ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ പിന്നാക്ക പ്രദേശങ്ങൾ ചിത്രീകരിച്ച് അത് ഇന്ത്യൻ തലസ്ഥാനമായ ഡൽഹിയാണെന്ന് തെറ്റായി വിശേഷിപ്പിച്ച് ചൈനീസ് വ്‌ളോഗർമാർ. ധാക്കയിലെ ചേരിപ്രദേശങ്ങളിൽനിന്ന് 150-ലേറെ ചൈനീസ് പൗരന്മാർ ഇത്തരത്തിൽ ദൃശ്യങ്ങൾ ലൈവ് സ്ട്രീമിങ് ചെയ്യുന്നുണ്ടെന്ന് ബംഗ്ലാദേശി പത്രമായ പ്രഥം ആലോയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ചൈനയിലുള്ള പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് ഇവരുടെ പ്രവർത്തനം. ബംഗ്ലാദേശിലെ സാധാരണ ജീവിതദൃശ്യങ്ങൾ ഇന്ത്യയിലേതെന്ന രീതിയിൽ അവതരിപ്പിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ് ഇവർ ചെയ്യുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

To advertise here,

രണ്ട് സ്മാർട്ട്‌ഫോണുകളുമായാണ് ഇവർ ഓരോരുത്തരും എത്തുന്നത്. ഒരു ഫോൺ ലൈവ് സ്ട്രീമിങ്ങിന് ഉപയോഗിക്കും. ലൈവ് സ്ട്രീമിങ്ങിൽ എന്താണ് പറയേണ്ടത് എന്ന മുൻകൂട്ടി തയ്യാറാക്കിയ 'തിരക്കഥ' വായിക്കാനാണ് രണ്ടാമത്തെ ഫോൺ ഉപയോഗിക്കുന്നത്. പുലർച്ചെ മുതൽ രാത്രി വൈകുംവരെ ഇവർ സംപ്രേഷണം നടത്തുന്നു. ധാക്കയുടെ വടക്കുഭാഗത്തുള്ള ഉത്തറയിലെ സെക്ടർ 12, ടെക്പാറ എന്നീ പ്രദേശങ്ങളിലാണ് പ്രധാനമായും ചിത്രീകരണം. കനാലിനോട് ചേർന്നുള്ള ജനസാന്ദ്രതയേറിയതും കുറഞ്ഞ വരുമാനമുള്ളവർ താമസിക്കുന്നതുമായ ഇടമാണ് ഇവിടം. ടിൻ ഷീറ്റുകൾകൊണ്ട് നിർമിച്ച വീടുകളാണ് ഇവിടെ കൂടുതലുള്ളത്.

വഴികാട്ടികളായി നാട്ടുകാരെയും ഇവർ പണം നൽകി നിയോഗിക്കുന്നുണ്ട്. ഒരാൾക്ക് പ്രതിദിനം 700 മുതൽ 800 വരെ ബംഗ്ലാദേശി ടാക്കയാണ് നൽകുന്നത്. ഇന്ത്യൻ രൂപയിൽ ഏകദേശം 525 മുതൽ 600 രൂപവരെയാണിത്. ഇവരുടെ സഹായത്തോടെയാണ് ചൈനീസ് പൗരന്മാർ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത്. പ്രഥം ആലോയോട് സംസാരിക്കാൻ മിക്കവരും തയ്യാറായില്ല. ചിലർ പേര്, ദേശീയത തുടങ്ങിയ വിവരങ്ങൾ മാത്രമാണ് വെളിപ്പെടുത്തിയത്.

വഴികാട്ടിയുടെ നിർബന്ധത്തെത്തുടർന്ന് ഫാങ്യു എന്ന ചൈനീസ് പൗരൻ ഇത്തരത്തിലുള്ള ലൈവ് സ്ട്രീമിങ്ങിനെക്കുറിച്ച് പ്രതികരിച്ചു. ഉത്പന്നങ്ങളുടെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇത്തരം ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നതെന്നാണ് ഇയാൾ പറഞ്ഞത്. ചൈന ആസ്ഥാനമായുള്ള വീചാറ്റ്, ഡൗയിൻ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഇവ സംപ്രേഷണം ചെയ്യുന്നത്. ചൈനയിൽ ഉപയോഗിക്കുന്ന ടിക്‌ടോക്കിന്റെ പതിപ്പാണ് ഡൗയിൻ.

