
ലഖ്‌നൗ: ഹാഥ്‌റസ് ബലാത്സംഗ-കൊലപാത കേസിലെ മുഖ്യപ്രതി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അവഗണനയെ തുടര്‍ന്ന് നിരാശനായിരുന്നുവെന്ന് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ഇരയും പ്രതിയും തമ്മിലുള്ള മുന്‍കാല പരിചയം, കേസിന്റെ കാലഗണന, ഇക്കാര്യത്തില്‍ പോലീസിന്റെ അവഗണന എന്നിവ കുറ്റപത്രം വെളിപ്പെടുത്തുന്നുണ്ട്.
കേസിലെ നാലുപ്രതികളിലൊരാളായ സന്ദീപ് പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 2019 ഒക്ടോബര്‍ 17 മുതല്‍ 2020 മാര്‍ച്ച് മൂന്ന് വരെ ഇരുവരും നടത്തിയ 105 ഫോണ്‍ റെക്കോര്‍ഡുകള്‍ സിബിഐ കണ്ടെടുത്തിട്ടുണ്ട്.
ഇരുവരും തമ്മിലുള്ള അടുപ്പം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കണ്ടെത്തിയെന്നും സന്ദീപിന്റെ വീടിന് പുറത്ത് അതു സംബന്ധിച്ച് വഴക്കുണ്ടായെന്നും സാക്ഷികള്‍ പറഞ്ഞതായി സിബിഐ വ്യക്തമാക്കുന്നു. ഇതിന് ശേഷം സന്ദീപും പെണ്‍കുട്ടിയും തമ്മില്‍ വിളിക്കുന്നത് നിര്‍ത്തി. തുടര്‍ന്ന് സന്ദീപ് പെണ്‍കുട്ടിയുടെ നമ്പറിലേക്ക് തന്റെ സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും ഫോണില്‍ നിന്ന് വിളിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഈ കോളുകളില്‍ നിന്ന് ഒഴിഞ്ഞുമാറിയതിന് തെളിവുകളുണ്ടെന്നും സിബിഐ പറയുന്നു.
പെണ്‍കുട്ടിക്ക് അവളുടെ സഹോദരിയുടെ ഭര്‍ത്താവുമായി ബന്ധമുണ്ടെന്നും സന്ദീപ് സംശയിച്ചുവെന്നും കുറ്റപത്രത്തിലുണ്ട്.
'സംഭവം നടന്ന സെപ്റ്റംബര്‍ 14-ന് പെണ്‍കുട്ടിയും അമ്മയും മൂത്ത സഹോദരനും രാവിലെ 7.30 ഓടെ വീടിന് സമീപത്തെ വയലില്‍ പുല്ലരിയാനായി പോയതായിരുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് 200 മീറ്റര്‍ അകലെയായിരുന്നു മൂന്ന് പേരും ഒരുമിച്ച് തുടക്കത്തില്‍ പുല്ലരിഞ്ഞിരുന്നത്. കുറച്ച് സമയം കഴിഞ്ഞ സഹോദരന്‍ അരിഞ്ഞ പുല്ലുമായി വീട്ടിലേക്ക് പോയി. അതിന് ശേഷം തനിക്ക് ക്ഷീണം തോന്നുവെന്ന് പെണ്‍കുട്ടി അമ്മയോട് പറഞ്ഞു. ഇനി പുല്ലരിയേണ്ടെന്നും താന്‍ അരിഞ്ഞുവെച്ച 50 മീറ്റര്‍ അകലെയുള്ള പുല്ല് എടുത്തുകൊണ്ടുവരാന്‍ പെണ്‍കുട്ടിയോട് അമ്മ ആവശ്യപ്പെട്ടു. അതിനായി പോയ പെണ്‍കുട്ടി മിനിറ്റുകള്‍ കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. അമ്മ പലയിടത്തും തിരഞ്ഞു. ഒടുവില്‍ വയലിനരികിലായി പെണ്‍കുട്ടിയുടെ ചെരിപ്പ് കണ്ടെത്തി. ആ ഭാഗത്തേക്ക് കുറച്ച് മുന്നോട്ട് നടപ്പോള്‍ മകള്‍ അവിടെ കിടക്കുന്നതാണ് അമ്മ കണ്ടത്.
ഈ സമയത്താണ് കേസിലെ പ്രധാന സാക്ഷി ഛോട്ടു അങ്ങോട്ടെക്കെത്തിയത്. മകനെ വിളിച്ചുകൊണ്ടുവരാന്‍ പെണ്‍കുട്ടിയുടെ അമ്മ ഛോട്ടുവിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് സഹോദരന്‍ എത്തുകയും പെണ്‍കുട്ടിയെ തോളിലേറ്റി സമീപത്തുള്ള ചന്ത്പ പോലീസ് സ്‌റ്റേഷനില്‍ എത്തുകയും ചെയ്തു.
