ന്യൂഡൽഹി: യഥാർഥ ശമ്പളത്തെ അടിസ്ഥാനമാക്കിയുള്ള ഉയർന്ന പി.എഫ്. പെൻഷൻ നൽകാൻ സുപ്രീംകോടതി വിധിച്ചപ്പോൾ വർഷങ്ങളുടെ നിയമപോരാട്ടം അന്തിമഫലംകണ്ടുവെന്ന് ആശ്വസിച്ചവർക്ക് തെറ്റി. 2022 നവംബർ നാലിന് സുപ്രീംകോടതിയുടെ വിധിയുണ്ടായെങ്കിലും മൂന്നര വർഷമായിട്ടും ഇതുസംബന്ധിച്ച നിയമപോരാട്ടങ്ങൾ തുടരുകയാണെന്ന് മാത്രമല്ല, സമീപഭാവിയിൽ അവസാനിക്കുമെന്ന് കരുതാനുമാവില്ല.
കേരളം ഉൾപ്പെടെ വിവിധ ഹൈക്കോടതികളിൽ നൂറുകണക്കിന് കേസുകളാണ് ഉയർന്ന പി.എഫ്. പെൻഷനുമായി ബന്ധപ്പെട്ടുള്ളത്. ഉയർന്ന പെൻഷനുവേണ്ടി ഓപ്ഷൻ നൽകാൻ സമയപരിധി നിശ്ചയിക്കാനാവില്ലെന്ന ആർ.സി. ഗുപ്താ കേസ് വിധിയുടെ ആനുകൂല്യം ആവശ്യപ്പെട്ടാണ് കേരളാ ഹൈക്കോടതിയിലെ ഭൂരിഭാഗം കേസുകളും. കൂടാതെ പെൻഷൻ ഗണ്യമായി വെട്ടിക്കുറയ്ക്കുന്ന പ്രോ റേറ്റാ രീതി, ഓപ്ഷൻ നൽകുന്നതിന് എതിരുനിൽക്കുന്ന എക്‌സംപ്റ്റഡ് ട്രസ്റ്റുകളുടെ ചട്ടങ്ങൾ എന്നിവ ചോദ്യംചെയ്യുന്ന കേസുകളും വിവിധ ഹൈക്കോടതികളിലുണ്ട്.
ഇ.പി.എഫ്. അംഗങ്ങൾക്ക് യഥാർത്ഥ ശമ്പളത്തെ അടിസ്ഥാനമാക്കിയുള്ള വിഹിതമടച്ച് ഉയർന്ന പെൻഷൻ സാധ്യമാക്കുന്ന സുപ്രീംകോടതി വിധിയുടെ അന്തസ്സത്തയെ ഇല്ലാതാക്കുന്ന പ്രോ റേറ്റാ രീതി തെറ്റാണെന്ന് രണ്ട് ഹൈക്കോടതികൾ ഇതിനകം വിധിച്ചുകഴിഞ്ഞു. പെൻഷൻ കണക്കാക്കാൻ സേവനകാലയളവിന്റെ അവസാന 60 മാസത്തെ ശരാശരി ശമ്പളമാണ് പരിഗണിക്കുക. എന്നാൽ, അതിനുപകരം പ്രോ റേറ്റാ രീതി ഉപയോഗിച്ച് സേവനകാലയളവിനെ 2014 സെപ്റ്റംബർ ഒന്നിന് മുൻപും ശേഷവും എന്ന് തരംതിരിച്ച് കണക്കാക്കുക വഴി പെൻഷൻ ഗണ്യമായി കുറയുന്നു.
കഴിഞ്ഞദിവസം ശക്തമായ വിധിയാണ് പ്രോ റേറ്റയ്‌ക്കെതിരേ പഞ്ചാബ്, ഹരിയാണ ഹൈക്കോടതിയിൽനിന്നുണ്ടായത്. പ്രോ റേറ്റാ രീതി അവലംബിക്കാൻ ആവശ്യപ്പെടുന്ന ഇ.പി.എഫ്.ഒ.യുടെ ഇ-മെയിലും സർക്കുലറും ഹൈക്കോടതി റദ്ദാക്കി. എന്നുമാത്രമല്ല, പ്രോ റേറ്റ ഉപയോഗിച്ച് കുറവുവരുത്തിയ പെൻഷന്റെ കുടിശ്ശിക എട്ട് ശതമാനം പലിശ സഹിതം നൽകാനും ഉത്തരവിട്ടു. ഹർജി നൽകാത്തവർക്കുപോലും ഈ വിധിയുടെ ആനുകൂല്യമുണ്ടാകുമെന്നും ഹൈക്കോടതി പറഞ്ഞു.
എന്നാൽ, ഈ വിധിക്കെതിരേയും ഇ.പി.എഫ്.ഒ. അപ്പീൽ നൽകുമെന്നുറപ്പാണ്. കാരണം പ്രോ റേറ്റയെ ശക്തമായി ന്യായീകരിക്കാനും ആർ.സി.ഗുപ്ത വിധിയെ എതിർക്കാനുമാണ് ഇ.പി.എഫ്.ഒ.യുടെ കേന്ദ്ര ട്രസ്റ്റീബോർഡ് യോഗത്തിന്റെ തീരുമാനം. 2014 സെപ്റ്റംബർ ഒന്നിന് മുൻപ് ഓപ്ഷൻ നൽകാതെ വിരമിച്ചവർക്കും ഉയർന്ന പെൻഷൻ സാധ്യമാക്കിയ 2016-ലെ ആർ.സി. ഗുപ്താ വിധിയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ കേസുകൾ കേരളാ ഹൈക്കോടതിയിലാണ്. അതിനാൽ, ഇ.പി.എഫ്.ഒ.യ്ക്കായി സുപ്രീംകോടതിയിൽ ഹാജരാകുന്ന അഭിഭാഷകരെത്തന്നെ കേരളാ ഹൈക്കോടതിയിൽ നിയോഗിക്കാനും തീരുമാനിച്ചിരുന്നു
Content Highlights: Ongoing legal complexities surrounding the higher PF pension scheme in 2026., Challenges against the 'Pro-Rata' calculation method that reduces pension amounts., The impact of the Punjab and Haryana High Court ruling against EPFO's pro-rata circular., Continued legal battles in Kerala High Court regarding RC Gupta case benefits., EPFO's strategy to appeal rulings and defend its current pension calculation methods.
Published: 01 Jun 2026, 04:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented