ന്യൂഡല്‍ഹി: മുതിര്‍ന്ന സിപിഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ (80) അന്തരിച്ചു. തെക്കന്‍ കൊല്‍ക്കത്തയിലെ അദ്ദേഹത്തിന്റെ വസതിയില്‍ വ്യാഴാഴ്ച രാവിലെ 8.20 ഓടെയായിരുന്നു അന്ത്യം. ബാലിഗഞ്ച് ഏരിയയിലെ രണ്ട് മുറികളുള്ള ഒരു ചെറിയ സര്‍ക്കാര്‍ അപ്പാര്‍ട്ട്മെന്റിലാണ് അദ്ദേഹം താമസിച്ചിരുന്നത്.
2000 മുതല്‍ 2011 വരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവിനെ സി.ഒ.പി.ഡി. (ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസ്)യും വാര്‍ധക്യസഹജമായ മറ്റ് രോഗങ്ങളും കുറച്ചുകാലമായി അലട്ടുന്നുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കുറച്ചുകാലമായി അദ്ദേഹം പൊതുപ്രവര്‍ത്തനത്തില്‍നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയായിരുന്നു. 2019-ലാണ് അദ്ദേഹം അവസാനമായി പൊതുപരിപാടിയില്‍ പങ്കെടുത്തത്.
Also Read
1944 മാര്‍ച്ച് ഒന്നിന് വടക്കന്‍ കൊല്‍ക്കത്തയിലാണ് ഭട്ടാചാര്യ ജനിച്ചത്. 1966-ല്‍ സിപിഎമ്മില്‍ പ്രാഥമിക അംഗമായി. 1968-ല്‍ പാര്‍ട്ടിയുടെ യുവജന സംഘടനയുടെ
പശ്ചിമബംഗാള്‍ സംസ്ഥാന ഘടകത്തിന്റെ സെക്രട്ടറിയായി. 1971-ല്‍ സിപിഎം പശ്ചിമബംഗാള്‍ സംസ്ഥാന കമ്മിറ്റിയിലേയ്ക്കും തുടര്‍ന്ന് 1982-ല്‍ സംസ്ഥാന സെക്രട്ടറിയറ്റിലേയ്ക്കും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1985-ല്‍ കേന്ദ്ര കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയും 2000-ല്‍ പോളിറ്റ് ബ്യൂറോ അംഗമാവുകയും ചെയ്തു.
1977-ല്‍ ബംഗാള്‍ മന്ത്രിസഭയിലെത്തി. 1996-ല്‍ ആഭ്യന്തര മന്ത്രിയും 1999-ല്‍ ഉപമുഖ്യമന്ത്രിയുമായ ബുദ്ധദേവ്, 2000 മുതല്‍ 2011 വരെ മൂന്ന് തവണകളായിട്ടാണ് മുഖ്യമന്ത്രിസ്ഥാനം വഹിച്ചത്. 2011-ലെ തിരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയുടെ തൃണമൂൽ കോൺഗ്രസിനോട് പരാജയപ്പെട്ട് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അദ്ദേഹം പടിയിറങ്ങിയപ്പോൾ 34 വര്‍ഷം നീണ്ടുനിന്ന ബംഗാളിലെ സിപിഎം ഭരണകാലത്തിനുകൂടിയാണ് അന്ത്യമായത്.
കവി, പ്രാസംഗികന് എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. 2022ല്‍ പത്മഭൂഷണ്‍ പുരസ്കാരം അദ്ദേഹം നിരസിച്ചിരുന്നു.
Content Highlights: Former West Bengal Chief Minister Former West Bengal Chief Minister Buddhadeb Bhattache passes away
Published: 08 Aug 2024, 10:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented