ബെംഗളൂരു: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ വിശ്വാസയോഗ്യമെന്ന് കർണാടകയിലെ സർവ്വേ റിപ്പോർട്ട്. 2024 ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  'നോളജ്, ആറ്റിറ്റ്യൂഡ് ആൻഡ് പ്രാക്ടീസ് (കെഎപി)' എന്ന പേരിൽ നടത്തിയ സർവ്വേയിലാണ് ജനങ്ങൾക്ക് ഇവിഎമ്മുകളെ വിശ്വാസമാണെന്നുള്ള റിപ്പോർട്ടുള്ളത്.

To advertise here,

പ്രതികരിച്ചവരിൽ 83.61% പേർ ഇവിഎമ്മുകൾ വിശ്വസനീയമാണെന്ന് കരുതുന്നവരാണ്‌.ഇതിൽ  69.39%  ഇവിഎം ഫലങ്ങൾ കൃത്യമാണെന്ന് വിശ്വസിക്കുമ്പോൾ 14.22% പേർ ശക്തമായി ഇവിഎമ്മിൽ വിശ്വാസമർപ്പിക്കുന്നതായി സർവേ പറയുന്നു.

കർണാടകയിലെ ബെംഗളൂരു, ബെലഗാവി, കലബുറഗി, മൈസൂരു എന്നീ തുടങ്ങി 102 നിയമസഭാ മണ്ഡലങ്ങളിൽ നിന്നുള്ള 5,100 പേരെയാണ് ഈ സർവ്വേയ്ക്കായി തിരഞ്ഞെടുത്തത്. സർവ്വേ ഫലങ്ങൾ ചൂണ്ടിക്കാട്ടി ബിജെപി രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി ആരോപണത്തെ ശക്തമായി വിമർശിച്ചു.

ഇവിഎം അട്ടിമറിയിലൂടെ വോട്ട് മോഷണം നടക്കുന്നു എന്ന രാഹുൽ ഗാന്ധിയുടെ നിരന്തരമായ ആരോപണങ്ങൾക്കുള്ള മറുപടിയാണ് ഈ സർവ്വേ ഫലമെന്ന് ബിജെപി നേതാവ് ആർ. അശോക് പറഞ്ഞു. ഇന്ത്യയുടെ ജനാധിപത്യം അപകടത്തിലാണെന്നും സ്ഥാപനങ്ങളെ വിശ്വസിക്കാൻ കഴിയില്ലെന്നുമുള്ള കോൺഗ്രസിന്റെ പ്രചാരണത്തിന് കർണാടക ജനത നൽകിയ തിരിച്ചടിയാണിതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഈ കണ്ടെത്തലുകൾ കോൺഗ്രസിനേറ്റ കനത്ത പ്രഹരമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സർവ്വേ ഫലങ്ങളോട് പ്രതികരിച്ച കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ ബിജെപിയുടെ അവകാശവാദങ്ങളെ ചോദ്യം ചെയ്തു. ഇത് കർണാടക സർക്കാരിന്റെ സർവ്വേയല്ലെന്നും, തിരഞ്ഞെടുപ്പ് കമ്മിഷന്റെ സിഇഒ നടത്തിയ സർവ്വേ ഒരു സർക്കാർ ഏജൻസി പ്രസിദ്ധീകരിച്ചു എന്ന് മാത്രമേയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ഈ സർവ്വേ ഉയർത്തിക്കാട്ടുന്ന ബിജെപി, അലന്ദ് മണ്ഡലത്തിലെ വോട്ട് മോഷണത്തെക്കുറിച്ചുള്ള ആരോപണങ്ങളിൽ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നും ഖാർഗെ ചോദിച്ചു.