ചണ്ഡീഗഢ്: ഹരിയാനയിലെ കോണ്‍ഗ്രസ് എം.എല്‍.എയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) പരിശോധന. സോനിപത് മണ്ഡലത്തിലെ എം.എല്‍.എയായ സുരേന്ദ്ര പന്‍വാറിന്റെയും കൂട്ടാളികളുടെയും വീട്ടിലാണ് ഇ.ഡി. പരിശോധന നടത്തിയത്. ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ പാര്‍ട്ടിയുടെ (ഐ.എന്‍.എല്‍.ഡി) മുന്‍ എം.എല്‍.എ. ദില്‍ബാഗ് സിങ്ങിന്റെയും ഇയാളുടെ കൂട്ടാളികളുടെയും വീട്ടിലും ഇ.ഡി. റെയ്ഡ് നടത്തി. 

To advertise here,

ഖനി വ്യവസായി കൂടിയായ എം.എല്‍.എ. സുരേന്ദ്ര പന്‍വാറിന്റെ വീട്ടില്‍ വ്യാഴാഴ്ചയാണ് പരിശോധന ആരംഭിച്ചത്. ആറ് വാഹനങ്ങളിലായി ഇരുപതോളം ഇ.ഡി. ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കായി എത്തിയത്. സുരേന്ദ്ര പന്‍വാറിന്റെ വീട്ടില്‍നിന്ന് 300 കോടി രൂപയുടെ കറന്‍സിയാണ് ഇ.ഡി. പിടിച്ചെടുത്തത്. കൂടാതെ 300 തോക്കുകളും നൂറിലേറെ മദ്യക്കുപ്പികളും അഞ്ച് കിലോഗ്രാമോളമുള്ള സ്വര്‍ണ ബിസ്‌കറ്റുകളും ഇവിടെനിന്ന് പിടിച്ചെടുത്തു. പരിശോധനാ സമയത്ത് വീട്ടിലുണ്ടായിരുന്ന എം.എല്‍.എയുടെ കുടുംബാങ്ങളുടെയും ജീവനക്കാരുടെയും ഫോണുകളും ഇ.ഡി. പിടിച്ചെടുത്തു. 

placeholder
ഇ.ഡി. പിടിച്ചെടുത്ത സ്വർണ ബിസ്കറ്റുകൾ | Photo: ANI

യമുനാനഗര്‍, സോനിപത്, മൊഹാലി, ഫരീദാബാദ്, ചണ്ഡീഗഢ്, കര്‍നാല്‍ എന്നിവിടങ്ങളിലെ 20 കേന്ദ്രങ്ങളിലാണ് ഇ.ഡി. പരിശോധന നടത്തിയത്. 2013-ലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ഇ.ഡി. പരിശോധന. ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചതിന് ശേഷവും യമുനാനഗറിലും സമീപജില്ലകളിലുമായി പാറ, ചരല്‍, മണല്‍ ഖനനം തുടര്‍ന്നതിന് ഹരിയാന പോലീസ് അന്ന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡിയും കേസെടുത്തത്.