ന്യൂഡല്‍ഹി: രാജ്യത്തെ ഓക്‌സിജന്‍ ക്ഷാമത്തില്‍ ഇടപെട്ട് സുപ്രീം കോടതി. ജനങ്ങള്‍ ഓക്‌സിജനായി പരക്കം പായുകയാണെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ്  തമിഴ്‌നാട്ടിലെ വേദാന്ത പ്ലാന്റില്‍ തമിഴ്‌നാട് സര്‍ക്കാരിനായി ഓക്‌സിജന്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമോയെന്നും ചോദിച്ചു. 

To advertise here,

കോവിഡ് പ്രതിസന്ധിയില്‍ സുപ്രീം കോടതി സ്വയമേധയാ കേസെടുത്തിരുന്നു. ഇത് പരിഗണിച്ചപ്പോഴാണ് രാജ്യത്തെ ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ച് കോടതി വിലയിരുത്തിയത്. 

തൂത്തുക്കുടിയിലെ വേദാന്ത പ്ലാന്റ് പ്രവര്‍ത്തന സജ്ജമാക്കണമെന്നാവശ്യപ്പട്ടെ് വേദാന്തയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിക്കവേ തമിഴ്‌നാട് സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വേദാന്ത പ്രവർത്തനം ആരംഭിച്ചാൽ അത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഈ സന്ദര്‍ഭത്തിലാണ് സുപ്രീം കോടതി നിങ്ങള്‍ക്കവിടെ ഓക്‌സിജന്‍ നിര്‍മ്മിച്ചുകൂടെയെന്ന് സര്‍ക്കാരിനോട് ചോദിച്ചത്. ഇതുമായി ബന്ധപ്പെട്ട് വിശദമായ സത്യവാങ്മൂലം നൽകാൻ തമിഴ്‌നാട് സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.  

രാജ്യത്തെ ജനങ്ങള്‍ ഓക്‌സിജനായി പരക്കം പായുകയാണ്. അപ്പോഴാണ് ഓക്‌സിജന്‍ നിര്‍മ്മിക്കുന്ന ഒരു പ്ലാന്റ് അടച്ചിട്ടിരിക്കുന്നത്. ആര് ഓക്‌സിജന്‍ ഉത്പാദിപ്പിക്കും എന്നുള്ളതല്ല പ്രശ്‌നം. അത് ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നതാണ് അനിവാര്യമെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. 

കോടതി സ്വയമേധയാ എടുത്ത കേസില്‍ നിന്ന്  അമിക്കസ് ക്യൂറിയായി നിയമിച്ച ഹരീഷ് സാല്‍വേ പിന്‍മാറുന്നുവെന്ന് കോടതിയെ അറിയിച്ചു. താനും ചീഫ് ജസ്റ്റിസും തമ്മിലുള്ള സൗഹൃദത്തെ പലരും തെറ്റായാണ് വ്യാഖ്യാനിച്ചത്.  അതില്‍ തനിക്ക് വിഷമം ഉണ്ടെന്നും അതിനാല്‍ ഒഴിയണമെന്നുമാണ് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചത്. എന്നാല്‍ തുടരണമെന്ന് കോടതി ആവശ്യപ്പെട്ടു. പക്ഷേ ഹരീഷ് സാല്‍വെ തീരുമാനം പുനഃപരിശോധിക്കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് ചീഫ് ജസ്റ്റിസ് അദ്ദേഹത്തിന് സ്ഥാനം ഒഴിയാന്‍ അനുമതി നല്‍കി. 

Content Highlight: Harish Salve recuses from COVID19 suo moto case In SC