ഇവരുടെ ലൈവ് സ്ട്രീമിങ്ങിനിടെ പറയുന്ന കാര്യങ്ങൾ ഗൂഗിൾ പരിഭാഷയിലൂടെ പരിശോധിച്ചപ്പോൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി വ്യക്തമായെന്ന് റിപ്പോർട്ടിൽ പറയുന്നു. ചൈനീസ് ഭാഷ അറിയുന്ന നാല് ബംഗ്ലാദേശി പൗരന്മാരും ഈ പരിഭാഷകൾ പരിശോധിച്ച് സ്ഥിരീകരിച്ചു. മിയാൻമിയാൻ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു ചൈനീസ് യുവതി ടിൻ ഷീറ്റുകൾകൊണ്ടുള്ള വീടുകൾ കാണിച്ചുകൊണ്ട് ഇത് ഡൽഹിയാണെന്ന് പ്രേക്ഷകരോട് പറഞ്ഞു. ഇവിടുത്തെ വീടുകൾ അങ്ങേയറ്റം വൃത്തിഹീനമാണെന്നും ക്രമസമാധാനനില മോശമാണെന്നും യുവതി അവകാശപ്പെട്ടു.

ചായക്കടകൾക്ക് സമീപമുള്ള ഒരു പാലത്തിൽനിന്ന് വാങ് വെയ് എന്ന മറ്റൊരു ചൈനീസ് പൗരൻ നടത്തിയ സംപ്രേഷണവും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. മലിനമായ നദീജലം ഉപയോഗിച്ച് തയ്യാറാക്കിയ 'ഗോമൂത്ര ചായ'യാണ് പ്രദേശവാസികൾ കുടിക്കുന്നതെന്ന് ഇയാൾ പ്രേക്ഷകരോട് പറഞ്ഞു. ചിലർ തങ്ങൾ ഇന്ത്യൻ പുരുഷന്മാരെ വിവാഹം കഴിച്ച് ഈ പ്രദേശങ്ങളിൽ താമസിക്കുന്ന ചൈനീസ് സ്ത്രീകളാണെന്നും അവകാശപ്പെട്ടു. കെട്ടിടങ്ങളുടെ ചുവരുകളിൽ കാണുന്ന ചൈനീസ് എയർ കണ്ടീഷണർ ബ്രാൻഡുകളുടെ പ്രചാരണവും ഇവർ നടത്തുന്നുണ്ട്.

തുടർച്ചയായുള്ള ചിത്രീകരണവും ലൈവ് സ്ട്രീമിങ്ങും പ്രദേശവാസികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സ്വകാര്യത ലംഘിക്കുന്നതാണ് ഇവരുടെ പ്രവർത്തനമെന്നാണ് നാട്ടുകാരുടെ പരാതി. അനുവാദം ചോദിക്കാതെ വീടുകളിൽ കയറിച്ചെന്ന് ദൃശ്യങ്ങൾ പകർത്തുന്നതായി പ്രദേശവാസികൾ പ്രഥം ആലോയോട് പറഞ്ഞു. ചില സന്ദർഭങ്ങളിൽ കുളിമുറിക്കുള്ളിലെ ദൃശ്യങ്ങൾപോലും ചിത്രീകരിക്കുന്നുണ്ടെന്നാണ് പരാതി.

ഇതിനെതിരെ നാട്ടുകാർ പ്രതിഷേധിക്കുമ്പോൾ ക്ഷമാപണം നടത്തി മടങ്ങുന്ന ഇവർ പിന്നീട് വീണ്ടും അതേ വീടുകളിലേക്ക് എത്തുന്നതായും പ്രദേശവാസികൾ ആരോപിക്കുന്നു. മാസങ്ങളായി പരാതികൾ ഉയരുന്നുണ്ടെങ്കിലും പോലീസ് ഈ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയോ നിയന്ത്രിക്കുകയോ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്. ഭാഷാപ്രശ്‌നം കാരണം നടപടികൾ മുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടുണ്ടെന്ന് ഉത്തറ വെസ്റ്റ് പോലീസ് സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥൻ മുഹമ്മദ് ഖാലിദ് മൻസൂർ പ്രഥം ആലോയോട് പറഞ്ഞു. ചിത്രീകരണത്തെക്കുറിച്ച് പോലീസിന് അറിവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.