ചണ്ഡീഗഢ്: ഹരിയാണയെ ഞെട്ടിച്ച് മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്‍ കൂടി ജീവനൊടുക്കി. ഹരിയാണ പോലീസില്‍ എഎസ്‌ഐയായ സന്ദീപ് ശര്‍മയാണ് സ്വയം വെടിയുതിര്‍ത്ത് മരിച്ചത്. ഹരിയാണയിലെ ഐപിഎസ് ഉദ്യോഗസ്ഥനായ വൈ. പുരണ്‍ കുമാര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ജീവനൊടുക്കിയിരുന്നു. ഈ കേസിലെ അന്വേഷണസംഘാംഗം കൂടിയാണ് സന്ദീപ്.

To advertise here,

അതേസമയം, നേരത്തെ ജീവനൊടുക്കിയ പുരണ്‍ കുമാറിനെതിരേ ഗുരുതരമായ ആരോപണങ്ങളുന്നയിച്ചാണ് സന്ദീപ് ശര്‍മ ജീവനൊടുക്കിയതെന്നാണ് റിപ്പോര്‍ട്ട്. പുരണ്‍ കുമാറിനെതിരേയുള്ള ആരോപണങ്ങള്‍ വിശദീകരിക്കുന്ന ആത്മഹത്യാക്കുറിപ്പും സന്ദീപില്‍നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. മരിക്കുന്നതിന് ഇദ്ദേഹം റെക്കോഡ്‌ചെയ്ത വീഡിയോ സന്ദേശവും പോലീസ് കണ്ടെടുത്തു.

ഐപിഎസ് ഉദ്യോഗസ്ഥനായ പുരണ്‍ കുമാറിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് സന്ദീപ് ശര്‍മയുടെ കുറിപ്പിലുള്ളത്. പുരണ്‍ കുമാര്‍ അഴിമതിക്കാരനായ ഉദ്യോഗസ്ഥനാണെന്നും വനിതാ ഓഫീസര്‍മാരെ ലൈംഗികമായി ഉപദ്രവിച്ചിരുന്നതായും വന്‍തോതില്‍ കൈക്കൂലി വാങ്ങിയിരുന്നെന്നുമാണ് സന്ദീപ് ശര്‍മയുടെ ആരോപണം.

റാവു ഇന്ദ്രജിത്ത് എന്നയാളെ ഒരു കേസില്‍ നിന്ന് ഒഴിവാക്കാന്‍ പുരണ്‍കുമാര്‍ 50 കോടിയുടെ ഇടപാടാണ് നടത്തിയത്. ഒരു കൊലക്കേസിലും വന്‍തുക കൈക്കൂലി വാങ്ങി. പുരണ്‍ കുമാര്‍ സേനയില്‍ 'ജാതി രാഷ്ട്രീയം' നടപ്പിലാക്കി. ചില ഉദ്യോഗസ്ഥരെ ആസൂത്രിതമായി മാറ്റുകയും അഴിമതിക്കാരായ അടുപ്പക്കാരെ അദ്ദേഹത്തിന്റെ സംഘത്തില്‍ ഉള്‍പ്പെടുത്തുകയുംചെയ്തു. പുരണ്‍കുമാറും ഈ കൂട്ടാളികളും വനിതാ ഉദ്യോഗസ്ഥരെ ലൈംഗികമായി ഉപദ്രവിച്ചു. ശിക്ഷാനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് വനിതാ ഉദ്യോഗസ്ഥരെ പീഡിപ്പിച്ചിരുന്നതെന്നും സന്ദീപ് ശര്‍മ ആരോപിച്ചു.

അന്വേഷണത്തില്‍ തന്റെയും കുടുംബാംഗങ്ങളുടെയും തനിനിറം പുറത്താകുമെന്നഘട്ടത്തില്‍ നാണക്കേട് ഭയന്നാണ് പുരണ്‍കുമാര്‍ ജീവനൊടുക്കിയതെന്നാണ് സന്ദീപ് ശര്‍മ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. പുരണ്‍കുമാറിന്റെയും കുടുംബത്തിന്റെയും സ്വത്ത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും സന്ദീപ് ശര്‍മ ആവശ്യപ്പെട്ടു.

ഡിജിപി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ആരോപണമുന്നയിച്ചശേഷമാണ് പുരണ്‍കുമാര്‍ ജീവനൊടുക്കിയിരുന്നത്. ഡിജിപി ശത്രുജീത് കപൂര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സേനയില്‍ ജാതി വിവേചനം കാണിച്ചിരുന്നതായും മാനസികമായി പീഡിപ്പിച്ചെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഇത് വലിയ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. എന്നാല്‍, സന്ദീപ് ശര്‍മയുടെ ആത്മഹത്യയോടെ സംഭവങ്ങള്‍ വഴിത്തിരിവിലായിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)