യക്തമായത്. ഈ ഫണ്ടുകളിലൂടെയാണ് ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനി ഗ്രൂപ്പ് കമ്പനികളിലേക്ക് നിക്ഷേപം നടത്തിയിട്ടുള്ളതെന്നും ഹിൻഡെൻബർഗ് റിസർച്ച് പറയുന്നു.
2015 ജൂൺ അഞ്ചിനാണ് സിങ്കപ്പൂരിൽ ഐ.പി.ഇ. പ്ലസ് ഫണ്ട് ഒന്നിൽ ബുച്ചും ഭർത്താവും അക്കൗണ്ട് തുറക്കുന്നതെന്ന് വിസിൽ ബ്ലോവർ രേഖകളിൽ പറയുന്നു. ഐ.ഐ.എഫ്.എൽ. പ്രിൻസിപ്പൽ അരുൺ ചോപ്രയാണ് ഈ രേഖകളിൽ ഒപ്പിട്ടിട്ടുള്ളത്. പണത്തിന്റെ സ്രോതസ്സായി കാണിച്ചിട്ടുള്ളത് ശമ്പളമാണ്. ഇരുവരുടെയും ആസ്തിയായി ഏകദേശം ഒരു കോടി ഡോളറാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
2017 ഏപ്രിലിലാണ് ബുച്ചിനെ സെബിയുടെ മുഴുവൻസമയ ഡയറക്ടറായി നിയമിക്കുന്നത്. ഇതിന് ഏതാനും ആഴ്ചമുൻപ് ഫണ്ട് കൈകാര്യംചെയ്തിരുന്ന ജോയിന്റ് അക്കൗണ്ട് ധവാൽ ബുച്ചിന്റെ പേരിലേക്കു മാറ്റുന്നതിനായി മൗറീഷ്യസ് ഫണ്ട് അഡ്മിനിസ്ട്രേറ്ററായ ട്രൈഡന്റ് ട്രസ്റ്റിന് അയച്ച ഇ-മെയിലിന്റെ പകർപ്പും പുറത്തുവിട്ടിട്ടുണ്ട്. 2022-ൽ സെബിയുടെ മുഴുവൻസമയ ഡയറക്ടറായി തുടർന്ന കാലയളവിൽ മാധബി പുരി ബുച്ച് ഈ ഫണ്ടുകളിൽ താത്പര്യം പുലർത്തിയിരുന്നുവെന്നുൾപ്പെടെ ഹിൻഡെൻബർഗ് ആരോപിക്കുന്നു.
അതേസമയം, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തങ്ങളുടെ പണമിടപാടുകൾ തുറന്ന പുസ്തകമാണെന്നും മാധബിയും ഭർത്താവും പറഞ്ഞു.
Content Highlights: Hindenburg Research alleges SEBI chief Madhabi Buch india bloc
Published: 11 Aug 2024, 10:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented