ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയ പരീക്ഷണത്തിന്റെ കേന്ദ്രബിന്ദുവായ അയോധ്യയില്‍ (ഫൈസാബാദ്) അന്തിമഫലം അവര്‍ക്ക് ശോകം വിതച്ചപ്പോള്‍ താരപരിവേഷം കൈവന്നിരിക്കുന്നത് സമാജ്‌വാദിയുടെ 'ജയന്റ് കില്ലര്‍' അവധേഷ് പ്രസാദിന്. ഫൈസാബാദ്
ലോക്‌സഭാ മണ്ഡലത്തിലുള്‍പ്പെട്ട മില്‍കിപുര്‍ നിയമസഭാ മണ്ഡലത്തിലെ സിറ്റിങ് എം.എല്‍.എയായ അവധേഷ് ജനപ്രിയനായ ദളിത് മുഖം. ജനറല്‍ സീറ്റില്‍ ദളിത് സ്ഥാനാര്‍ഥിയെ ഇറക്കി സമാജ്‌വാദി നടത്തിയ ധീരപരീക്ഷണം ബി.ജെ.പിക്ക് ദുരന്തം സമ്മാനിച്ചതിനാല്‍ പാര്‍ലമെന്റ് സമ്മേളനത്തിനെത്തിയ അവധേഷിന് ഡല്‍ഹിയില്‍ ലഭിക്കുന്നത് താരപരിവേഷം.
പുതിയ എം.പിമാര്‍ക്ക് താല്‍ക്കാലിക താമസമൊരുക്കിയ ജന്‍പഥ് റോഡിലെ വെസ്റ്റേണ്‍കോട്‌സ് സമുച്ചയത്തില്‍ ആളുകള്‍ അവധേഷിനെ പൊതിയുന്നു, സെല്‍ഫിയെടുക്കാന്‍ മത്സരിക്കുന്നു. 'അങ്ങയുടെ വിജയം ലോകത്തെ തന്നെ ഏറ്റവും വലിയ സംഭവമാണ് ' മുന്നില്‍ വന്നുപെട്ട ഒരു ആരാധകന്‍ പറഞ്ഞപ്പോള്‍ അവധേഷ് പ്രസാദ് പുഞ്ചിരിയോടെ അയാളെ ചേര്‍ത്തുപിടിച്ചു.
വോട്ടര്‍മാരില്‍ 85 ശതമാനവും ഗ്രാമീണരായിട്ടുള്ള ഫൈസബാദ് മണ്ഡലം ബി.ജെ.പിയുടെ കോട്ടയൊന്നുമായിരുന്നില്ല. എന്നാല്‍ 2014-ലും 19-ലും തുടര്‍വിജയം നേടിയ ബി.ജെ.പിയുടെ ലല്ലുസിങിന്റെ തോല്‍വിയുടെ ആഘാതം കൂട്ടുന്നത് അത് ആഘോഷമായ രാമക്ഷേത്ര ഉദ്ഘാടനശേഷമുണ്ടായ തോല്‍വിയായതിനാലാണ്. അവധേഷ് മാതൃഭൂമിയോട് വിജയത്തെപ്പറ്റി പറഞ്ഞു:
? ജയിക്കുമെന്ന പ്രതീക്ഷ ആദ്യമേ ഉണ്ടായിരുന്നോ
അതെ. തുടക്കത്തിലേ പ്രതീക്ഷിച്ചിരുന്നു. ആദരണീയനായ അഖിലേഷ് യാദവ് ഒരു വര്‍ഷം മുമ്പുതന്നെ എന്നോട് പറഞ്ഞു. ബി.ജെ.പിയില്‍ നിന്ന് ഇനിയാര് മത്സരിച്ചാലും അയോധ്യയില്‍ നിന്ന് താങ്കള്‍ മാത്രമേ വിജയിക്കൂ എന്ന്. താങ്കള്‍ തന്നെ ഇവിടെ മത്സരിക്കണമെന്ന് പറഞ്ഞു. ആ പ്രവചനം ശരിയായി.
? ഈ ആത്മവിശ്വാസത്തിന് കാരണമെന്തായിരുന്നു
മണ്ഡലത്തിലെ സത്യസന്ധരായ വോട്ടര്‍മാര്‍ തന്നെ ആത്മവിശ്വാസത്തിന് പ്രധാന കാരണം. ഭീംറാവു അംബേദ്കറുടെ ആശയങ്ങള്‍ ജനങ്ങള്‍ നല്ലതുപോലെ ഉള്‍ക്കൊള്ളുന്നു അയോധ്യയില്‍. ഈ സര്‍ക്കാര്‍ ഇവിടെ ഒരു കാര്യവും ചെയ്തിട്ടില്ല. കര്‍ഷകരെ പൂര്‍ണമായും അവഗണിച്ചു. അങ്ങനെ നിരവധി കാരണങ്ങളുണ്ട്.
? അയോധ്യ ജനറല്‍ മണ്ഡലമായിട്ടും, ദളിത് വിഭാഗത്തില്‍ നിന്നൊരാളെ സമാജ് വാദി പരിഗണിച്ചതിന് കാരണം
കാരണം യാഥാര്‍ഥ്യമായി ഇപ്പോള്‍ താങ്കളുടെ മുന്നില്‍ നില്‍ക്കുകയല്ലേ. ഇത് ജനറല്‍ സീറ്റാണ്. ഈ സീറ്റ് ലോകമാകെ ശ്രദ്ധിച്ച മണ്ഡലമാണല്ലോ. ജനങ്ങള്‍ ഇവിടെ മത, ജാതി, വര്‍ണ പരിഗണന നോക്കാതെ എനിക്ക് അനുകൂലമായി വോട്ട് ചെയ്തു, വിജയിപ്പിച്ചു. അവര്‍ എന്നിലുള്ള വിശ്വാസമാണ് പ്രകടിപ്പിച്ചത്.
? അയോധ്യയില്‍ രാമക്ഷേത്ര ഉദ്ഘാടനം നടത്തിയ ബി.ജെ.പിക്ക് ഇത്തവണത്തെ തിരഞ്ഞെടുപ്പ് വലിയ അഭിമാന പോരാട്ടമായിരുന്നു. അവിടെയാണ് പരാജയപ്പെട്ടത്
അവിടെ തെളിയിക്കപ്പെട്ടത് യഥാര്‍ഥ രാമഭക്തന്‍ ആരാണെന്നതാണ്. യഥാര്‍ഥ രാമഭക്തര്‍ സമാജ് വാദി പാര്‍ട്ടിയാണ്. അതിന്റെ നേതാവ് അഖിലേഷ് യാദവാണ്. സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകരാണ്. അവിടെ വിജയിച്ച ഞാനാണ്. ബി.ജെ.പിക്കാര്‍ രാമഭക്തിയുടെ പേരില്‍ കച്ചവടം നടത്തുന്നവരാണ്. ഈ തോല്‍വി ഏതെങ്കിലുമൊരു വ്യക്തിയുടേതല്ല. മറിച്ച് ബി.ജെ.പിയുടെ ചിന്താഗതിയുടെയും കപടതയുടെയും തോല്‍വിയാണ്. അംബേദ്കറുടെ തത്വങ്ങള്‍ക്കുള്ള അംഗീകാരമാണ്. ജനാധിപത്യത്തിന്റെ വിജയമാണ്. ദരിദ്രരുടെ വിജയമാണ്.
? മണ്ഡലം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെന്തൊക്കെ
നിരവധി പ്രശ്‌നങ്ങളുണ്ട്. അയോധ്യയില്‍ മാത്രമല്ല, രാജ്യമാകെ ഉണ്ടല്ലോ. വിലക്കയറ്റമുണ്ട്, തൊഴിലില്ലായ്മയുണ്ട്. രാജ്യത്തെ സൈന്യത്തെ അവഹേളിച്ച അഗ്‌നിവീര്‍ പദ്ധതിയുണ്ട്. ഈ വിഷയങ്ങളെല്ലാം ഇത്തവണ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ട്. രാജ്യത്തെ ദുരിതത്തില്‍ നിന്ന് രക്ഷിക്കാന്‍ അംബേദ്കര്‍ വിഭാവനം ചെയ്ത ഭരണഘടനയെ രക്ഷിക്കാന്‍, അഖിലേഷ് യാദവും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന നേതൃത്വം നടത്തിയ പോരാട്ടമാണ് വിജയത്തിലേക്കെത്തിച്ചത്.
? അയോധ്യ ക്ഷേത്രനഗരമാക്കി വികസിപ്പിച്ച് വലിയ വികസനമാണ് ബി.ജെ.പി അവകാശപ്പെട്ടത്
ഇപ്പോഴും അവിടെ ക്ഷേത്രം പണി പോലും പൂര്‍ത്തിയായിട്ടില്ല.
? താങ്കള്‍ എം.എല്‍.എയായ മില്‍കിപൂരില്‍ ഉപതിരഞ്ഞെടുപ്പില്‍ എന്ത് സംഭവിക്കും
101 ശതമാനം സമാജ് വാദി പാര്‍ട്ടി വിജയിക്കും. ഒരു സംശയവുമില്ല.
Content Highlights: faizabad mp avadhesh prasad interview
Published: 26 Jun 2024, 08:07 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented