ഗാന്ധി നഗര്‍: റോളിംഗ് പേപ്പറുകളുടെയും സ്‌മോക്കിങ് കോണുകളുടെയും പെര്‍ഫെക്റ്റ് റോള്‍സിന്റെയും വില്‍പ്പനയും കൈമാറ്റവും നിരോധിച്ചുകൊണ്ട് ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവിറക്കി. നിരോധനം ഉടനടി പ്രാബല്യത്തില്‍ വരും. ലഹരി ഉപയോഗത്തിന് ഇവ ഉപയോഗിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നിരോധനം.

To advertise here,

ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ പ്രസ്താവന അനുസരിച്ച്, ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (BNSS) സെക്ഷന്‍ 163(2), 163(3) എന്നിവ പ്രകാരമുള്ള അധികാരങ്ങള്‍ ഉപയോഗിച്ചാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുവജനങ്ങളില്‍ ലഹരി ഉപയോഗം തടയുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു.

റോളിംഗ് പേപ്പറുകളിലും സ്‌മോക്കിങ് കോണുകളിലും ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു. ഇവയുടെ ലഭ്യത സംസ്ഥാനത്ത് ഇല്ലാതാക്കുക എന്നതാണ് നിരോധനത്തിന്റെ ലക്ഷ്യം.

കൈവശംവെച്ചാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ, 2023 (ബിഎന്‍എസ്എസ്) സെക്ഷന്‍ 223 പ്രകാരം നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും ഉത്തരവില്‍ പറയുന്നു.