
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി. ശനിയാഴ്ച ഉച്ചയ്ക്കുശേഷം കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയില്‍ പുതുച്ചേരിക്കു സമീപം കരതൊടും.
ചെന്നൈയില്‍നിന്ന് 260 കിലോമീറ്റര്‍ അകലെയുള്ള 'ഫെൻഗൽ' ചുഴലിക്കാറ്റ് കരതൊടുമ്പോള്‍ 90 കിലോമീറ്റര്‍ വേഗമുണ്ടാകും. ചെന്നൈ, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍, വിഴുപുരം, കള്ളക്കുറിച്ചി, കടലൂര്‍ ജില്ലകളില്‍ ചുവപ്പു ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറില്ലെന്നും തീവ്ര ന്യൂനമര്‍ദമായാണ് കരയില്‍ കടക്കുകയെന്നും വ്യാഴാഴ്ച അറിയിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30-ഓടെയാണ് ന്യൂനമര്‍ദം ചുഴലിക്കാറ്റായത്. ഇത് മണിക്കൂറില്‍ 13 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചരിച്ചിരുന്നത്. ശനിയാഴ്ച കരയോടടുക്കുമ്പോള്‍ മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ വേഗമുണ്ടാകും.
കടലൂര്‍ മുതല്‍ ചെന്നൈ വരെയുള്ള തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാണ്. കടക്കരയില് പോകരുതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ജനങ്ങള്‍ കഴിയുന്നതും വീട്ടില്‍ത്തന്നെ കഴിയണം. കാറ്റില്‍ വൈദ്യുതക്കമ്പി പൊട്ടാനും മരങ്ങള്‍ കടപുഴകാനും സാധ്യതയുണ്ട്.
മിന്നലോടുകൂടിയാണ് കനത്ത മഴ പെയ്യുക. എല്ലാ അത്യാവശ്യ സാധനങ്ങളും വീട്ടില്‍ ശേഖരിച്ചു വെക്കണമെന്നും അധികൃതര്‍ അറിയിച്ചു. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗമുണ്ടാകുമെന്നതിനാല്‍ കടലോരങ്ങളില്‍ കനത്ത നാശനഷ്ടങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റവന്യൂവകുപ്പ് അറിയിച്ചു.
2229 ദുരന്തനിവാരണ കേന്ദ്രങ്ങള്‍ തയ്യാറാക്കി
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദം ശനിയാഴ്ച വൈകീട്ടോടെ ചുഴലിക്കാറ്റായി മാറുമെന്ന കാലാവസ്ഥാ അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഒന്‍പതുജില്ലകളിലായി ജനങ്ങളെ മാറ്റിത്താമസിപ്പിക്കാനായി 2229 ദുരിതാശ്വാസകേന്ദ്രങ്ങള്‍ തയ്യാറാക്കിയതായി റവന്യുമന്ത്രി കെ.കെ.എസ്.ആര്. രാമചന്ദ്രന് അറിയിച്ചു.
നാഗപട്ടണം, മൈലാടുതുറൈ, തിരുവാരൂര്‍, തഞ്ചാവൂര്‍, കടലൂര്‍, ചെന്നൈ, ചെങ്കല്‍പ്പെട്ട്, തിരുവള്ളൂര്‍, കാഞ്ചീപുരം എന്നീ ജില്ലകളിലായാണ് ദുരിതാശ്വാസകേന്ദ്രങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.
നിലവില്‍ തിരുവാരൂര്‍, നാഗപട്ടണം എന്നീ ജില്ലകളിലെ ആറുകേന്ദ്രങ്ങളിലായി 164 കുടുംബങ്ങളിലെ 471 പേര് കഴിയുന്നുണ്ട്.
ചുഴലിക്കാറ്റുവീശാന്‍ സാധ്യതയുള്ള ജില്ലകളിലെ രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ, സംസ്ഥാന ദുരന്തനിവാരണസേനകള്‍ സജ്ജമാണ്. ശനിയാഴ്ച ചുഴലിക്കാറ്റും മഴയുമുണ്ടാകുമെന്ന അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ വെള്ളക്കെട്ടില്‍ അകപ്പെടുന്നവരെ രക്ഷിക്കാന്‍ 806 ബോട്ടുകള്‍, മണ്ണിടിച്ചലുണ്ടായാല്‍ മണ്ണ് നീക്കംചെയ്യാന്‍ 1193 ജെ.സി.ബി.കള്‍, വൈദ്യുതവിതരണത്തിനായി 977 ജനറേറ്ററുകള്‍ എന്നിവ വിവിധജില്ലകളിലായി സജ്ജമാക്കിയിട്ടുണ്ട്.
കാറ്റില്‍ കടപുഴകിവീഴുന്ന മരങ്ങള്‍ മുറിച്ചുമാറ്റാനായുള്ള 1786 യന്ത്രങ്ങളുമുണ്ടാകും. വെള്ളക്കെട്ടുണ്ടായാല്‍ പമ്പുചെയ്ത് നീക്കാനായി 2439 മോട്ടോര്‍ സെറ്റുകളുമുണ്ടാകും.
ന്യൂനമര്‍ദം ചുഴലിക്കാറ്റായിമാറി കരയില്‍ കടക്കുമെന്നതിനാല്‍ കടലില്‍പ്പോയ 4153 ബോട്ടുകള്‍ കരയിലേക്ക് തിരിച്ചെത്തിയതായി മന്ത്രി അറിയിച്ചു. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് മഴപെയ്യാന്‍ സാധ്യതയുള്ള എല്ലാജില്ലകളിലും ശനിയാഴ്ചയും കളക്ടര്‍മാരുടെയും ജില്ലാ പോലീസ് സൂപ്രണ്ടുമാരുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
24 മണിക്കൂറും അവശ്യസാധനങ്ങള്‍ വിതരണംചെയ്യാനുള്ള എല്ലാനടപടികളും സ്വീകരിക്കണമെന്നും മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശംനല്‍കിയിട്ടുണ്ട്.
Content Highlights: Cyclone Fengal to hit Chennai coast on Saturday.
Published: 30 Nov 2024, 09:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented