ന്യൂഡല്‍ഹി: അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിനുള്ളില്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സൈന്യം. ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ പാകിസ്താന്റെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളെ ചെറുക്കുന്നതിനായി ക്ഷേത്രത്തില്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിക്കാന്‍ ക്ഷേത്ര മാനേജ്‌മെന്റ് സൈന്യത്തിന് അനുമതിനല്‍കിയെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം.
'സുവര്‍ണ ക്ഷേത്രത്തില്‍ വ്യോമ പ്രതിരോധ (എഡി) തോക്കുകള്‍ വിന്യസിച്ചതായി ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. അമൃത്സറിലെ ശ്രീ ദര്‍ബാര്‍ സാഹിബ് (സുവര്‍ണ ക്ഷേത്രം) പരിസരത്ത് എഡി തോക്കുകളോ മറ്റ് ഏതെങ്കിലും വ്യോമ പ്രതിരോധ സംവിധാനങ്ങളോ വിന്യസിച്ചിട്ടില്ല', ഇന്ത്യന്‍ സൈന്യം ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.
ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ അമൃത്സറിലെ സുവര്‍ണ ക്ഷേത്രം ആക്രമിക്കാന്‍ പാക് സൈന്യം ശ്രമിച്ചതായി സ്ഥിരീകരണമുണ്ടായിരുന്നു. നിരവധി പാക് ഡ്രോണുകളും പ്രൊജക്‌റ്റൈലുകളും അമൃത്സറിനെ നിരവധി തവണ ലക്ഷ്യംവെച്ചിരുന്നു.
കരസേനാ മേജര്‍ ജനറല്‍ കാര്‍ത്തിക് സി. ശേഷാദ്രിയാണ് സുവര്‍ണ ക്ഷേത്രത്തെ പാകിസ്താന്‍ ലക്ഷ്യംവെച്ചതായി സ്ഥിരീകരിച്ചത്. എന്നാല്‍, സുവര്‍ണ ക്ഷേത്രത്തിനു നേരെയുള്ള എല്ലാ ഭീഷണികളെയും ഇന്ത്യന്‍ സേന തടഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു ക്ഷേത്രത്തില്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
സുവര്‍ണ ക്ഷേത്ര പരിസരത്ത് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിച്ചെന്ന റിപ്പോര്‍ട്ടുകള്‍ സുവര്‍ണ ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ സാഹിബ് ഗിയാനി രഘ്ബീര്‍ സിങ് തള്ളി. ''ഇന്ത്യന്‍ സൈന്യം ഞങ്ങളെ ബന്ധപ്പെട്ടതായി എനിക്ക് അറിവില്ല. ഞാന്‍ അവധിയെടുത്ത് വിദേശത്തായിരുന്നു. ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് എന്റെ പക്ഷം. ഇതിന് പിന്നിലെ ഇന്ത്യന്‍ സൈന്യത്തിന്റെ യഥാര്‍ഥ ഉദ്ദേശം എന്താണെന്ന് വ്യക്തമാക്കണം'', സാഹിബ് ഗിയാനി രഘ്ബീര്‍ സിങ് പറഞ്ഞു.
ക്ഷേത്രത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയും (എസ്ജിപിസി) വ്യക്തമാക്കി.
ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ സമയത്ത് ബ്ലാക്ക് ഔട്ടിന്റെ ഭാഗമായി ലൈറ്റുകള്‍ ഓഫ് ചെയ്യുന്നതിനേക്കുറിച്ച് അറിയിക്കാന്‍ മാത്രമേ ഭരണകൂടം തങ്ങളെ ബന്ധപ്പെട്ടിട്ടുള്ളൂ എന്ന് ക്ഷേത്ര ഭരണസമിതി പറഞ്ഞു.
Content Highlights: Indian Army denies reports of deploying air defense systems at Amritsar`s Golden Temple
Published: 21 May 2025, 11:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented