ന്യൂഡല്‍ഹി: വിരമിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് മനുഷ്യാവകാശ കമ്മിഷന്റെ തലപ്പത്തേക്കെന്ന് അഭ്യൂഹം. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനായി ചന്ദ്രചൂഢ് എത്തിയേക്കുമെന്നാണ് പ്രചരിക്കുന്ന അഭ്യൂഹം. അതേസമയം ഇക്കാര്യത്തില്‍ വ്യക്തത വരുത്തി ഡി.വൈ. ചന്ദ്രചൂഢ് തന്നെ രംഗത്തെത്തി. 

To advertise here,

വിരമിച്ച ശേഷമുള്ള ജീവിതം സ്വകാര്യ വ്യക്തിയെന്ന നിലയില്‍ താന്‍ ആസ്വദിക്കുകയാണെന്നും പ്രചരിക്കുന്നത് കിംവദന്തികള്‍ മാത്രമാണെന്നുമാണ് ചന്ദ്രചൂഢ് പറഞ്ഞത്. എന്‍.ഡി.ടി.വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതേക്കുറിച്ച് തന്നോട് ആരും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് അരുണ്‍ മിശ്ര ജൂണ്‍ ഒന്നിന് സ്ഥാനമൊഴിഞ്ഞശേഷം ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരടങ്ങുന്ന ഉന്നതതല സമിതി ബുധനാഴ്ച യോഗം ചേര്‍ന്നിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ തലപ്പത്തേക്കുള്ളവരുടെ പേരുകള്‍ പരിഗണിക്കാനായിരുന്നു യോഗം.