ന്യൂഡൽഹി: ഹരിയാണയിൽ മൂന്നാം ബി.ജെ.പി. സർക്കാർ ഒക്‌ടോബർ 17ന് അധികാരമേൽക്കും.  വ്യാഴാഴ്ച രാവിലെ 10 മണിക്ക് നയാബ് സിങ് സയ്​നി രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. പഞ്ച്കുള പരേഡ് ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞാച്ചടങ്ങ്. മുതിർന്ന ബി.ജെ.പി. നേതാക്കൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും സത്യപ്രതിജ്ഞാച്ചടങ്ങിൽ  പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.

To advertise here,

സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി ചേരുന്ന യോഗത്തിൽ ബി.ജെ.പിയുടെ നിയമസഭാ കക്ഷി നേതാവായി സൈനിയെ ഔദ്യോഗികമായി തിരഞ്ഞെടുക്കുമെന്ന് ബി.ജെ.പി. വൃത്തങ്ങൾ അറിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മനോഹർ ലാൽ ഖട്ടർ രാജിവച്ചതിന് ശേഷം മാർച്ചിലാണ് സയ്​നി ഹരിയാണ മുഖ്യമന്ത്രിയായത്.

കർഷക പ്രതിഷേധം, ​ഗുസ്തി താരങ്ങളുടെ സമരം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടി പ്രചരണത്തിനിറങ്ങിയ കോൺ​ഗ്രസ്, ഭരണവിരുദ്ധവികാരം തുണയാകുമെന്ന ആത്മവിശ്വാസത്തിലായിരുന്നു. ബി.ജെ.പി. കനത്ത തിരിച്ചടി നേരിടുമെന്ന് എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നു. എന്നാൽ മുൻവിധികളെ കാറ്റിൽ പറത്തി 90 നിയമസഭാ സീറ്റുകളിൽ തനിച്ച് തന്നെ 48 സീറ്റുകൾ നേടിയാണ് സംസ്ഥാനത്ത് ബി.ജെ.പി. വീണ്ടും അധികാരത്തിലെത്തിയത്. തിരിച്ചുവരവ് ലക്ഷ്യമിട്ടിരുന്ന കോൺഗ്രസ് 37 സീറ്റിൽ ഒതുങ്ങി.