ന്യൂഡൽഹി: ഈ വർഷം ജനുവരിക്ക് ശേഷം രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും മോശം വായുഗുണനിലവാരത്തിലെത്തി രാജ്യതലസ്ഥാനം. ദീപാവലി ആഘോഷത്തെത്തുടർന്ന് ഡൽഹിയുടെ പല പ്രദേശങ്ങളിലും വായുമലിനീകരണത്തിന്റെ തോത് ലോകാരോഗ്യ സംഘടന മാർഗ്ഗനിർദ്ദേശങ്ങളെക്കാൾ വളരെ ഉയർന്ന അളവിലാണ്. ദീപാവലി കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും വായു മലിനീകരണം അസാധാരണമായ ഉയർന്ന നിലയിൽ തുടരുന്നത് ആശങ്ക വർധിപ്പിക്കുന്നതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

To advertise here,

സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ നടത്തിയ പഠനം അനുസരിച്ച്, ദീപാവലി ദിനത്തിൽ നഗരത്തിലെ ശരാശരി PM സാന്ദ്രത (Particulate matter- വായുവിൽ തങ്ങിനിൽക്കുന്ന സൂക്ഷ്മ ഖരവസ്തുക്കളുടെയും ദ്രാവകത്തുള്ളികളുടെയും മിശ്രിതം) 228 മൈക്രോഗ്രാം പെർ ക്യൂബിക് മീറ്റർ (μg/m3 ) ആയിരുന്നു. തൊട്ടടുത്ത ദിവസം ഇത് 241 മൈക്രോഗ്രാം പെർ ക്യൂബിക് മീറ്റർ ആയി ഉയർന്നു.

ദീപാവലി രാത്രിയിൽ നെഹ്‌റു നഗറിൽ രാത്രി 9 മണിക്ക് 679 മൈക്രോഗ്രാം പെർ ക്യൂബിക് മീറ്റർ എന്ന നിലയിൽ നിന്ന്  രാത്രി 10 മണിയോടെ 1,763 മൈക്രോഗ്രാം പെർ ക്യൂബിക് മീറ്ററിലേക്ക് ഉയർന്നു. ഈ അളവ് ഡബ്ലൂ.എച്ച്.ഓയുടെ നിർദ്ദിഷ്ട അളവിനേക്കാൾ 118 മടങ്ങ് അധികമാണ്. ദീപാവലി രാത്രിയിൽ ഡൽഹി പൊലൂഷൻ കൺട്രോൾ കമ്മറ്റിയുടെ 20 നിരീക്ഷണ സ്റ്റേഷനുകളിൽ 14 എണ്ണത്തിലും മണിക്കൂറിലെ പർട്ടികുലേറ്റ് മാറ്ററിന്റെ സാന്ദ്രത 1,000 കവിഞ്ഞു. കഴിഞ്ഞ വർഷം അഞ്ച് സ്റ്റേഷനുകളിൽ മാത്രമായിരുന്നു 1,000 കടന്നത്.

ആനന്ദ് വിഹാറിൽ ദീപാവലി മലിനീകരണം സാധാരണയായി കൂടുന്ന സമയമായ ഒക്‌ടോബർ 20 രാത്രി 11 മണി മുതൽ അടുത്ത ദിവസം ഉച്ചകഴിഞ്ഞ് മൂന്നുമണി വരെയുള്ള ഡാറ്റ ലഭ്യമാകാത്ത സാഹചര്യമുണ്ടായിരുന്നു. ഇത്, സാന്ദ്രത അളക്കാൻ കഴിയുന്ന ഉപകരണങ്ങളുടെ പരിധിക്ക് അപ്പുറത്തേക്ക് മലിനീകരണം ഉയർന്നതിനാലാണെന്നാണ് വിവരം.

ചൊവ്വാഴ്ച ഡൽഹി രാജ്യത്തെ ഏഴാമത്തെ ഏറ്റവും മലിനമായ വായുവുള്ള നഗരമായിരുന്നു. ഹരിയാണയിലെ ജിന്ദ് (412), ധരുഹേര (298), ഗുഡ്ഗാവ് (290), നർനൗൾ (266), ബഹദൂർഗഡ് (247), രാജസ്ഥാനിലെ ഭീവാഡി (244) എന്നിവയാണ് ഡൽഹിയേക്കാൾ ഉയർന്ന മലിനീകരണമുള്ള നഗരങ്ങൾ. റോഹ്തക് (223), നോയിഡ (218), ഗാസിയാബാദ് (207) എന്നിവയും ഏറ്റവും മലിനമായ ആദ്യത്തെ 10 നഗരങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്.

മലിനീകരണ കണികകൾ എത്രത്തോളം ചെറുതാകുന്നുവോ അത്രത്തോളം ആരോഗ്യപരമായ അപകടസാധ്യതകൾ വർദ്ധിക്കുമെന്ന് വിദഗ്ധർ പറയുന്നു. പിഎം കണികകൾക്ക് എളുപ്പത്തിൽ രക്തത്തിൽ പ്രവേശിക്കാൻ സാധിക്കുമെന്നും ഇത് ശരീരത്തിലെ വിവിധ അവയവങ്ങളെ ബാധിക്കുമെന്നും സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ അനുമിത റോയ് ചൗധരിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.