ന്യൂഡൽഹി: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയരേഖകളിൽ ഇന്ത്യൻ പെൺകുട്ടിയും ഇരയായിരുന്നെന്ന് വെളിപ്പെടുത്തൽ. ഇരകൾക്കുള്ള നഷ്ടപരിഹാര നിധിയിൽനിന്ന് സഹായധനം നൽകുന്നതിനായി അവരെ കണ്ടെത്താൻ യു.എസ്. അധികൃതർ ശ്രമിച്ചതായി ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് പുറത്തുവിട്ട ഔദ്യോഗിക ഇ-മെയിൽ രേഖകൾ വ്യക്തമാക്കുന്നു.

To advertise here,

2020 ജനുവരി 13-ലെ യു.എസ്. അധികൃതരുടെ ഇ-മെയിലിലാണ് ഇന്ത്യയിലുള്ള ഇരയെ കണ്ടെത്താൻ എംബസിയുമായി സഹകരിക്കണമെന്ന് അഭ്യർഥിച്ചിട്ടുള്ളത്. ഇന്ത്യയിലുള്ള വ്യക്തിയുടെ വിലാസവും ബന്ധപ്പെടാനുള്ള വിവരങ്ങളും ലഭിച്ചാൽ, എംബസി സഹപ്രവർത്തകരുമായി സഹകരിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് മെയിലിൽ വ്യക്തമാക്കുന്നു.

എപ്‌സ്റ്റീന്റെ 2019 ഓഗസ്റ്റിലെ മരണത്തിനുശേഷമാണ് ഈ മെയിലിടപാട് നടന്നത്. ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ചും പരാമർശമുണ്ട്. ന്യൂയോർക്ക് ക്രൈം വിക്ടിംസ് കോംപൻസേഷൻ പദ്ധതിയിൽ അപേക്ഷ സമർപ്പിക്കാൻ നിർദേശിച്ചതോടൊപ്പം, ആവശ്യമായ എഫ്.ബി.ഐ. നടപടികൾക്ക് സഹായം നൽകുമെന്നും പറയുന്നു. ഇരയുടെ വ്യക്തിവിവരങ്ങൾ സുരക്ഷാകാരണങ്ങളാൽ പുറത്തുവിട്ടിട്ടില്ല.

പുറത്തുവന്ന മറ്റ് ഇ-മെയിലുകളിൽ ഇന്ത്യയിലെ മറ്റു ചില വ്യക്തികളെക്കുറിച്ചും പരാമർശമുണ്ട്. 2014-ൽ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്, അന്നത്തെ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധനുമായി കൂടിക്കാഴ്ച ലക്ഷ്യമിട്ടെന്നുള്ള പരാമർശവും ഉണ്ട്. പ്രമുഖ പി.ആർ. കമ്പനി പ്രമോട്ടറായ ദിലീപ് ചെറിയാനുമായി കൂടിക്കാഴ്ചയ്ക്ക് താത്‌പര്യമുണ്ടോയെന്ന് ചോദിക്കുന്നതടക്കം ഇന്ത്യൻ വ്യവസായരംഗത്തെ പ്രമുഖരുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങളും ഉൾപ്പെടുന്നു. ഇന്ത്യയിലെ ചില ബിസിനസ് വിഷയങ്ങളെയും മാധ്യമ റിപ്പോർട്ടുകളെയും കുറിച്ചുള്ള ചർച്ചകളുമുണ്ട്.