കൊച്ചി: വൻ കുതിപ്പിൽ നിന്ന് തെന്നിവീണ് വെള്ളിയും സ്വർണവും. ഡോളർ കരുത്താർജിച്ചതും യു.എസ്. ഫെഡറൽ റിസർവ് പലിശനിരക്ക് വർധിപ്പിച്ചേക്കുമെന്ന പ്രതീക്ഷകളുമാണ് സ്വർണം, വെള്ളി ലോഹങ്ങൾക്ക് മങ്ങലേൽപ്പിച്ചത്. ഈ ഇടിവ് ആഭ്യന്തരവിപണിയിലും പ്രകടമായി. ഭൗമ-രാഷ്ട്രീയ സംഘർഷങ്ങൾ ശക്തമാകുമ്പോൾ അന്താരാഷ്ട്ര വിപണിയിൽ ലോഹങ്ങൾ കുതിക്കാറാണ് പതിവ്. എന്നാൽ, വിലവർധനയ്ക്ക് അനുകൂലസാഹചര്യങ്ങൾ ഉണ്ടായിട്ടും പശ്ചിമേഷ്യൻ സംഘർഷത്തിൽ സ്വർണം, വെള്ളി വിലകളിൽ ഇടിവ് പ്രകടമായിരുന്നു. നിലവിൽ പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ അയവുവന്നിട്ടും സ്വർണം, വെള്ളി വിലകളിൽ വലിയ കുതിപ്പ് പ്രകടമല്ല.
കൂപ്പുകുത്തി വെള്ളി
സംസ്ഥാനത്ത് കഴിഞ്ഞ മാസങ്ങളിൽ വെള്ളിവിലയിലുണ്ടായത് വൻ തകർച്ച. ഈ വർഷം കൈവരിച്ച റെക്കോഡ് നേട്ടങ്ങളെല്ലാം പൂർണമായും നഷ്ടപ്പെടുത്തിക്കൊണ്ടാണ് വെള്ളിവില കുത്തനെ ഇടിഞ്ഞത്. ശനിയാഴ്ച ഒരു ഗ്രാം വെള്ളിയുടെ വില ഈ വർഷത്തെ ഏറ്റവും താഴ്ന്നനിരക്കായ 240 രൂപയിൽ എത്തിയിരിക്കുകയാണ്. 2025 ഡിസംബർ 31-ന് സംസ്ഥാനത്ത് ഒരു ഗ്രാം വെള്ളിയുടെ നിരക്ക് 243 രൂപയായിരുന്നു. എന്നാൽ ശനിയാഴ്ചത്തെ വ്യാപാരത്തിൽ വില ഇതിലും താഴേക്ക് പോവുകയായിരുന്നു.
ഈ വർഷം ജനുവരിയിലാണ് വെള്ളിവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ 410 രൂപയാണ് റെക്കോഡ് നിരക്ക്. എന്നാൽ അവിടെനിന്ന് വെറും അഞ്ചുമാസത്തിനുള്ളിൽ 41 ശതമാനത്തിന്റെ വൻ ഇടിവാണുണ്ടായത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം വെള്ളിവിലയിൽ 13 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.
ആഗോളവിപണിയിലുണ്ടായ വിലക്കുറവാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയിൽ 59.05 ഡോളറിലാണ് ശനിയാഴ്ച വെള്ളിയുടെ വ്യാപാരം നടന്നത്. വരുംദിവസങ്ങളിലും വിപണിയിലെ അസ്ഥിരത തുടർന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
സ്വർണവും പിന്നോട്ട്
അന്താരാഷ്ട്രവിപണിയിലെ ചലനങ്ങളെത്തുടർന്ന് ആഭ്യന്തരവിപണികളിലും സ്വർണവില ഇടിവിലേക്കാണ് നീങ്ങിയത്. 2025 ഡിസംബറിലാണ് സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നത്. 2025 ഡിസംബർ 23-നായിരുന്നു ഈ റെക്കോഡ് നേട്ടം. എന്നാൽ തുടർന്ന് വില കുറഞ്ഞ് ഡിസംബർ 31-ഓടെ പവന് 98,920 രൂപയിലെത്തി.
2026 ജനുവരി മുതൽ സ്വർണവില വീണ്ടും കുതിച്ചുയർന്നു. ജനുവരി 29-ന് രാവിലെ പവന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 1,31,160 രൂപ വരെ എത്തിയിരുന്നു. എന്നാൽ അന്ന് വൈകുന്നേരത്തോടെ വില 1,30,360 രൂപയിലേക്ക് താഴുകയും ചെയ്തു. പിന്നീട് പശ്ചിമേഷ്യൻ പ്രതിസന്ധി സ്വർണവിലയെ സ്വാധീനിച്ചു. സാധാരണഗതിയിൽ യുദ്ധസമാനമായ സാഹചര്യങ്ങളിൽ സ്വർണവില ഉയരാറുണ്ടെങ്കിലും ഇത്തവണ പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായപ്പോൾ സ്വർണത്തിന് ആ മേധാവിത്വം നിലനിർത്താനായില്ല. സംഘർഷ പശ്ചാത്തലത്തിൽ ഡോളർ ശക്തിപ്പെട്ടതോടെ മറ്റ് കറൻസികൾ ഉപയോഗിച്ച് സ്വർണം വാങ്ങുന്നവർക്ക് വലിയ ചെലവേറി. ഇത് ആഗോള-ആഭ്യന്തര വിപണികളിൽ സ്വർണത്തിന്റെ ആവശ്യകത കുറയ്ക്കുകയും വില ഇടിയാൻ കാരണമാവുകയും ചെയ്തു. കഴിഞ്ഞ അഞ്ചുമാസത്തിനിടെ മാത്രം 19 ശതമാനത്തിന്റെ കുറവാണ് സ്വർണവിലയിലുണ്ടായത്. ശനിയാഴ്ച പവന് 1,05,560 രൂപയിലായിരുന്നു വ്യാപാരം.
അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 4,088 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടന്നത്.
Content Highlights: Silver prices hit a 2026 low of 240 rupees per gram., Gold prices dropped 19% over the last five months, reaching 1,05,560 rupees per sovereign., A stronger US dollar and Federal Reserve interest rate expectations are driving the decline., Geopolitical tensions in the Middle East have failed to boost gold demand as expected., Market instability is projected to continue in the coming days.
Published: 28 Jun 2026, 08:03 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented