ശ്രീനഗര്‍: പുതിയ രാഷ്ട്രീയ അധ്യായത്തിന് തുടക്കമിട്ടുകൊണ്ട് ജമ്മു കശ്മീരില്‍ ഗുലാം നബി ആസാദിന്റെ മെഗാ റാലി. നാല് പതിറ്റാണ്ട് നീണ്ട കോണ്‍ഗ്രസ് ബന്ധം കഴിഞ്ഞ ആഴ്ചയാണ് ഗുലാം നബി ഉപേക്ഷിച്ചത്. പുതിയ പാര്‍ട്ടിയുടെ പേരും കൊടിയും ജനങ്ങള്‍ തീരുമാനിക്കുമെന്ന് ജമ്മുവിലെ സൈനിക ഗ്രൗണ്ടില്‍ ഒരുമിച്ചുകൂടിയ തന്റെ അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് ആസാദ് പറഞ്ഞു. തന്റെ പുതിയ പാര്‍ട്ടി ആദ്യം ജമ്മു കശ്മീര്‍ കേന്ദ്രീകരിച്ചാകും പ്രവര്‍ത്തിക്കുകയെന്ന് ആസാദ് നേരത്തെ പറഞ്ഞിരുന്നു.

To advertise here,

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ വിമര്‍ശനം ഗുലാം നബി ഇന്നും ആവര്‍ത്തിച്ചു. 'കോണ്‍ഗ്രസ് നിര്‍മിച്ചത് ഞാനടക്കമുള്ളവരുടെ രക്തം കൊണ്ടാണ്. അല്ലാതെ കമ്പ്യൂട്ടറും ട്വിറ്റും ഉപയോഗിച്ചല്ല. അവര്‍ ഞങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. കമ്പ്യൂട്ടറിലും ട്വിറ്ററിലും ഒതുങ്ങി കൂടിയത് കൊണ്ടാണ് കോണ്‍ഗ്രസിനെ മൈതാനങ്ങളില്‍ കാണാതാകുന്നത്' ഗുലാം നബി പറഞ്ഞു.

പാര്‍ട്ടിയുടെ പേര് ഞാന്‍ തീരുമാനിച്ചിട്ടില്ല. ജമ്മു കശ്മീരിലെ ജനങ്ങള്‍ പാര്‍ട്ടിയുടെ പേരും പതാകയും തീരുമാനിക്കും. എല്ലാവര്‍ക്കും മനസ്സിലാകുന്ന ഒരു ഹിന്ദുസ്ഥാനി പേര് ഞാന്‍ എന്റെ പാര്‍ട്ടിക്ക് നല്‍കും. സമ്പൂര്‍ണ സംസ്ഥാന പദവി, ഭൂമിയുടെ അവകാശം, സ്വദേശി താമസത്തിനുള്ള തൊഴില്‍ എന്നിവ പുനഃസ്ഥാപിക്കുന്നതില്‍ തന്റെ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കോണ്‍ഗ്രസ് വിട്ടശേഷം ആദ്യമായാണ് ഞായറാഴ്ച രാവിലെ ആസാദ് ജമ്മുവിലെത്തുന്നത്. ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പിന് ശേഷമാകും ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ശ്രദ്ധയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.