കേസില്‍ ഒന്നിലധികം ഘട്ടങ്ങളില്‍ ലോക്കല്‍ പോലീസ് ഗുരുതരമായ വീഴ്ച വരുത്തിയെന്ന് സിബിഐ കുറ്റപത്രത്തില്‍ അടിവരയിടുന്നു. പെണ്‍കുട്ടിയുമായി സഹോദരന്‍ സ്‌റ്റേഷനിലെത്തിയപ്പോള്‍ ആദ്യ വീഴ്ചയുണ്ടായി. സന്ദീപിനെതിരെ സഹോദരന്‍ പരാതി നല്‍കി. തന്നെ ബലാല്‍ക്കാരം ചെയ്‌തെന്ന് ഇര പറഞ്ഞിട്ടും പോലീസ് അത് അവഗണിക്കുകയാണ് ചെയ്തത്. ലൈംഗിക അതിക്രമം നടന്നോ എന്നറിയാന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയില്ല. കൊലപാതക ശ്രമത്തിനാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതത്. പരാതിയിലെ ലൈംഗിക അതിക്രമ ആരോപണം ഒഴിവാക്കുകയും ചെയ്തു.
ആ ദിവസം തന്നെ ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത പെണ്‍കുട്ടിയെ ഉച്ചയോടെ അലിഗഢ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആരോഗ്യസ്ഥിതി വളരെ മോശമായ നിലയിലായതിനാല്‍ ഈ ഘട്ടത്തില്‍ നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നില്ല.
വൈകീട്ട് 3.40 ഓടെ പെണ്‍കുട്ടിയെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കേളേജ് ആശുപത്രിയിലേക്ക് മാറ്റി. 4.10 ഓടെയാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
സെപ്റ്റംബര്‍ 19-ന് ആശുപത്രിയില്‍ വെച്ച് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഈ സമയത്തും പെണ്‍കുട്ടി താന്‍ പീഡിപ്പിക്കപ്പെട്ട കാര്യം വെളിപ്പെടുത്തുകയുണ്ടായി. എന്നാല്‍ ലൈംഗികാതിക്രമത്തിന് ഒരു പരിശോധനയ്ക്ക് ഉത്തരവിടുന്നതില്‍ പോലീസിന് വീണ്ടും വീഴ്ച പറ്റി. സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണത്തിനുള്ള വകുപ്പ് മാത്രമാണ് ചുമത്തിയത്.
സെപ്റ്റംബര്‍ 21- സന്ദീപും മറ്റു മൂന്ന് പേരും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തുവെന്ന് പെണ്‍കുട്ടി പറയുന്ന വീഡിയോ വൈറലായി. തന്റെ അമ്മ വരുന്നത് കണ്ട് പ്രതികള്‍ ഓടിപോയെന്നും പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നുണ്ട്.
ഫോറന്‍സിക് പരിശോധനയില്‍ കാലതാമസമടക്കം പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ അശ്രദ്ധ സിബിഐ ചൂണ്ടിക്കാട്ടുന്നു. തെളിവുകള്‍ ശേഖരിക്കുന്നതിലും പോലീസിന്റെ ഭാഗത്ത് നിന്നു ഈ വീഴ്ച തുടര്‍ന്നു.
സെപ്റ്റംബര്‍ 22-ന് പെണ്‍കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. ഈ ഘട്ടത്തില്‍ സന്ദീപ്, രാമു, ലവ്കുഷ്, രവി എന്നിവര്‍ തന്നെ ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടി പറഞ്ഞു. സന്ദീപാണ് കഴുത്ത് ഞെരിച്ചതെന്നും അബോധവസ്ഥയിലായെന്നും ഇര പറയുകയുണ്ടായി. മരിക്കുന്നതിന് മുമ്പ് പെണ്‍കുട്ടി നല്‍കിയ അവസാന മൊഴിയായിരുന്നു ഇത്. മജിസ്‌ട്രേറ്റാണ് മൊഴി രേഖപ്പെടുത്തിയത്.
ഈ മൊഴിയെടുപ്പിന് ശേഷമാണ് പോലീസ് കൂട്ടബലാത്സംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്. പരിശോധനയില്‍ ലൈംഗിക അതിക്രമം നടന്നായി തെളിയിക്കുന്ന സൂചനകള്‍ ലഭിച്ചിട്ടില്ലെന്നും ശാരീരിക ആക്രമണം നടന്നിട്ടുണ്ടെന്നുമായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ട്.
എന്നാല്‍ സിബിഐ കേസ് ഏറ്റെടുക്കുകയും എയിംസ് ഫോറന്‍സിക് മെഡിക്കല്‍ ടീം അതിന്റെ വിശകലനങ്ങള്‍ നടത്തുകയും ചെയ്തപ്പോള്‍, ലൈംഗികാതിക്രമത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നായിരുന്നു നിഗമനം. പോസ്റ്റുമോര്‍ട്ടം വിശകലനം ചെയ്ത എയിംസ് വിദഗ്ദ്ധര്‍ ആക്രമണത്തിന് ശേഷം പെണ്‍കുട്ടിക്ക് രക്തസ്രാവം ഉണ്ടായതടക്കം ചൂണ്ടിക്കാട്ടുന്നുണ്ട്.
Content Highlights: Hathras case-Accused was frustrated after victim ignored him-says CBI charge sheet
Published: 21 Dec 2020, 09:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented