ജയ്പുര്‍: അര്‍ധ അതിവേഗ ട്രെയിനായ വന്ദേഭാരത് എക്‌സ്പ്രസ് ആര് ഓടിക്കുമെന്ന തര്‍ക്കത്തെ തുടര്‍ന്ന് ലോക്കോ പൈലറ്റുമാര്‍ തമ്മില്‍ കൂട്ടയടി. രാജസ്ഥാനിലെ ഗംഗാപുര്‍ സിറ്റി ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. പുതുതായി സര്‍വീസ് ആരംഭിച്ച ആഗ്ര-ഉദയ്പുര്‍ വന്ദേഭാരത് എക്‌സ്പ്രസ് ഓടിക്കുന്നത് സംബന്ധിച്ച അവകാശത്തര്‍ക്കമാണ് അടിയില്‍ കലാശിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായി. 

To advertise here,

ആഗ്ര റെയില്‍വേ ഡിവിഷനിലേയും കോട്ട ഡിവിഷനിലേയും ജീവനക്കാരാണ് തമ്മിലടിച്ചത്. വന്ദേഭാരത് ഓടിക്കാന്‍ നിയോഗിക്കപ്പെട്ട ലോക്കോ പൈലറ്റിനും അസിസ്റ്റന്റ് ലോക്കോ പൈലറ്റിനും സംഭവത്തില്‍ പരിക്കേറ്റു. കാബിനിലേക്ക് ഇരച്ചുകയറിയ സംഘം ഇരുവരേയും പുറത്തേക്കിടുകയും മര്‍ദ്ദിക്കുകയുമായിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ സംഘര്‍ഷം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതും വൈറലായ വീഡിയോ ദൃശ്യത്തിലുണ്ട്. 

ആഗ്രയില്‍നിന്നുള്ള ലോക്കോ പൈലറ്റും അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാണ് വന്ദേഭാരത് നിയന്ത്രിച്ചിരുന്നത്. ട്രെയിന്‍ ഗംഗാപുര്‍ ജങ്ഷന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ അവിടത്തെ ജീവനക്കാര്‍ ഇവരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയും ട്രെയിന്‍ തങ്ങള്‍ ഓടിക്കാമെന്ന് പറയുകയും ചെയ്തു. എന്നാല്‍ ഇരുവരും വിസമ്മതിക്കുകയും കബിന്‍ അകത്ത് നിന്ന് പൂട്ടുകയുമായിരുന്നുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതോടെ പ്രകോപിതരായ ഗംഗാപുര്‍ സ്റ്റേഷനിലെ ജീവനക്കാര്‍ അക്രമാസക്തരാകുകയായിരുന്നു. തുടര്‍ന്ന് കാബിനിന്റെ ചില്ലും വാതിലിന്റെ ലോക്കും തകര്‍ത്ത് ഇവര്‍ അകത്തുകടന്നു. ഇതിന് ശേഷമാണ് രണ്ട് ലോക്കോ പൈലറ്റുമാരെയും പുറത്തേക്കിട്ട് മര്‍ദ്ദിച്ചത്. എക്‌സില്‍ പോസ്റ്റ് ചെയ്ത സംഘര്‍ഷത്തിന്റെ വീഡിയോ ഇതിനകം ലക്ഷക്കണക്കിന് പേരാണ് കണ്ടത്.